ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1സാംപിൾ
വിശുദ്ധനും വിശുദ്ധരും
''ഞാൻ...നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം''(ലേവ്യ.11:45).
ഡാനിഷ് ഫിലോസഫറായ സോറൻ കീർക്കെഗാഡ് പറഞ്ഞു: ''ജീവിതം മനസ്സിലാക്കണമെങ്കിൽ പിന്നോട്ട് തിരിഞ്ഞു നോക്കണം. പക്ഷേ ജീവിക്കുന്നത് മുന്നോട്ട് നോക്കിയായിരിക്കണം.....!''
ഇന്നലെകളിലെ വിമോചന ചരിത്രം പരാമർശിച്ചിട്ടാണ് യിസ്രായേൽ ജനത്തോട് വിശുദ്ധരായിരിക്കാനുള്ള ആഹ്വാനം ദൈവം നൽകുന്നത്.
മിസ്രയീമിൽ.....
...നടുവൊടിയുന്ന കഠിനജോലി.
...നിവരാൻ കഴിയാത്ത വിധം അടിമ നുകം.
...എത്ര കഷ്ടപ്പെട്ടാലും കൂലി ലഭിക്കാത്ത അവസ്ഥ.
...ചില തലമുറകൾ കഴിയുമ്പോൾ യഹൂദൻ്റെ ജീൻ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷമാക്കാൻആൺകുഞ്ഞുങ്ങളെ കൊല്ലുന്ന പദ്ധതി.
അതിൻ്റെ നടുവിൽ നിന്നുമാണ് ദൈവം തൻ്റെ ജനത്തെ വിടുവിച്ചത്.
പരമാധികാരത്തോടെ അവരെ സംരക്ഷിക്കേണ്ടതിന്...
അവരെ കരുതേണ്ടതിന്...
അവരുടെ മദ്ധ്യേ വസിക്കേണ്ടതിന്...
പക്ഷേ....
...അതിനിടെ അവർ കാളക്കുട്ടിയെ ഉണ്ടാക്കി!
...പിറുപിറുത്തു, മത്സരിച്ചു!
...അത്യാഗ്രഹികളായി!
❓എന്തുകൊണ്ട്.
മിസ്രയീമിൽ നിന്ന് അടിമകളെ പൂർണ്ണമായി പുറത്തു കൊണ്ടുവരാൻ ദൈവത്തിനു കഴിഞ്ഞു. പക്ഷേ, അവരുടെ ഉള്ളിൽ നിന്ന് മിസ്രയീമിനെ പൂർണ്ണമായി പറിച്ചെറിയുക ബുദ്ധിമുട്ടായിരുന്നു.
വിമോചനം നൽകി, വിജയകരമായി അവരെ നടത്തുന്ന ദൈവം പ്രധാനമായി ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ് - വിശുദ്ധി...!
ഞാൻ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ എന്നല്ല, ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ എന്നാണ് ദൈവം ആവശ്യപ്പെടുന്നത്. (Not as I am holy but for I am holy.)
ദൈവത്തെപ്പോലെ വിശുദ്ധരായിരിപ്പാൻ നമുക്കു കഴിയുകയില്ല. പക്ഷേ, നമ്മെ വിടുവിച്ച ദൈവം വിശുദ്ധനാകുന്നതു കൊണ്ട് നമ്മിലും വിശുദ്ധി ദൈവം സാധികാരം ചോദിക്കുന്നു.
എന്താണ് വിശുദ്ധി?
വേർതിരിക്കപ്പെട്ടത് എന്നാണ് ഈ വാക്കിൻ്റെയർത്ഥം.
ദൈവം തൻ്റെ സൃഷ്ടികളിൽ നിന്നെല്ലാം വ്യത്യസ്തനാണ്. അതാണവൻ്റെ വിശുദ്ധി. ആ വിശുദ്ധി നമുക്ക് കൈവരിക്കാനാവില്ല. പാപത്തിൽ നിന്നുള്ള വേർപാടാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്. മിസ്രയീമ്യ നുകങ്ങളെ തകർത്തവൻ പറയുന്നു, ഞാൻ കൂടെയുണ്ടായിരുന്നതുകൊണ്ട് അടിമത്തം തകർക്കപ്പെട്ടെങ്കിൽ ഞാൻ കൂടെയുള്ളതിനാൽ പാപത്തിൻ്റെ ബന്ധനവും തകർക്കാൻ നിങ്ങൾക്ക് കഴിയും....!
ദൈവസഭ(എക്ലീസിയ) വിളിച്ചു വേർതിരിക്കപ്പെട്ടവരുടെ കൂട്ടമാണ്. അർത്ഥാൽ, വിശുദ്ധന്മാരുടെ കൂട്ടമാണ്. ദൈവം പറയുന്നു 'വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ'( വെളി.22:11). കാരണം, അവിടുന്ന് 'ഇതാ വേഗം വരുന്നു'(വാ.12).
പ്രിയ ദൈവ പൈതലേ,
വിശുദ്ധിയിൽ വർദ്ധിക്കാം...!
കർത്താവിൻ്റെ വരവിനായി ഒരുങ്ങാം...!!
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com