അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
നികത്താനാവാത്ത നഷ്ടങ്ങളാല്‍ ജീവിതം വഴിമുട്ടിനില്‍ക്കുമ്പോള്‍ കടപ്പാടുകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും പലപ്പോഴും മനുഷ്യന്‍ മറന്നുപോകാറുണ്ട്. ഇങ്ങനെയുള്ള വിപദിസാഹചര്യത്തിലും കടപ്പാടുകള്‍ മറക്കാതെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ഒരു സ്ത്രീയെയാണ് ഉത്തമ സ്ത്രീയെന്ന് അഭിസംബോധന ചെയ്തിരിക്കുന്നത്. ഭാഗ്യം തേടി തന്റെ ഭര്‍ത്താവിനോടും മക്കളോടുമൊപ്പം മോവാബ്യദേശത്തേക്കു കടന്നുവന്ന നൊവൊമിയുടെ ഭര്‍ത്താവും മക്കളും അകാലചരമമടഞ്ഞു. ആ ഭാഗ്യപരീക്ഷണത്തില്‍ അവള്‍ക്ക് ശിഷ്ടമായി ലഭിച്ചത് തന്റെ ആണ്‍മക്കള്‍ ഭാര്യമാരായി സ്വീകരിച്ച അന്യനാട്ടുകാരായ രൂത്തിനെയും ഓര്‍പ്പായെയും ആയിരുന്നു. മക്കളില്ലാത്ത യൗവനക്കാരികളായ അവരോട് വീണ്ടും വിവാഹിതരായി ഒരു കുടുംബജീവിതം കെട്ടിപ്പടുത്ത് സന്തോഷമായി ജീവിക്കുവാന്‍ പറഞ്ഞ് നൊവൊമി തന്റെ ഭര്‍ത്താവിന്റെ ദേശത്തേക്കു മടങ്ങുവാന്‍ തുടങ്ങിയപ്പോള്‍, ഓര്‍പ്പാ കണ്ണുനീരോടുകൂടിയ ചുംബനം നല്‍കി യാത്ര പറഞ്ഞു. എന്നാല്‍ രൂത്ത് നൊവൊമിയുടെ എതിര്‍പ്പുകളെ വകവയ്ക്കാതെ, വീടും നാടുമില്ലാത്ത വൃദ്ധയും, വിധവയുമായ ആ സാധുസ്ത്രീയോടൊപ്പം തന്റെ ഭര്‍ത്താവിന്റെ നാട്ടിലേക്കു കടന്നുപോയി. യെഹൂദന്മാര്‍ വെറുക്കുന്ന, യഹോവയ്ക്ക് വ്യവഹാരമുള്ള മോവാബ്യസന്തതിയായ തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വലിച്ചെറിഞ്ഞ്, മണ്‍മറഞ്ഞ തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ മാതാവിനെ പരിരക്ഷിക്കുവാനുള്ള നിസ്വാര്‍ത്ഥമായ, നിഷ്‌കളങ്കമായ സ്‌നേഹമാണ് രൂത്തിനെ ഉത്തമയാക്കി കര്‍ത്താവിന്റെ വംശാവലിയില്‍ പ്രവേശനം നല്‍കുവാന്‍ മുഖാന്തരമൊരുക്കിയത്.
സഹോദരങ്ങളേ! നമ്മുടെ പ്രിയപ്പെട്ടവര്‍ കഷ്ടത്തിലും വേദനയിലുമാകുമ്പോള്‍ നാം സഹതപിക്കുന്നവരാണ്. ഓര്‍പ്പായെപ്പോലെ സ്വന്തം സുഖങ്ങള്‍ക്കുവേണ്ടി കടപ്പാടുകള്‍ മറന്ന് കണ്ണുനീരൊഴുക്കി ഉത്തരവാദിത്തങ്ങളോടു നാം യാത്ര പറയാറില്ലേ? മണ്‍മറഞ്ഞ തന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്റെ മാതാവിനെ പരിരക്ഷിക്കുവാന്‍ ഇരുളടഞ്ഞ ഭാവിയിലേക്ക് അവളോടൊപ്പം ഇറങ്ങിത്തിരിച്ച രൂത്ത് നമ്മുടെ മാതൃകയാകണം. മാതാപിതാക്കന്മാരോടുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ സമീപനത്തെ സ്വര്‍ഗ്ഗത്തിലെ ദൈവം വിലയിരുത്തുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കുമോ? അവരോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നുണ്ടോയെന്ന് ഈ അവസരത്തില്‍ സ്വയം പരിശോധിക്കുവാന്‍ കഴിയുമോ?
സത്യത്തിന്‍ വഴി കാട്ടിയേ ഏഴയ്‌ക്കെന്നും കൂട്ടായ് നീ
എന്നെ നയിക്കണമേ എന്നും എന്നെ നയിക്കണമേ
എന്നെ നയിക്കണമേ എന്നും എന്നെ നയിക്കണമേ
പാവനമാം പരിപാവനമാം പരിശുദ്ധാത്മാവേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com