ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1സാംപിൾ
പുളിച്ചമാവും പുതിയമാവും
"നമുക്കു അപ്പം ഇല്ലായ്കയാൽ എന്ന് അവർ തമ്മിൽ തമ്മിൽ പറഞ്ഞു"(മർ.8:16).
പട്ടണത്തിൽ പാർക്കുന്ന ഒരു ചെറിയ ബാലൻ
അവന്റെ മാതാ പിതാക്കളോടൊപ്പം ജന്മനാടായ ഗ്രാമത്തിലേയ്ക്ക് പോകാൻ ഒരുങ്ങുകയാണ്.
പോകുന്നതിന്റെ തലേ രാത്രി അവൻ പ്രാർത്ഥിക്കുമ്പോൾ പറഞ്ഞു: "പ്രിയ ദൈവമേ, ഞങ്ങൾ നാളെ നാട്ടിലേക്ക് പോകുകയാണ്. അഞ്ച് ദിവസത്തിനു ശേഷം കാണാം. ഗുഡ് ബൈ."
പ്രാർത്ഥനയുടെ ആകർഷകമായ ഒരു തലവും ഒരു കുഞ്ഞിന് ദൈവത്തോടുള്ള നിഷ്കളങ്ക സ്നേഹത്തിന്റെ ആഴവും ഇത് പ്രതിഫലിപ്പിക്കുന്നു.......
ചില മുതിർന്നവരുടെ മനോഭാവവും ഇതുതന്നെയല്ലേ......................? ചില പ്രത്യേക സാഹചര്യങ്ങളിൽ ദൈവം നമ്മെ കാണുന്നില്ല എന്ന ചിന്താഗതി ചിലരെങ്കിലും വച്ചു പുലർത്തുന്നില്ലേ...........?
വിശ്വാസ ജീവിതവീഥിയിൽ സുപരിചിത സാഹചര്യങ്ങളിലും അനുകൂല അവസ്ഥയിലും മാത്രമാണോ ദൈവം കൂടെയുണ്ടെന്ന ചിന്ത നമ്മെ ഭരിക്കുന്നത്?
ഇന്നത്തെ വേദഭാഗം ശിഷ്യൻമാരുടെ അത്തരം ഒരു അനുഭവത്തെ അവതരിപ്പിക്കുന്നു.
യേശു കൂടെയുണ്ടെന്നുള്ള യാഥാർത്ഥ്യം നിലനിൽക്കുമ്പോൾ തന്നെ അപരിചിത സാഹചര്യത്തിൽ അസ്വസ്ഥരാകുന്ന അവസ്ഥ.......
മറുതീരത്തേക്കുള്ള യാത്രയിൽ തന്റെ ശിഷ്യൻമാരോടുകൂടെ യേശുവുമുണ്ട്.
ശിഷ്യൻമാർ അപ്പം എടുക്കാൻ മറന്നു പോയി. ഒരപ്പമേ അവരുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ......
യേശു യാത്രയ്ക്കിടയിലെ സമയം യഥാർത്ഥ ശിഷ്യത്വത്തെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി....
അക്കൂട്ടത്തിൽ പരീശൻമാരുടേയും ഹെരോദ്യരുടേയും പുളിച്ച മാവ് സൂക്ഷിക്കാനുള്ള മുന്നറിയിപ്പുമുണ്ടായിരുന്നു!
ഇതേ ചിന്ത മത്തായി 16:6 ലും കാണുന്നുണ്ട്. അവിടെ ഹെരോദ്യർ എന്നതിനു പകരം സദൂക്യർ എന്നാണ് രേഖപ്പെടുത്തുന്നത്. രണ്ടു കൂട്ടരും ഒരേ ചിന്താഗതിയുടെ വക്താക്കളാണ്.
പുളിമാവിന്റെ പ്രത്യേകത അത് അൽപ്പം അരിമാവിൽ തലേ രാത്രി ചേർത്താൽ പ്രഭാതമാകുമ്പോഴേക്കും മുഴുവൻ പിണ്ഡത്തെയും രഹസ്യമായി, നിശ്ശബ്ദമായി, പുളിപ്പിക്കുമെന്നതാണ്.
‼പരീശന്മാരും സദൂക്യരും രണ്ട് തീവ്രനിലപാടുകളുടെ പടയാളികളാണ്.
