അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ദൈവത്തില്‍നിന്ന് അത്ഭുതങ്ങളും അനുഗ്രഹങ്ങളും പ്രാപിച്ചുവെന്ന് രഹസ്യമായി സമ്മതിക്കുന്ന അനേക സഹോദരങ്ങള്‍ അനുയോജ്യമായ സാഹചര്യങ്ങള്‍ ലഭിക്കാത്തതുകൊണ്ട് ദൈവത്തിന്റെ സാക്ഷികളാകുവാനും ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനും കഴിയുന്നില്ലെന്ന് പ്രലപിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തില്‍ ആരും സഹായിക്കുവാനില്ലാതിരുന്ന സാഹചര്യങ്ങളില്‍, തങ്ങളുടെ നിസ്സഹായതയിലുള്ള നിലവിളികളുടെ മുമ്പില്‍ ദൈവം പ്രവര്‍ത്തിച്ച വിധങ്ങള്‍, സാഹചര്യങ്ങള്‍ നോക്കിയല്ലായിരുന്നുവെന്ന് ഇക്കൂട്ടര്‍ ബോധപൂര്‍വ്വം മറന്നുകളയുന്നു. അരാമ്യസൈന്യത്തിന്റെ തലവനായ നയമാന്റെ വേലക്കാരിയായ ചെറിയ പെണ്‍കുട്ടി, അവളുടെ യജമാനന്റെ ശരീരത്തിലെ കുഷ്ഠം കണ്ടപ്പോള്‍ അതു സൗഖ്യമാക്കുവാന്‍ കഴിവുള്ള യഹോവയാം ദൈവത്തെയും ദൈവത്തിന്റെ പ്രവാചകനെയുംകുറിച്ച് പറഞ്ഞു. ശത്രുരാജ്യത്തില്‍നിന്നും തടവുകാരിയായി പിടിക്കപ്പെട്ട് അടിമയായി വീട്ടിലെ വേല ചെയ്യുന്ന അവള്‍ക്ക്, തന്റെ വാക്കുകള്‍ യജമാനന്‍ വിശ്വസിക്കുമോ എന്നു സംശയിച്ച് മിണ്ടാതിരിക്കാമായിരുന്നു. അടിമത്തത്തില്‍നിന്നു മോചനം ലഭിക്കുകയാണെങ്കില്‍ സാക്ഷിയാകാമെന്നു തീരുമാനിച്ചു മൗനം അവലംബിക്കാമായിരുന്നു... അന്യദൈവങ്ങളെ ആരാധിക്കുന്ന നയമാനോട് അത്യുന്നതനായ ദൈവത്തെക്കുറിച്ചോ അവന്റെ പ്രവാചകനെക്കുറിച്ചോ പറയുവാനുള്ള സാഹചര്യങ്ങളില്ലെന്ന് ന്യായീകരണം ഉന്നയിക്കാമായിരുന്നു. ഈ പ്രതികൂല സാഹചര്യങ്ങളില്‍, ആരുടെയും സമ്മര്‍ദ്ദമില്ലാതെ, നിര്‍ബ്ബന്ധമില്ലാതെ, ഭവിഷ്യത്തുകളെയോ പ്രത്യാഘാതങ്ങളെയോ ഭയപ്പെടാതെ അവള്‍ സാക്ഷിയായപ്പോള്‍ അത് നയമാന്റെ സൗഖ്യത്തിനും തദ്വാരാ അവന്‍ യഹോവയാം ദൈവത്തെ കണ്ടെത്തുന്നതിനും മുഖാന്തരമായിത്തീര്‍ന്നു.
സഹോദരങ്ങളേ! സ്‌നേഹവാനായ ദൈവത്തില്‍നിന്ന് അത്ഭുതങ്ങള്‍ അനുഭവിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് അവയെക്കുറിച്ച് മറ്റുള്ളവരോടു പറയുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ദൈവത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്നതിന് സാഹചര്യങ്ങളില്ലെന്ന പരാതിയുമായി നിങ്ങള്‍ രക്ഷപ്പെടുന്നവരാണോ? അടിമയായി അന്യരാജ്യത്തു കഷ്ടമനുഭവിച്ചിരുന്ന ആ സാധുപെണ്‍കുട്ടിയുടെ സാക്ഷ്യം നിങ്ങള്‍ മാതൃകയാക്കുമോ?
വന്‍കൃപകള്‍ നല്‍കണം സാക്ഷ്യമായി പോകുവാന്‍
ഭൂതലത്തിലൊക്കെയും യേശുവിനെ കാട്ടുവാന്‍ ആത്മമാരി...
സര്‍വ്വസൃഷ്ടിയോടും സുവിശേഷം ഘോഷിപ്പാന്‍
സകല ഭൂവാസികളും യേശുവിനെ നോക്കുവാന്‍ ആത്മമാരി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com