ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1സാംപിൾ

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

30 ദിവസത്തിൽ 23 ദിവസം

സ്തെഫാനൊസോ  നിക്കൊലാവൊസോ

''വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്,... യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു''(അ.പ്രവൃ.6:5).


ഒരു പ്രത്യേക ഗോത്രവർഗ്ഗക്കാരുടെയിടയിൽ വേദപുസ്തക പരിഭാഷയ്ക്കായി പോയ ദൈവദാസൻ്റെ അനുഭവം പലരും കേട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. യേശുവിൻ്റെ ജീവചരിത്രം അവരെ പഠിപ്പിച്ച്, യൂദാ ഒറ്റിക്കൊടുത്ത ഭാഗത്തെത്തിയപ്പോൾ എല്ലാവർക്കും ഭയങ്കര സന്തോഷം.... 

അവർ യൂദയെ പുകഴ്ത്താൻ തുടങ്ങി....

 

അപ്പോഴാണ് ആ ദൈവദാസന് മനസ്സിലായത്  ചതിക്കുന്നത് വളരെ ഇഷ്ടമുള്ളവരാണിവരെന്ന്. യൂദാ അവരുടെ ഹീറോ ആയിക്കഴിഞ്ഞു. എങ്ങനെ അവരോട് സുവിശേഷം പറയും...?

അദ്ദേഹം മറ്റൊരു വഴിയാണ് അതിനായി കണ്ടെത്തിയത്.....


ഇന്നു പലരുടെയും ഹീറോ ആരാണ്?

ഹാബേലോ, കായീനോ...?

പ്രോസ്പരിറ്റി പ്രസംഗകർക്ക് യൗവനപ്രായത്തിൽ മരിച്ച ഹാബേലിനേക്കാൾ ദീർഘകാലം ജീവിച്ച കയീനെയാണ് ഇഷ്ടപ്പെടാൻ സാദ്ധ്യത...


അതുപോലെയുള്ള രണ്ട് വ്യക്തിത്വങ്ങളാണ് സ്തെഫാനോസും നിക്കൊലാവൊസും.

യെഹൂദൻമാർ മാത്രമേ അന്ന് സഭാംഗങ്ങളായിരുന്നുള്ളൂ.  എബ്രായ ഭാഷ സംസാരിക്കുന്നവർ യവനായ ഭാഷ സംസാരിക്കുന്ന യെഹൂദന്മാരെ അൽപ്പം വില കുറച്ചു കണ്ടിരുന്നു. അതിനെ തുടർന്നുണ്ടായ ഒരു പരാതി പരിഹരിക്കാനാണ് ഏഴു പേരെ തിരഞ്ഞെടുക്കുന്നത്.


അവർ ആത്മാവും ജ്ഞാനവും നിറഞ്ഞവരായിരുന്നു...

നല്ല സാക്ഷ്യമുള്ളവരായിരുന്നു...

അപ്പൊസ്തലന്മാരാൽ കൈവെപ്പ് ലഭിച്ചവരായിരുന്നു...


ഈ ഏഴു പേരിൽ സ്തെഫാനോസും ഫിലിപ്പോസും യേശു അയച്ച എഴുപത് പേരിൽ ഉൾപ്പെട്ടവരായിരുന്നു എന്ന് ചില പാരമ്പര്യങ്ങൾ പറയുന്നുണ്ട്. ആറു പേരും യെഹൂദന്മാർ ആയിരുന്നപ്പോൾ യെഹൂദമതാനുസാരിയായ(Proselyte)ഒരാൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു - നിക്കൊലാവൊസ്.


സ്തെഫാനൊസ് നാമെല്ലാം അറിയുന്നതു പോലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷിയായി. ആ വധത്തിന് സമ്മതം മൂളിയ ശൗൽ അതിശ്രേഷ്ഠ അപ്പൊസ്തലനുമായി....


