അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
സര്‍വ്വശക്തനായ ദൈവം തന്നോടു നിലവിളിക്കുന്നവരുടെ അവസ്ഥയെക്കുറിച്ച് സദാ ശ്രദ്ധാലുവാണ്. കഷ്ടനഷ്ടങ്ങളിലും രോഗദു:ഖങ്ങളിലും ദൈവത്തോടു നിലവിളിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി മറുപടി ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ അനേകര്‍ നിരാശപ്പെട്ടുപോകാറുണ്ട്. പ്രാര്‍ത്ഥനകള്‍ക്കുള്ള മറുപടി താമസിക്കുമ്പോഴും ദൈവം നമ്മുടെ നിലവിളികള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ജാഗരൂകനായി പ്രവര്‍ത്തിക്കുന്നുവെന്ന് മോശെയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഫറവോന്റെ ക്രൂരമായ അടിമപ്പണിയില്‍ ഞെരുങ്ങിയ യിസ്രായേല്‍മക്കളുടെ നിലവിളി നാനൂറ്റി മുപ്പതു വര്‍ഷക്കാലം ദൈവം കേട്ടുകൊണ്ടിരുന്നു. ആ കഷ്ടങ്ങളുടെ പാരമ്യത്തില്‍, അവരില്‍ ഒരുവനായ മോശെയെ തിരഞ്ഞെടുത്തു. അവനെ ഫറവോന്റെ കൊട്ടാരത്തില്‍ നാല്പതു കൊല്ലം വളര്‍ത്തി, മിസ്രയീമിന്റെ സര്‍വ്വ ജ്ഞാനവും അഭ്യസിപ്പിച്ചു. അതിന്റെ ശൂന്യത ബോധം വരുത്തി, തന്റെ ദൗത്യത്തിനാവശ്യമായ ക്ഷമയും ശാന്തതയും സൗമ്യതയും അഭ്യസിപ്പിക്കുവാനായി അത്യുന്നതനായ ദൈവം മോശെയെ ഫറവോന്റെ കൊട്ടാരത്തിലെ സുഖലോലുപതകളില്‍നിന്നും പറിച്ചെടുത്ത് ഒരു ഇടയനായി മിദ്യാന്യമരുഭൂമിയിലാക്കി. തകര്‍ന്നുടഞ്ഞ സ്വപ്‌നങ്ങളുടെ ഭാരങ്ങളുമായി, പ്രതീക്ഷകളെല്ലാം അസ്തമിച്ച് നാല്പത് വര്‍ഷക്കാലം ആട്ടിടയനായി ജീവിച്ച് വാര്‍ദ്ധക്യത്തില്‍ എണ്‍പതാം വയസ്സില്‍ എത്തിനില്‍ക്കുമ്പോഴാണ് യഹോവയാം ദൈവം അവനെ പേര്‍ചൊല്ലി വിളിക്കുകയും തന്റെ ജനത്തെ വിടുവിക്കുവാനായി ക്ഷണിക്കുകയും ചെയ്യുന്നത്. തന്റെ പരിമിതികള്‍ നിരത്തിവച്ച് മോശെ ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ചുവെങ്കിലും, അവയ്ക്കുള്ള പരിഹാരവുമായാണ് ദൈവം അവനെ വിളിക്കുന്നത്. അങ്ങനെ ''ആകയാല്‍ ഇപ്പോള്‍ വരുക'' എന്നുള്ള അത്യുന്നതനായ ദൈവത്തിന്റെ വിളി മോശെ സ്വീകരിച്ച് യഹോവയാം ദൈവത്തിന്റെ പ്രതിനിധിയായി.
സഹോദരാ! സഹോദരീ! ഫറവോന്റെ അടിമത്തത്തില്‍നിന്നു തന്റെ ജനത്തെ മോചിപ്പിക്കുവാന്‍ വിക്കനായ മോശെയെ അവന്റെ വാര്‍ദ്ധക്യത്തില്‍ ക്ഷണിക്കുന്ന അത്യുന്നതനായ ദൈവം ഈ പ്രഭാതത്തില്‍ നിന്നെയും ക്ഷണിക്കുന്നു. ''ആകയാല്‍ ഇപ്പോള്‍ വരുക!'' പരിമിതിയുടെ കൂമ്പാരങ്ങള്‍ കാണിച്ച് ഒഴിഞ്ഞ് മാറാതെ കഷ്ടങ്ങളുടെയും വേദനകളുടെയും യാതനകളുടെയും നടുവില്‍ നട്ടംതിരിയുന്ന തന്റെ ജനത്തിന് സാന്ത്വനവും സമാധാനവും പേറി കര്‍ത്താവിന്റെ സാക്ഷിയായി കടന്നു പോകുവാന്‍ മോശയെ വിളിച്ച കര്‍ത്താവിന്റെ വിളിയെ നീ അനുസരിക്കുമോ? ആകയാല്‍ ഇപ്പോള്‍ വരുക!
ലോകത്തിന്‍ പീഡനങ്ങളേറിടുമ്പോള്‍
ലോകത്തിനധിപന്മാര്‍ തളളിടുമ്പോള്‍
പ്രാര്‍ത്ഥന കേട്ടെന്‍ സന്താപമകറ്റി
സാന്ത്വനമേകിടുന്നു ദൈവം നാളുകളേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com