അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ദൈവത്തിന്റെ കൃപകളും അനുഗ്രഹങ്ങളും രുചിച്ചറിയുന്നവര്‍പോലും ഭീഷണികളുടെയും പ്രത്യാഘാതങ്ങളുടെയും താഴ്‌വരകളില്‍, ദൈവത്തില്‍ ആശ്രയിക്കാതെ സുരക്ഷിതത്വത്തിനായി ബുദ്ധിയുടെ മാളങ്ങളിലേക്ക് ഓടിയൊളിക്കുന്നത് സാധാരണ കാഴ്ചയാണ്. യഹോവയാം ദൈവം യെഹൂദാപ്രവാസികളില്‍നിന്ന് അടിമയും അനാഥയുമായ ഹദസ്സ എന്ന സുന്ദരിയായ പെണ്‍കുട്ടിയെ നൂറ്റിരുപത്തേഴ് സംസ്ഥാനങ്ങള്‍ വാണരുളിയ അഹശ്വേരോശിന്റെ രാജ്ഞിയായി ശൂശനിലെ അന്ത:പുരത്തിലെത്തിച്ചു. ഹാമാന്റെ നിര്‍ദ്ദേശപ്രകാരം സകല യെഹൂദന്മാരെയും കൊന്നു മുടിക്കണമെന്ന് അഹശ്വേരോശ് കല്പന പുറപ്പെടുവിച്ചപ്പോള്‍ യെഹൂദന്‍മാരെ രക്ഷിക്കുവാനായി രാജസന്നിധിയില്‍ ചെന്നു വാദിക്കുവാന്‍ എസ്ഥേര്‍രാജ്ഞി ഭയപ്പെട്ടു. കാരണം, വിളിക്കപ്പെടാതെ രാജസന്നിധിയിലേക്കു ചെല്ലുമ്പോള്‍ രാജാവിന് പ്രസാദംതോന്നി പൊന്‍ചെങ്കോല്‍ നീട്ടുന്നില്ലെങ്കില്‍ ചെല്ലുന്ന വ്യക്തി കൊല്ലപ്പെടും. യെഹൂദന്മാരുടെ വിടുതലിനായി രാജസന്നിധിയില്‍ വാദിക്കുവാനുള്ള അവളുടെ ഉത്തരവാദിത്തത്തില്‍നിന്നു സ്വയം ഓടിയൊളിച്ചാല്‍ ദൈവം തന്റെ ജനത്തെ മറ്റേതെങ്കിലും രീതിയില്‍ വിടുവിക്കുമെന്നും നശിക്കുന്നത് അവളും അവളുടെ പിതൃഭവനവുമായിരിക്കുമെന്നും ചിറ്റപ്പനായ മൊര്‍ദ്ദെഖായി ഓര്‍മ്മിപ്പിക്കുമ്പോള്‍ ശൂശനിലുള്ള എല്ലാ യെഹൂദന്മാരും തനിക്കുവേണ്ടി മൂന്നു ദിനരാത്രങ്ങള്‍ ദൈവസന്നിധിയില്‍ ഉപവസിക്കുവാന്‍ എസ്ഥേര്‍ ആവശ്യപ്പെട്ടു. അവളും അവളോടൊപ്പം അവളുടെ ദാസിമാരും മൂന്നു ദിനരാത്രങ്ങള്‍ ദൈവസന്നിധിയില്‍ ഉപവസിച്ചശേഷം അവള്‍ രാജസന്നിധിയില്‍ കടന്നുചെന്ന് തന്റെ ജനതയുടെ സുരക്ഷിതത്വം നേടിയെടുത്തു.
സഹോദരാ! സഹോദരീ! എസ്ഥേരിനെപ്പോലെ പ്രത്യാഘാതങ്ങള്‍ ഭയപ്പെട്ട്, നിന്റെ സ്ഥാനമാനങ്ങള്‍ നഷ്ടമാകുമെന്ന ഭീതികൊണ്ട്, നിന്നെ ഇന്നത്തെ നിലയില്‍ എത്തിച്ച ദൈവത്തിനുവേണ്ടി യാതൊന്നും പ്രവര്‍ത്തിക്കുവാന്‍ കൂട്ടാക്കാതെയാണോ നീ മുമ്പോട്ടു പോകുന്നത്? പാപത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന അനേകരെ വീണ്ടെടുക്കുവാനും ദൈവനാമമഹത്ത്വത്തിനായി പ്രവര്‍ത്തിക്കുവാനും ദൈവം നിനക്കു തന്ന അനുഗ്രഹങ്ങള്‍ ഉപയുക്തമാക്കുവാന്‍ നിനക്കു കഴിയുന്നില്ലെങ്കില്‍, അതിനായി ദൈവം മറ്റൊരാളിനെ ഒരുക്കുമെന്ന് നീ മനസ്സിലാക്കുമോ? നിന്റെ നിഷ്‌ക്രിയത്വവും നിസംഗതയും നിന്റെ അനുഗ്രഹങ്ങള്‍ നശിപ്പിച്ചുകളയുമെന്ന് നീ ഓര്‍ക്കുമോ?
രാജാക്കന്മാരുടെ രാജാവാണെന്റെ ദൈവം
എല്ലാ സൈന്യങ്ങള്‍ക്കും അധിപനാം ദൈവം
തന്‍ ജനത്തിന്‍ നിലവിളി കേട്ടു വീണ്ടെടുക്കും
ദൈവത്തിന്റെ ജയക്കൊടി ഉയര്‍ത്തുന്നു ഞാന്‍, കൊടി ഉയര്‍ത്തുന്നു...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com