അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ഭൂമുഖത്ത് ഏറ്റവും അധികം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നതും മനുഷ്യന്‍ വായിച്ചിരിക്കുന്നതും വായിച്ചുകൊണ്ടിരിക്കുന്നതുമായ ഗ്രന്ഥം വിശുദ്ധ ബൈബിളാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളിലെയും നാഗരികത കടന്നുചെന്നിട്ടില്ലാത്ത അവികസിത തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലെയും ലിപികളില്ലാത്ത സംസാര ഭാഷയ്ക്ക് ലിപികള്‍ സൃഷ്ടിച്ച്, അത് ജനത്തെ അഭ്യസിപ്പിച്ച് അവരുടെ ഭാഷയില്‍ വായിക്കുവാന്‍ ആദ്യമായി ലഭ്യമാക്കിയ പുസ്തകംകൂടിയാണ് വിശുദ്ധ ബൈബിള്‍. പരിശുദ്ധാത്മാവിനാല്‍ വിരചിക്കപ്പെട്ടിരിക്കുന്ന ഈ ജീവന്റെ വചനം ഭൂമുഖത്തെ സകല ഭാഷകളിലും സകല മനുഷ്യരുടെയും അടുക്കല്‍ എത്തിക്കുവാനായി പരിശുദ്ധാത്മശക്തിയാല്‍ ദൈവത്തിന്റെ ദാസന്മാര്‍ അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. പൂര്‍ണ്ണ സാക്ഷരത നേടിയ നമ്മുടെ നാട്ടില്‍ വിശുദ്ധ ബൈബിളില്ലാത്ത ക്രൈസ്തവ ഭവനങ്ങള്‍ വിരളമായിരിക്കും. എന്നാല്‍ നാം എങ്ങനെയാണ് അത് ഉപയുക്തമാക്കുന്നത്? ചിലര്‍ക്ക് അത് ഷോകേസിലെ അലങ്കാര വസ്തുവാണ്. മറ്റു ചിലര്‍, വല്ലപ്പോഴുമൊരിക്കല്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനായോഗങ്ങള്‍ക്കും ഭവനസന്ദര്‍ശനത്തിനായി കടന്നുവരുന്ന ദൈവദാസന്മാര്‍ക്കും ഉപയോഗിക്കുവാനുമായി അതു സൂക്ഷിക്കുന്നു. പൊടിക്കുഞ്ഞുങ്ങള്‍ കളിപ്പാട്ടമായി കൈകാര്യം ചെയ്യുന്ന ബൈബിളുകളും കുറവല്ല. ദൈവത്തിന്റെ തിരുവചനമാണ് ഇതെന്ന ബോധത്തോടെ താന്‍ പാപം ചെയ്യാതിരിക്കുവാനായി തിരുവചനത്തെ തന്റെ ഹൃദയത്തില്‍ താന്‍ സംഗ്രഹിക്കുന്നുവെന്ന് സങ്കീര്‍ത്തനക്കാരന്‍ സാക്ഷിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഏതൊരു ദൈവപൈതലിന്റെയും ജീവിതത്തില്‍ തിരുവചനധ്യാനം ഒരു അവിഭാജ്യഘടകമാണ്.
സഹോദരങ്ങളേ! തിരക്കേറിയ ജീവിതചര്യയില്‍ ദൈവസന്നിധിയില്‍ ശാന്തമായിരുന്ന് തിരുവചനം പഠിക്കുവാനും തുടര്‍ന്ന് അതിന്റെ പശ്ചാത്തലത്തില്‍ ധ്യാനിക്കുവാനും നിങ്ങള്‍ക്കു കഴിയുന്നുണ്ടോ? ഈ ജീവിതയാത്രയില്‍ തിരുവചനത്തെ അനുദിനം നിങ്ങളുടെ കാലുകള്‍ക്ക് ദീപവും പാതയ്ക്ക് പ്രകാശവും ആക്കിത്തീര്‍ക്കുവാന്‍ ഇനിയെങ്കിലും ശ്രമിക്കുമോ?
ഹൃദയത്തില്‍ നിന്‍ തിരുവചനം
ഞാന്‍ സംഗ്രഹിച്ചീടുന്നായതിനാല്‍
പാപത്തില്‍ വീഴാതെന്‍
പാതയെ കാത്തിടും തിരുവചനം
ജീവന്റെ വചനം ജീവിപ്പിക്കും വചനം
ദൈവത്തിന്റെ തിരുവചനം. മധുരം മധുരം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com