അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 30 ദിവസം

കര്‍ത്താവിനുവേണ്ടി സ്വയം സമര്‍പ്പിച്ച് അവന്റെ വാക്കനുസരിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെമേല്‍ തന്റെ ദൃഷ്ടി സദാ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം ശരീരമനസ്സുകള്‍ ക്ഷീണിച്ച് അവശരാകുന്ന സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കുവാനോ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുവാനോ അനേക സഹോദരങ്ങള്‍ക്ക് കഴിയാറില്ല. അഞ്ച് അപ്പവും രണ്ടു മീനുംകൊണ്ട് ആയിരങ്ങളെ തീറ്റി തൃപ്തരാക്കിയ വലിയ അത്ഭുതം പ്രവര്‍ത്തിച്ചതിനുശേഷം കര്‍ത്താവ് തന്റെ ശിഷ്യന്മാരെ നിര്‍ബ്ബന്ധിച്ച് പടകില്‍ അക്കരെ ബേത്ത്‌സയിദയ്ക്കു പറഞ്ഞയച്ചിട്ട് പ്രാര്‍ത്ഥിക്കുവാന്‍ ഏകനായി മലയിലേക്കു പോയി. കര്‍ത്താവിന്റെ വാക്കനുസരിച്ച് യാത്രതിരിച്ച ശിഷ്യന്മാര്‍ക്കു നേരിടേണ്ടിവന്നത് ആഞ്ഞടിക്കുന്ന പ്രതികൂലമായ കാറ്റിനെയാണ്. പടകിനു ചുറ്റും ആഞ്ഞടിക്കുന്ന തിരമാലകള്‍മൂലം, പ്രതികൂലമായ കാറ്റിനെതിരേ തുഴഞ്ഞു ക്ഷീണിച്ച് അവശരായ ശിഷ്യന്മാര്‍ക്കു മുമ്പോട്ടു പോകുവാന്‍ കഴിഞ്ഞില്ല. കരയില്‍നിന്ന് ഏതാണ്ട് അഞ്ചു മൈല്‍ ദൂരത്ത്, കൈകുഴഞ്ഞ് നടുക്കടലില്‍ നട്ടം തിരിയുന്ന ശിഷ്യന്മാര്‍ക്ക്, പ്രാര്‍ത്ഥിക്കുവാനോ മലയിലേക്കു കയറിപ്പോയ കര്‍ത്താവിനെ തങ്ങളുടെ നിസ്സഹായാവസ്ഥ വിളിച്ചറിയിക്കുവാനോ കഴിയുമായിരുന്നില്ല. എന്നാല്‍ തന്റെ വാക്കനുസരിച്ച് മുന്നോട്ടിറങ്ങി മൈലുകള്‍ക്കപ്പുറം എത്തിയ ശിഷ്യന്മാരെ അര്‍ദ്ധരാത്രിയിലെ കൂരിരുട്ടിന്റെ നടുവിലും കര്‍ത്താവ് നോക്കുന്നുണ്ടായിരുന്നു. വെളുപ്പിന് മൂന്നു മണിക്ക് ആര്‍ത്തിരമ്പുന്ന കടലിന്റെമീതേ, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെ പിളര്‍ന്ന് തന്റെ ശിഷ്യന്മാരുടെ പടകിലേക്ക് കര്‍ത്താവ് കടന്നുചെന്ന് അവരെ രക്ഷിച്ചു. 

                     സഹോദരാ! സഹോദരീ! കഷ്ടങ്ങളുടെയും വേദനകളുടെയും കൊടുങ്കാറ്റില്‍ മുന്നോട്ടു പോകുവാനാകാതെ നിന്റെ കൈകള്‍ കുഴഞ്ഞിരിക്കുന്നുവോ? ഈ നടുക്കടലില്‍ സഹായത്തിനായി ആരെയും കാണാതെ നീ ഭാരപ്പെടുന്നുവോ? എങ്കില്‍ കൂരിരുട്ടിന്റെയും കൊടുങ്കാറ്റിന്റെയും നടുവില്‍ തളര്‍ന്നുപോയ തന്റെ പ്രിയ ശിഷ്യന്മാരുടെ അടുക്കലേക്ക് ''ഭയപ്പെടേണ്ട'' എന്ന മൃദുസ്വരവുമായി മിന്നല്‍പോലെ കടന്നുചെന്ന കര്‍ത്താവ് നിന്നെ കൈവിടുകയില്ലെന്ന് നീ വിശ്വസിക്കുമോ? 

കഷ്ടങ്ങളാല്‍ ഞാന്‍ വലഞ്ഞാലും 

കൊടുങ്കാറ്റാഞ്ഞടിച്ചാലും 

കൊടുങ്കാറ്റിന്‍ നടുവില്‍ കോട്ടയായ് കാക്കും 

യേശു എന്‍ കൂടെയുണ്ട്.... 

                             യേശു എന്നെ സൂക്ഷിക്കും.... 

                                        ആരെന്നെ മറന്നാലും....

തിരുവെഴുത്ത്

ദിവസം 29ദിവസം 31

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com