അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ജീവിതത്തിന്റെ നിസ്സഹായതകളുടെ മുമ്പില്‍ നാം നിലവിളിക്കാറുണ്ട്. യാതനകളുടെയും വേദനകളുടെയും നെരിപ്പോടുകളില്‍ നീറിപ്പുകയുമ്പോഴും നിലവിളികളുടെ നീണ്ട പാതകളിലൂടെ കടന്നുപോകുമ്പോഴും യഹോവയിങ്കലേക്കു നോക്കുവാന്‍ കൂട്ടാക്കാതെ, തങ്ങളുടെ യുക്തിയിലും ബുദ്ധിയിലും സമാധാനവും പരിഹാരവും തേടുവാനാണ് പലപ്പോഴും ദൈവമക്കളെന്ന് അവകാശപ്പെടുന്നവര്‍പോലും ശ്രമിക്കുന്നത്. നിസ്സഹായതയില്‍ തന്റെ സന്നിധിയിലേക്കു മാത്രം നോക്കി നിലവിളിക്കുന്ന തന്റെ ജനത്തെ വിടുവിക്കുവാന്‍ കാലാകാലങ്ങളില്‍ ദൈവം വ്യക്തികളെ എഴുന്നേല്പിക്കുന്നു. ''മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ നിശ്ചയമായും കണ്ടിരിക്കുന്നു; ദുഷ്ടന്മാരായ മേലധികാരികള്‍ നിമിത്തമുള്ള അവരുടെ നിലവിളി ഞാന്‍ കേട്ടിരിക്കുന്നു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു'' (പുറപ്പാട് 3 : 7) എന്നരുളിച്ചെയ്തുകൊണ്ടാണ് മിസ്രയീമ്യ അടിമത്തത്തില്‍നിന്ന് തന്റെ ജനത്തെ വീണ്ടെടുക്കുവാന്‍ മോശെയെ ദൈവം പേരുചൊല്ലി വിളിച്ചത്. എന്നാല്‍ കനാനിലെത്തിയ യിസ്രായേല്‍മക്കള്‍ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു. തങ്ങളുടെ ദൈവമായ യഹോവയെ മറക്കുകയും, ബാല്‍വിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും ആരാധിക്കുകയും ചെയ്തപ്പോള്‍ ദൈവം അവരെ മെസൊപൊത്താമ്യരാജാവിനു വിറ്റുകളഞ്ഞു. അവിടെ എട്ടു സംവത്സരങ്ങള്‍ അടിമത്തത്തിന്റെ ക്രൂരമായ കഷ്ടനഷ്ടങ്ങളില്‍ക്കൂടി കടന്നുപോയപ്പോള്‍ അവര്‍ വീണ്ടും യഹോവയോടു നിലവിളിച്ചു. എന്തെന്നാല്‍ ആ എട്ടു വര്‍ഷം അവര്‍ ആരാധിച്ച കനാന്യദൈവങ്ങള്‍ക്ക് അവരെ രക്ഷിക്കുവാന്‍ കഴിയുകയില്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായി. മിസ്രയീമ്യ അടിമത്തത്തില്‍നിന്നു തങ്ങളെ വിടുവിച്ച യഹോവയ്ക്കു മാത്രമേ തങ്ങളെ രക്ഷിക്കുവാന്‍ കഴിയുകയുള്ളുവെന്ന് അവര്‍ മനസ്സിലാക്കി. ആ നിലവിളിക്കു മുമ്പില്‍ ദൈവത്തിന്റെ കോപാഗ്‌നി കാരുണ്യ സാഗരമായി മാറി. അവന്‍ ഒത്‌നീയേലിന രക്ഷകനായി എഴുന്നേല്പിച്ച് അവരെ രക്ഷിച്ചു.
സഹോദരങ്ങളേ! ഭൗതികമായ തകര്‍ച്ചകളുടെ അടിമത്തത്തില്‍നിന്നു വിമോചിതരാകുവാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ആഴങ്ങളിലേക്കു മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണോ നിങ്ങള്‍ മുമ്പോട്ടു പോകുന്നത്? എങ്കില്‍ ഈ അവസരത്തില്‍ നിങ്ങളുടെ കുറവുകള്‍ സമ്മതിച്ചുകൊണ്ട് മെസൊപൊത്താമ്യ അടിമത്തത്തില്‍ യഹോവയാം ദൈവത്തോടു നിലവിളിച്ച യിസ്രായേല്‍മക്കളെപ്പോലെ, പാപങ്ങള്‍ ഏറ്റുപറഞ്ഞ് നിങ്ങള്‍ക്കു നിലവിളിക്കുവാന്‍ കഴിയുമോ? അപ്പോള്‍ സ്‌നേഹസാഗരമായ അവന്‍ നിങ്ങളെയും വിടുവിച്ചു രക്ഷിക്കുമെന്ന് ഓര്‍ക്കുമോ?
പ്രതിസന്ധി പെരുകുമ്പോള്‍ പ്രതികൂലം ഏറുമ്പോള്‍
പാരിലെന്‍ പ്രയാണത്തില്‍ പ്രതിബന്ധം നിറയുമ്പോള്‍
യേശുവെന്റെ സങ്കേതമാം... എന്റെ കോട്ടയും യേശുവത്രെ
അല്ലലില്‍ ആവലില്‍ യേശു എന്റെ രക്ഷകന്‍. കാര്‍മേഘത്തിന്നിരുളില്‍....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com