അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 29 ദിവസം

ദൈവം നല്‍കുന്ന അനുഗ്രഹങ്ങളാല്‍ മനുഷ്യന്‍ ജീവിതത്തിന്റെ ഉന്നതങ്ങളില്‍ എത്തുമ്പോള്‍, ഒന്നുമില്ലായ്മയില്‍നിന്ന് അവനെ ഉണ്മയിലേക്ക് കൊണ്ടുവന്ന ദൈവത്തിന്റെ കല്പനകള്‍ മറന്ന് മുന്നോട്ടു പോകാറുണ്ട്. അവന്‍ നേടിയെടുക്കുന്ന മാനവും ധനവും പ്രതാപവുമൊക്കെ അവനെ രക്ഷിക്കുമെന്ന ധാരണയിലാണ് മനുഷ്യന്‍ ദൈവത്തെ അനുസരിക്കാതെ മുന്നോട്ടു പോകുന്നത്. എന്നാല്‍ ഏതു ഒളിവിടത്തില്‍ ഒളിച്ചിരുന്നാലും ''നീ എവിടെ?'' എന്നുള്ള യഹോവയാം ദൈവത്തിന്റെ ചോദ്യത്തെ അവന്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് ആദ്യപിതാവായ ആദാമിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ആദാമിനെ സൃഷ്ടിച്ച ദൈവം അവനു വേണ്ട എല്ലാ സുഖസൗകര്യങ്ങളും ഒരുക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. അവന് തക്ക തുണയായി ഹവ്വായെ സൃഷ്ടിച്ച് അവരെ ഏദെന്‍തോട്ടത്തിലാക്കുമ്പോള്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുതെന്നുള്ള ഏക നിബന്ധന മാത്രമാണ് ദൈവം അവര്‍ക്കു നല്‍കിയത്. പക്ഷേ ഹവ്വാ ദൈവത്തെക്കാളധികം പാമ്പിന്റെ അഥവാ സാത്താന്റെ വാക്ക് വിശ്വസിച്ചു. ആ വൃക്ഷഫലം തിന്നാല്‍ ദൈവത്തെപ്പോലെയാകുമെന്നുള്ള സാത്താന്റെ പ്രഖ്യാപനം അവള്‍ വിശ്വസിച്ചു. തദ്ഫലമായി അവള്‍ വൃക്ഷഫലം പറിച്ചു തിന്നു; ഭര്‍ത്താവിനും കൊടുത്തു. അവള്‍ കൊടുത്ത വൃക്ഷഫലം, ആദാമും തിന്നു. എന്നിട്ട് ദൈവം കാണാതിരിക്കുവാനായി വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു. എന്നാല്‍ ''നീ എവിടെ?'' എന്നുള്ള ദൈവത്തിന്റെ ചോദ്യത്തില്‍നിന്ന് അവനെ രക്ഷിക്കുവാന്‍ അവന്റെ ഒളിവിടത്തിനു കഴിഞ്ഞില്ല. 

                     സഹോദരങ്ങളേ! നിങ്ങളുടെ ആവശ്യങ്ങള്‍, നിങ്ങള്‍ ചോദിക്കാതെ മനസ്സിലാക്കി, നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിയ ദൈവത്തെ മറന്നാണോ ഇന്ന് സമൃദ്ധിയായ നിങ്ങളുടെ കുടുംബജീവിതം മുമ്പോട്ടുപോകുന്നത്? ദൈവത്തെ മറന്ന് നേടുന്ന സൗഭാഗ്യങ്ങള്‍ക്കൊന്നിനും ദൈവത്തില്‍നിന്നു നിങ്ങളെ ഒളിപ്പിക്കുവാന്‍ കഴിയുകയില്ലെന്ന് ഓര്‍ക്കുമോ? ഒരിക്കല്‍ ''നീ എവിടെ?'' എന്നുള്ള ചോദ്യത്തെ അഭിമുഖീകരിച്ച്, അതിനു മറുപടി നല്‍കുവാന്‍ കഴിയാതെ വരുമ്പോള്‍, സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളില്‍നിന്നു ശാപത്തിലേക്കു തള്ളപ്പെട്ട ഭൂമുഖത്തെ ആദ്യ കുടുംബത്തിന്റെ അനുഭവം നിങ്ങള്‍ക്ക് പാഠമാകുമോ? 

ലോകത്തിന്‍ പാപങ്ങള്‍ വഹിച്ച കുഞ്ഞാടേ 

കാല്‍വറിമേട്ടില്‍ അറുക്കപ്പെട്ട എന്‍

പെസഹാ കുഞ്ഞാടേ....                       ആമേനാമേന്‍.....

തിരുവെഴുത്ത്

ദിവസം 28ദിവസം 30

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com