🔹പരീശൻമാർ കൃത്യമായി മോശൈക ന്യായപ്രമാണത്തെ വ്യാഖ്യാനിക്കുന്നു. പുനരുത്ഥാനത്തിലും, ദൂതന്മാരിലും, ആത്മാവിലുമൊക്കെ വിശ്വസിക്കുന്നു. പക്ഷേ, ബാഹ്യമായ ആചാരങ്ങൾ കൊണ്ടും ഭിന്നമായ ഭാഷ്യങ്ങൾ ചമച്ചും (മർ.7:11), അവർ ദൈവം പറഞ്ഞതിന്റെ ശരിയായ ലക്ഷ്യത്തെ തകിടം മറിക്കുന്നു. ആന്തരീക ഭക്തിയേക്കാൾ ബാഹ്യ പ്രകടനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇവരെ 'കപടഭക്തി ക്കാർ' എന്ന് യേശുവിളിച്ചു.
🔸സദൂക്യർ നേർവിപരീതമാണ്. ആത്മാവും ദൂതനും പുനരുത്ഥാനവുമൊന്നും അവരുടെ വിശ്വാസത്തിന്റെ പട്ടികയിലില്ല. ഭൗതീകതയുടെ അതിപ്രസരം, ഭരണ വർഗ്ഗത്തിൽ സ്വാധീനം, ഇതിലൊക്കെയാണ് അവർക്ക് താത്പര്യം. അതു കൊണ്ട് തന്നെ ആത്മീയത അവർക്ക് പരമപുച്ഛമാണ്.
ആത്മീയതയെയും ശിഷ്യത്വത്തെയും സ്വാധീനിക്കുന്ന പുളിമാവാണ് ഈ രണ്ടു നിലപാടുകളും. കപടഭക്തിയും ലോക സ്നേഹവും പുളിമാ വിനെപ്പോലെ രഹസ്യമായും നിശ്ശബ്ദമായും സഭയെ പുളിപ്പിച്ചു കൊണ്ടിരിക്കുന്നു......
പൗലോസ് ശ്ലീഹ അതിനോട് ചേർന്ന് ദുർന്നടപ്പിന്റെ പുളിമാവിനെക്കുറിച്ചും (1കൊരി.5:8),
പാരമ്പര്യത്തിന്റെ പുളിമാവിനെക്കുറിച്ചും (ഗലാ.5:9) പറയുന്നു.
ഇവിടെ അപ്പത്തിന്റെ ഒരു ഘടകമായ പുളിമാവിനെക്കുറിച്ച് യേശു പറഞ്ഞപ്പോൾ അപ്പം എടുക്കാത്തതിനെക്കുറിച്ചാണെന്ന് ശിഷ്യൻമാർ തെറ്റിദ്ധരിച്ചു.....
അപ്പം
കൊണ്ടുവരാൻ മറന്നു പോയതിനെക്കുറിച്ച് ഓർത്ത ശിഷ്യൻമാർ
ഒരപ്പം കൊണ്ട് എല്ലാവരും എങ്ങനെ കഴിക്കുമെന്ന് ചിന്തയിലാണിപ്പോൾ....
❓ശിഷ്യൻമാർ ആഹാരത്തെക്കുറിച്ചും
ഭൗതീക ആവശ്യങ്ങളെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചുമാണ് കൂടുതൽ ശ്രദ്ധാലുക്കളാവുന്നത്.....
❗എന്നാൽ അവരുടെ കൂടെയുള്ളതാരാണെന്നവർ ഗ്രഹിക്കുന്നില്ല!
❓ഒരപ്പമേ തങ്ങളുടെ കയ്യിലുള്ളൂ എന്ന ചിന്തയാണ് ശിഷ്യന്മാർക്ക്.....
❗എന്നാൽ ഒരേയൊരു ജീവന്റെ അപ്പമായ യേശുവിനെ കാണുന്നതിൽ അവർ പരാജയപ്പെട്ടു!
❓ആഹാരം എല്ലാവർക്കും തികയുകയില്ലെന്ന് അവർ ചിന്തിച്ചു...
❗എന്നാൽ അപ്പത്തെ അനവധിയായി വർദ്ധിപ്പിക്കുന്നവനെ അവർ കണ്ടില്ല!
പ്രിയ ദൈവമക്കളേ, ചില സാഹചര്യങ്ങളിൽ കൂടെയുള്ളവന്റെ മഹത്വം കാണാതെ ആകുലപ്പെടുന്നവരല്ലേ നമ്മൾ? ജീവന്റെ അപ്പമായ അവനെ കാണാം. പ്രശ്ന പരിഹാരകനായ യേശുവിന്റെ കയ്യിൽ എല്ലാ പ്രശ്നവും സമർപ്പിക്കാം.
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com