അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 20 ദിവസം

ആത്മീയ പൊയ്മുഖങ്ങളുമായി മനുഷ്യരെ കബളിപ്പിച്ചു നേടുന്ന അനുഗ്രഹങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കുമെല്ലാം കാലങ്ങള്‍ കഴിഞ്ഞാലും ദൈവസന്നിധിയില്‍ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന് യാക്കോബിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. മാതാവിന്റെ ഒത്താശയോടെ ആള്‍മാറാട്ടം നടത്തി, വൃദ്ധനും കാഴ്ച നഷ്ടപ്പെട്ടവനുമായ പിതാവായ യിസ്ഹാക്കിന്റെ അടുക്കല്‍ അനുഗ്രഹങ്ങള്‍ക്കായി ചെല്ലുന്ന യാക്കോബ്, തന്റെ പിതാവിന് യഹോവയാം ദൈവത്തിലുണ്ടായിരുന്ന ആഴമേറിയ വിശ്വാസത്തെക്കൂടി കബളിപ്പിക്കലിനുള്ള കരുവാക്കി. വളരെ പെട്ടെന്നു വേട്ടയിറച്ചിയുമായി മടങ്ങിയെത്തിയ യാക്കോബ് അപ്പന്റെ അന്ത്യാഭിലാഷം മനസ്സിലാക്കി ദൈവം ഒരു വേട്ടമൃഗത്തെ തന്റെ നേര്‍ക്കു വരുത്തിക്കൊടുത്തുവെന്നു പറഞ്ഞപ്പോള്‍ യിസ്ഹാക്കിന്റെ സംശയങ്ങളെല്ലാം മാറി. കാലങ്ങള്‍ കഴിഞ്ഞ് അനുഗ്രഹത്തിനുവേണ്ടി ദൂതനുമായി മല്ലുപിടിച്ചു യാമങ്ങള്‍ പിന്നിട്ടുവെങ്കിലും ദൈവത്തിന്റെ ദൂതന്‍ യാക്കോബിനെ അനുഗ്രഹിച്ചില്ല. ഉപായംകൊണ്ട് എല്ലാം നേടിയെടുക്കാമെന്നു കരുതുന്ന പഴയ മനുഷ്യനായിട്ടാണോ അവന്‍ അനുഗ്രഹത്തിനായി നിലവിളിച്ച് മല്ലുപിടിക്കുന്നതെന്ന് അവനില്‍നിന്നുതന്നെ ദൈവത്തിന് അറിയണമായിരുന്നു. ''നിന്റെ പേരെന്ത്?'' എന്നുള്ള ചോദ്യത്തിന് ''യാക്കോബ് '' എന്ന് അവന്‍ മറുപടി നല്‍കി. അതുവരെയുള്ള വ്യാജസ്വഭാവം മാറ്റി തന്റെ യഥാര്‍ത്ഥമായ അവസ്ഥ അവന്‍ സമ്മതിച്ചപ്പോള്‍, നിസ്സഹായതയില്‍ നിലവിളിക്കുന്ന യാക്കോബിന് ദൈവം ഒരു പുതിയ പേരു നല്‍കി അവനെ അനുഗ്രഹിച്ചു. 

                            സഹോദരാ! സഹോദരീ! യാക്കോബിനെപ്പോലെ പ്രയാസങ്ങളിലും പ്രതിസന്ധികളിലുമായി ജീവിതത്തില്‍ മുമ്പോട്ടു പോകുവാന്‍ കഴിയാത്ത അവസ്ഥയില്‍ നീ ആയിരിക്കുന്നുവോ? ദൈവത്തിന്റെ തിരുസന്നിധിയില്‍ ഹൃദയനുറുക്കത്തോടെ നിലവിളിച്ച്, ഉപവസിച്ചു പ്രാര്‍ത്ഥിച്ചിട്ടും ദൈവത്തില്‍നിന്നു യാതൊരു മറുപടിയും ലഭിക്കാതെ, യാമങ്ങള്‍ നീ തള്ളിനീക്കുകയാണോ? നിന്നിലുള്ള പാപവും വക്രതയും നിറഞ്ഞ പഴയ മനുഷ്യനെ അനുഗ്രഹിക്കുവാന്‍ ദൈവത്തിനു കഴിയുകയില്ല. നിന്റെ പാപങ്ങള്‍ നീ ദൈസന്നിധിയില്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുമോ? അവന്‍ നിനക്കൊരു പുതിയ പേരു തരും! അപ്പോള്‍ അനുഗ്രഹത്തിന്റെ പെനിയേല്‍ നിന്റെമേല്‍ ഉദിക്കും. 

പുതുക്കണം നിറയ്ക്കണം പരിശുദ്ധാത്മാവേ 

യേശുവിന്റെ നാമത്തെ വിളംബരം ചെയ്യുവാന്‍ 

ഭയത്തെ മാറ്റണം ധൈര്യത്തെ നല്‍കേണം 

പെന്തക്കോസ്തുദിനത്തിന്‍ ശക്തി പകരേണമിപ്പോള്‍ 

പെന്തക്കോസ്തുദിനത്തിന്‍ ശക്തി പകരേണം

തിരുവെഴുത്ത്

ദിവസം 19ദിവസം 21

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com