അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
വിശുദ്ധ ബൈബിള്‍ ഇല്ലാത്ത ക്രൈസ്തവ ഭവനങ്ങള്‍ വിരളമായിരിക്കും. ഓരോ ഭവനത്തിലെയും ബൈബിളിന്റെ അവസ്ഥ, ഭവന നിവാസികളുടെ ദൈവവുമായുള്ള ബന്ധത്തിന്റെ പ്രതീകംകൂടിയാണ്. ചില ഭവനങ്ങളില്‍ മനോഹരമായ ചില്ലലമാരകളില്‍ ആകര്‍ഷണീയമായ സ്ഥാനത്ത് ഇതര ഗ്രന്ഥങ്ങളുടെകൂടെയുള്ള പ്രദര്‍ശന വസ്തുവാണ് വിശുദ്ധ ബൈബിള്‍. മറ്റു ചിലത് വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഇടവക പ്രാര്‍ത്ഥനയ്‌ക്കോ, ആകസ്മികമായി കടന്നുവരുന്ന മറ്റു സന്ദര്‍ഭങ്ങളിലോ ഉപയോഗിക്കുവാനായി സൂക്ഷിക്കപ്പെടുന്നവയാണ്. ദൈവത്തെ ഭയപ്പെട്ട്, ദൈവത്തെ അനുസരിച്ചു ജീവിക്കുന്ന ഭവനങ്ങളില്‍ വിശുദ്ധ ബൈബിള്‍ പത്രവാരികകളെക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു. എന്തെന്നാല്‍ ദൈവത്തെ അനുസരിച്ചും ആശ്രയിച്ചും ജീവിക്കുന്ന സഹോദരങ്ങള്‍ക്ക് തിരുവചനം ജീവന്റെ വചനമാണ്. കഷ്ടനഷ്ടങ്ങളുടെ നടുവിലും രോഗദു:ഖങ്ങളുടെ താഴ്‌വരയിലും തിരുവചനം ആശ്വാസവും പ്രത്യാശയും നല്‍കി നമ്മെ ഉറപ്പിക്കുന്നു. കയ്‌പേറിയ ജീവിതസാഹചര്യങ്ങളില്‍ തിരുമധുരമായി അവ നമ്മെ വഴിനടത്തുന്നു. അതുകൊണ്ടാണ് ''തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാളും മധുരമാകുന്നു'' എന്ന് സങ്കീര്‍ത്തനക്കാരന്‍ പാടുന്നത്.
സഹോദരങ്ങളേ! ഈ ജീവന്റെ പുസ്തകത്തെ നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? അത് നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തനരഹിതമായ ഒരു കാഴ്ചവസ്തുവായിത്തീര്‍ന്നുവോ? ഇത് മണ്‍മറഞ്ഞുപോയ ഏതോ ചില മഹാരഥന്മാരുടെ വചനങ്ങളല്ല... ഇന്നും എന്നും ജീവിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ വിരചിക്കപ്പെട്ട ജീവന്റെ വചനങ്ങളാണ്. നിങ്ങളുടെ ജീവിതത്തില്‍ അതു പ്രവര്‍ത്തനക്ഷമമാകുവാനായി അനുദിന ജീവിതത്തിലെ ചില നിമിഷങ്ങള്‍ തിരുവചനപഠനത്തിനും ധ്യാനത്തിനുമായി ചെലവഴിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? അപ്പോള്‍ കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും നടുവില്‍, ശത്രുവിന്റെ ആക്രമണങ്ങള്‍ക്കു മുമ്പില്‍, പ്രയാസങ്ങളുടെയും പ്രതിബന്ധങ്ങളുടെയും മുമ്പില്‍ കാരുണ്യവാനായ ദൈവത്തെ രുചിച്ചറിയുവാന്‍ ഈ ജീവന്റെ വചനങ്ങള്‍ മുഖാന്തരമാകുമെന്ന് നിങ്ങള്‍ മനസ്സിലാക്കുമോ?
വാളിനേക്കാള്‍ മൂര്‍ച്ചയുള്ള തിരുവചനം
പ്രാണനെ തുളയ്ക്കും ദൈവത്തിന്റെ വചനം
ഹൃദയത്തിന്‍ ചിന്തകളെ
വിവേചിച്ചറിയുന്ന തിരുവചനം. ജീവന്റെ വചനം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com