ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1ഉദാഹരണം

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

30 ദിവസത്തിൽ 10 ദിവസം

വെടിപ്പാക്കണമേ  വെളുപ്പിക്കണമേ              

''എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ''(സങ്കീ.51:2).


വിവാഹസദ്യ കഴിഞ്ഞ് കൈകഴുകുമ്പോൾ സാധാരണയായി സോപ്പുപയോഗിക്കാറുണ്ട്. പക്ഷേ, വെള്ള കർച്ചീഫ് കൊണ്ട് തുടയ്ക്കുമ്പോൾ കറയുടെ പാടുകൾ കാണാം. സോപ്പു പയോഗിച്ച് കഴുകിയിട്ടും എന്തുകൊണ്ടിങ്ങനെയെന്ന് അന്ന് മനസ്സിലായില്ല. എന്നാൽ കൊറോണയാണ് ശരിക്കും വെടിപ്പായി കൈകഴുകാൻ പഠിപ്പിച്ചത്. നന്നായി പതപ്പിച്ച് കൈപ്പത്തികൾ തമ്മിൽ ഉരച്ചു കഴുകിയാലും വിരലുകൾക്കിടയിൽ ഉള്ള കറ പോകുന്നില്ല എന്ന യാഥാർത്ഥ്യം ഇപ്പോഴാണ് തിരിച്ചറിയുന്നത്...


51-ാം സങ്കീർത്തനത്തിൽ ദാവീദ് പ്രാർത്ഥിക്കുമ്പോൾ തൻ്റെ പാപം പരിഹരിക്കപ്പെടേണ്ടതിന് കഴുകേണം, വെടിപ്പാക്കേണം(വാ.2), ശുദ്ധീകരിക്കേണം, ഹിമത്തെക്കാൾ വെളുക്കേണ്ടതിനു കഴുകേണം(വാ.7) എന്നൊക്കെ ആവശ്യപ്പെടുന്നുണ്ട്.


പാപ സംബന്ധമായി പലരുടെയും മനോഭാവം എന്താണ്?

▪️മറ്റുള്ളവരെ കുറ്റം പറയുന്നു.

▪️സാഹചര്യത്തെ പഴിചാരുന്നു.

▪️സ്വയം ന്യായീകരിക്കുന്നു.


📌 കഴുകാത്ത പലരുമുണ്ട്. അതുകൊണ്ട് ഞാനും കഴുകുന്നില്ല എന്നു പറഞ്ഞാൽ മഹാവ്യാധിയിൽ നിന്ന് മാറിപ്പോകാനാകുമോ?

📌കൂടെക്കൂടെ കൈകഴുകാൻ കഴിയാത്ത സാഹചര്യമാണെൻ്റേത്.  എന്നു പറഞ്ഞാൽ കൊറോണ വഴി മാറിപ്പോകുമോ?

📌 കൈകഴുകാത്തതിന് ന്യായീകരണങ്ങൾ നിരത്തിയാൽ പരിഹാരമാകുമോ?

 

തൻ്റെ ജീവിതത്തിൽ കറകൾ നിറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് ദാവീദ് ഹിമത്തെക്കാൾ തന്നെ വെളുപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുന്നത്.


നമ്മുടെ വസ്ത്രത്തിൽ കറയുണ്ടെങ്കിൽ....


⭕കറയുള്ള വസ്ത്രമുള്ളവർ വേറെയുമുണ്ടല്ലോ എന്ന് സ്വയം സമാധാനിക്കുമോ?

⭕ ഞാൻ നടന്നു പോയപ്പോൾ കാറുകാരൻ ചെളി തെറിപ്പിച്ചതാണ്. എൻ്റെ കുഴപ്പമല്ലാത്തതു കൊണ്ട് കഴുകുന്നില്ല എന്നു പറയുമോ?

⭕എത്ര കഴുകിയാലും ഇനിയും ചെളി തെറിക്കാൻ സാദ്ധ്യതയില്ലേ. പിന്നെന്തിനാ കഴുകുന്നത് എന്നു ചോദിക്കുമോ?

⭕എൻ്റെ വസ്ത്രത്തിലല്ലേ ചെളി? അതിനു നിങ്ങൾക്കെന്താ പ്രശ്നം എന്ന യുക്തി ഉയർത്തുമോ?


അല്പമെങ്കിലും വിവേകവും മാന്യതയുമുള്ളവർ മുകളിലെ ചോദ്യങ്ങൾക്കെല്ലാം 'ഇല്ല' എന്ന മറുപടിയേ പറയൂ.


പിന്നെന്താണ് പ്രിയമുള്ളവരേ പാപത്തിൻ്റെ കാര്യത്തിൽ മാത്രം ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്.

🔹സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, സോപ്പും വെള്ളവും ഉപയോഗിച്ച് അനേകർ ചെളി കഴുകിക്കളയുന്നത് കണ്ടിട്ടും, അവരുടെ വെൺമ മനസ്സിലായിട്ടും മന: പൂർവ്വമായി മാറി നിൽക്കുന്നത് അക്ഷന്തവ്യമായ അപരാധമല്ലേ....?


ക്രിസ്തുവിൻ്റെ നിണത്താൽ കഴുകപ്പെട്ടവരിൽ നിറയുന്ന സമാധാനവും സന്തോഷവും കാണുന്നില്ലേ.....?

ദു:സ്വഭാവങ്ങളിൽ നിന്ന് പരിപൂർണ്ണമായ മോചനം ലഭിച്ചത് തിരിച്ചറിയുന്നില്ലേ....?


കൊറോണ പിടിച്ചാലും തക്കസമയത്ത് ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെയാണ്.

വസ്ത്രത്തിൽ കറപിടിച്ചാലും ആയുസ്സിനെ അതു ബാധിക്കില്ല.


എന്നാൽ.....

പാപത്തിന് പരിഹാരം വരുത്തിയില്ലെങ്കിൽ നിത്യതയെയാണ് ബാധിക്കുന്നത്.

ഇപ്പോഴാണ് സുപ്രസാദകാലം....

ഇപ്പോഴാണ് രക്ഷാ ദിവസം...


ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

തിരുവെഴുത്ത്

ദിവസം 9ദിവസം 11

ഈ പദ്ധതിയെക്കുറിച്ച്

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ

More

 ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com