അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം
ദൈവത്തിന്റെ ഇഷ്ടം ശിരസ്സാവഹിക്കുന്നുവെന്നു പറയുന്നവരും, ദൈവഹിതത്തിന് വിപരീതമായി അണുവിടപോലും ചരിക്കുകയില്ലെന്നു വീമ്പടിക്കുന്നവരുമായ അനേക സഹോദരങ്ങള്‍ തങ്ങളുടെ ആത്മാഭിമാനവും അസ്തിത്വവും മറ്റും ചോദ്യം ചെയ്യപ്പെടുമ്പോള്‍ ദൈവഹിതം പാടേ മറന്നുകളയുന്നു. യെഹൂദാമര്യാദപ്രകാരം വിവാഹനിശ്ചയം കഴിഞ്ഞ പുരുഷനും സ്ത്രീയും ഒരു വര്‍ഷത്തിനകം വിവാഹിതരാകണം. വിവാഹനിശ്ചയം ചെയ്യപ്പെട്ടിരിക്കുന്ന മറിയ ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയ യോസേഫ് കടുത്ത ദു:ഖത്തിന്റെ നടുവിലും അവള്‍ക്ക് യാതൊരു ദോഷവും സംഭവിക്കാതെയിരിക്കുവാന്‍ ഈ വിവരം ആരെയും അറിയിക്കാതെ അവളെ ഗൂഢമായി ഉപേക്ഷിക്കുവാനാഗ്രഹിച്ചു. എന്നാല്‍, ഉറക്കത്തില്‍ ദൈവത്തിന്റെ ദൂതന്‍, പരിശുദ്ധാത്മാവിനാലാണ് മറിയ ഗര്‍ഭം ധരിച്ചിരിക്കുന്നതെന്നും അവന്‍ അവളെ സ്വീകരിക്കണമെന്നും പറഞ്ഞപ്പോള്‍ യോസേഫ് ദൂതന്‍ പറഞ്ഞത് പൂര്‍ണ്ണമായി വിശ്വസിച്ചു. ഒരു പുരുഷന്‍ എന്ന നിലയില്‍ അതിനെക്കുറിച്ച് യുക്തിപരമായി അവന് പലതും ചോദിക്കുകയും സംശയിക്കുകയും ചെയ്യാമായിരുന്നെങ്കിലും യാതൊരു തടസ്സവാദങ്ങളുമുന്നയിക്കാതെ, ഗര്‍ഭിണിയായ തന്റെ പ്രതിശ്രുത വധുവിനെ യോസേഫ് ഭാര്യയായി സ്വീകരിച്ചു. കുടുംബജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നുടയുവാന്‍ പോകുന്ന സാഹചര്യത്തില്‍, ഒരു പുരുഷനും അംഗീകരിക്കുവാന്‍ കഴിയാത്തതെങ്കിലും, ദൈവത്തിന്റെ അരുളപ്പാട് സമ്പൂര്‍ണ്ണമായി വിശ്വസിക്കുകയും അത് ഉടനടി അനുസരിക്കുകയും ചെയ്ത യോസേഫ് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും മഹത്തായ മാതൃകയാണ്. ഉപാധിയില്ലാതെ, ഭവിഷ്യത്തുകള്‍ ഭയപ്പെടാതെ, ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ സംശയങ്ങളോ ഇല്ലാതെ സര്‍വ്വശക്തനായ ദൈവത്തെ അനുസരിച്ച യോസേഫ് നമുക്കു മഹത്തായ മാതൃകയാകണം.
ദൈവപൈതലേ! യോസേഫിനെപ്പോലെ നിന്റെ ആത്മാഭിമാനം തകര്‍ന്ന്, ത്യാഗം സഹിക്കേണ്ടിവരുന്ന അവസ്ഥകളില്‍പ്പോലും നിനക്ക് ദൈവത്തെ ഉപാധിയില്ലാതെ അനുസരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ നീ ദൈവഹിതം സൗകര്യപൂര്‍വ്വം മറന്നുകളയാറില്ലേ? ഇന്നുമുതല്‍ പ്രത്യാഘാതങ്ങള്‍ എന്തായിരുന്നാലും ഉപാധി കൂടാതെ ദൈവത്തെ അനുസരിക്കുമെന്ന് നീ ഇപ്പോള്‍ തീരുമാനിക്കുമോ?
ആകുലങ്ങളാമയങ്ങള്‍ ആരോപണങ്ങളാല്‍
അപമാനഭാരങ്ങളേറിടുമ്പോള്‍
ആശ്വാസമായവന്‍ കൂടെയുണ്ട്
യേശു ആനന്ദമായെന്നെ വഴി നടത്തും ചാരേ ചാരേ....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com