ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1ഉദാഹരണം
തർക്കം വിതർക്കം
''ബുദ്ധിയില്ലാത്ത മൌഢ്യതർക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക''(2 തിമൊ.2:23).
കഴുത കടുവയോട് പറഞ്ഞു: "പുല്ലിൻ്റെ നിറം നീലയാണ്.''
കടുവ പറഞ്ഞു: "അല്ല പച്ചയാണ്."
തർക്കം മുറുകി....
രണ്ടു പേരും സ്വന്തം നിലപാടുകളിൽ ഉറച്ചു നിന്നതോടെ അവസാനം പ്രശ്നം വനരാജാവായ സിംഹത്തിൻ്റെ മുമ്പിലെത്തി...
കഴുതയാണ് ആദ്യം സംസാരിച്ചത്. "മഹാരാജൻ, പുല്ലിൻ്റെ നിറം നീലയല്ലേ...?''
''അതേ. നീലയാണ്.''
''പക്ഷേ ഈ കടുവ എന്നോട് ശക്തമായി തർക്കിച്ചു. തക്കതായ ശിക്ഷ നൽകണം.''
സിംഹം പ്രഖ്യാപിച്ചു:
"കടുവയ്ക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നു!"
കഴുത സന്തോഷത്തോടെ തുള്ളിച്ചാടി തന്റെ വഴിക്കു പോയി...
അന്തം വിട്ട കടുവ സിംഹത്തിനടുത്തെത്തി.
''മഹാരാജൻ, പുല്ലിൻ്റെ നിറം പച്ചയല്ലേ?"
''അതേ.''
''പിന്നെന്തിനാണ് എന്നെ ശിക്ഷിച്ചത്...?''
''പുല്ല് നീലയാണോ പച്ചയാണോ എന്നതിനല്ല നിന്നെ ശിക്ഷിച്ചത്. ആ കഴുതയെപ്പോലുള്ള മണ്ടനുമായി തർക്കിക്കാൻ പോയതിനാണ്.''
പൗലോസ് അപ്പൊസ്തലൻ തൻ്റെ നിജപുത്രനായ തിമൊഥെയോസിന് നൽകുന്ന നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടതാണ് ഇന്നത്തെ വാക്യം...
സഭയുടെ ഇടയൻ എങ്ങനെയുള്ളവനായിരിക്കണം എന്നാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
പലതരം ദൈവദാസൻമാരെ ശ്രദ്ധിച്ചിട്ടുണ്ട്...
▪️ചിലർ കാണുന്ന വിഷയങ്ങളിലെല്ലാം കയറി തലയിടുന്നവർ - 'വഴിയേ പോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവർ' എന്നും പറയാം.
▪️മറ്റു ചിലർ എന്തു കണ്ടാലും മിണ്ടാത്തവർ - 'ഞാൻ ഈ നാട്ടുകാരനല്ല' എന്ന മനോഭാവമാണ് ഏതു കാര്യത്തോടും അവർക്കുള്ള സമീപനം.
പൗലോസ് തർക്കിച്ചിട്ടില്ലേ.....?
വിവാദ വിഷയങ്ങളിൽ ഇടപെട്ടിട്ടില്ലേ.....?
തീർച്ചയായും അദ്ദേഹമതു ചെയ്തിട്ടുണ്ട്!
പ്രത്യേകിച്ച് ന്യായപ്രമാണവാദികളോട് ശക്തമായി വാദിച്ചത് പൗലോസാണ്. തിമൊഥെയോസിനോടും കർശനമായി ചിലത് പാലിക്കാനും ആജ്ഞാപിക്കാനും പൗലോസ് പറയുന്നുമുണ്ട്(1 തിമൊ.1:3-7, 4:11,12; 2 തിമൊ.2:14,4:2-5).
കോടതിയിൽ കേസ് വിസ്തരിക്കുമ്പോൾ ആദ്യം കാര്യമവതരിപ്പിക്കുന്നയാൾ പറയുന്നത് എല്ലാവർക്കും വിശ്വാസ്യമായി തോന്നും. എന്നാൽ ക്രോസ് വിസ്താരത്തിലാണ് അസത്യത്തിൻ്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നത്. അതുപോലെ ഏതൊരു വിഷയത്തിൻ്റെയും ഒരു വശം മാത്രം കേട്ടാൽ അതാണ് സത്യമെന്ന് ശ്രോതാക്കൾക്ക് തോന്നുകയും അവർ തെറ്റിലേക്ക് നയിക്കപ്പെടുകയും ചെയ്യാം. കൾട്ടുകളുടെ പ്രധാന തന്ത്രമാണിത്. അതു കൊണ്ട് സത്യവിശ്വാസം വളരെ വ്യക്തമായി പഠിപ്പിച്ച് പൗലോസ് അങ്ങനെയുള്ളവരുടെ അധരമടച്ചു.
എന്നാൽ തികച്ചും വ്യത്യസ്തമായതാണ് ബുദ്ധിയില്ലാത്ത മൗഢ്യ തർക്കം. അതു കൊണ്ട് ശണ്ഠ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
"കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു"(2തിമൊ.2:24). എന്നതുകൂടി ചേർത്ത് വായിക്കുമ്പോൾ അനാവശ്യ തർക്കങ്ങൾ ദൈവദാസൻ്റെ വില കളയുമെന്നു പൗലോസ് ഉദ്ബോധിപ്പിക്കുകയാണ് എന്ന് മനസ്സിലാക്കാം.
മാത്രമല്ല, അനാവശ്യ തർക്കങ്ങൾ സുഹൃത്തുക്കൾക്കിടയിൽ മതിലുകളുയർത്തും. ഉയർത്താൻ എളുപ്പമുള്ളതും തകർക്കാൻ വൈഷമ്യമുള്ളതുമായ മതിലുകൾ.....
അതുകൊണ്ട്....
അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാം....
ദുരുപദേശങ്ങൾക്കെതിരെ പ്രതിരോധമുയർത്താം....
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com