വെളിപ്പാട് പുസ്തകത്തിൽ രണ്ടു പ്രാവശ്യം നിക്കൊലാവ്യരുടെ ദുരുപദേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ആദ്യ സ്നേഹം കുറഞ്ഞു പോയെങ്കിലും കള്ളന്മാരെ തിരിച്ചറിയാൻ കഴിവുണ്ടായിരുന്ന എഫെസോസ് സഭ നിക്കൊലാവ്യ ഉപദേശങ്ങളെ അംഗീകരിച്ചില്ല(2:6).

എന്നാൽ പെർഗ്ഗമോസ് സഭ വിഗ്രഹാർപ്പിതവും ദുർന്നടപ്പും അത്ര കാര്യമാക്കാത്തതിനാൽ ഈ ഉപദേശത്തെയും ഉൾക്കൊണ്ടു(2:15).


സഭാപിതാവായ ഐറേനിയസും അദ്ദേഹത്തിൻ്റെ ശിഷ്യനായ ഹിപ്പോലിറ്റസും നിക്കൊലാവ്യ ഉപദേശത്തിൻ്റെ സ്ഥാപകൻ ഏഴു പേരിൽ ഒരുവനായ നിക്കൊലാവൊസ് തന്നെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യം തീവ്രമായ സന്യാസജീവിതം പിന്തുടർന്ന നിക്കൊലാവൊസ് പിന്നീട് ശരീരം കൊണ്ട് എന്തെല്ലാം പാപം ചെയ്താലും ആത്മാവിനെ ബാധിക്കില്ല എന്ന ദുരുപദേശത്തിലേക്ക് തിരിഞ്ഞത്രെ.(ഈയടുത്ത കാലത്ത് തലപൊക്കിയ 'കൃപയുടെ(hyper grace) സുവിശേഷം' എന്ന ദുരുപദേശം ഇതിൻ്റെ വകഭേദമാണ്.)


എന്തുകൊണ്ടായിരിക്കാം വചനത്തിൻ്റെ ഉപദേശത്തിൽ നിന്നകന്നു പോയിട്ടും ചില വിശ്വാസികൾ നിക്കൊലാവൊസിനെ തള്ളിപ്പറയാതിരുന്നത്....?


...ആത്മാവും ജ്ഞാനവും നിറഞ്ഞവനായിരുന്നില്ലേ?

...നല്ല സാക്ഷ്യമുള്ളവനായിരുന്നില്ലേ?

...അപ്പൊസ്തലന്മാരുടെ കൈവെപ്പ് ലഭിച്ചവനായിരുന്നില്ലേ?


ചിലർ എന്തിനെയും ലാഘവത്തോടെ കാണുന്നവരാണ്....


...മദ്യപിക്കുമെങ്കിലും നല്ല സാമ്പത്തിക സഹായം ചെയ്യുന്നവനല്ലേ?

...വഴക്കുണ്ടാക്കുമെങ്കിലും സഭയെ നന്നായി സ്നേഹിക്കുന്നവനല്ലേ?

...ഗ്രൂപ്പിസം ഉണ്ടാക്കുമെങ്കിലും കൂടെയുള്ളവരോട് എന്തൊരു സ്നേഹമാണെന്നോ?


എന്നാൽ യേശുവിന് അത്തരം 'മൃദുഹൃദയ'മുള്ളവരോട് പറയാനുള്ളത്, 'മാനസാന്തരപ്പെടുക' എന്നാണ്(വെളി.2:16).


പ്രിയമുള്ളവരേ,

ഏതുവിധേനയും വ്രതന്മാരെപ്പോലും തെറ്റിച്ചു കളയാൻ സാത്താൻ സർവ്വതന്ത്രങ്ങളും പയറ്റുമ്പോൾ ഉണർന്നിരിക്കാം.....

നിർമ്മദരായിരിക്കാം....!


ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

തിരുവെഴുത്ത്

ദിവസം 22ദിവസം 24

ഈ പദ്ധതിയെക്കുറിച്ച്

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ

More

 ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com