ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1ഉദാഹരണം

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

30 ദിവസത്തിൽ 1 ദിവസം

ശ്രേഷ്ഠ ദൈവം  ശ്രേഷ്ഠ ജാതി 

''ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകലന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?''(ആവ.4:8).

എഴുതപ്പെട്ട നിയമങ്ങൾ ആദ്യമായി വായിച്ചതെവിടെയാണ്....?

''പുകവലിക്കരുത്!''

''കയ്യും തലയും പുറത്തിടരുത്!''

അക്ഷരം കൂട്ടി വായിക്കാൻ പഠിച്ചു തുടങ്ങിയ കാലത്ത് മാതാപിതാക്കളോടൊപ്പം ബസിൽ യാത്ര ചെയ്യുമ്പോൾ ഏറെ പണിപ്പെട്ട് വായിച്ചൊപ്പിച്ച ആദ്യ വാക്കുകൾ അതായിരുന്നു.

പക്ഷേ...... ബസ് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ തന്നെ പുകവലിക്കുന്നതും അന്ന് സ്ഥിരം കാഴ്ചയായിരുന്നു....

ഡ്രൈവറുടെ സീറ്റിന് പുറകിലാണ് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് എഴുതിയിരുന്നത് എന്നതിനാൽ അദ്ദേഹത്തിന് ബാധകമല്ലായിരിക്കുമെന്ന് അന്ന് ചിന്തിച്ചു. 

ദൃശ്യമാധ്യമങ്ങളെന്താണ് ചെയ്യുന്നത്....?

പുകവലിക്കുന്ന ദൃശ്യം വരുമ്പോൾ അടിയിൽ ' നിയമപ്രകാരമുള്ള മുന്നറിയിപ്പ്:പുകവലി ആരോഗ്യത്തിന് ഹാനികരം' എന്നെഴുതി കാണിക്കണം. മദ്യപാന സമയത്തും അങ്ങനെ ചെയ്യണം....

ചുരുക്കിപ്പറഞ്ഞാൽ 'ചെയ്യരുത്' എന്ന് എഴുതിക്കാണിക്കുമ്പോൾ തന്നെ അത് ലംഘിക്കുന്ന കാഴ്ച....

'നിയമം ലംഘിക്കാനുള്ളതാണ്' എന്ന ചിന്തയാണ് ഇതൊക്കെ കാഴ്ചക്കാരനിൽ ഉളവാക്കുന്നത്.

അവിസ്മരണീയമായ ദൈവീക നടത്തിപ്പിനെ അയവിറക്കുകയാണ് മോശ. ഹോരേബിലെ മുൾപ്പടർപ്പിൽ തുടങ്ങിയ ആ യാത്ര സമാപ്തിയിലേക്കെത്തുമ്പോൾ തിരിഞ്ഞു നോക്കി ദൈവം ചെയ്ത ഓരോ കാര്യങ്ങളെയും വിശകലനം ചെയ്യുകയാണ് ആ വ ന്ദ്യവയോധികൻ....

എൺപത് വർഷങ്ങൾ വെറുതെ കളഞ്ഞല്ലോ എന്ന പരിദേവനമല്ല, ശ്രേഷ്ഠ ദൈവത്തിൻ്റെ മഹത്തായ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള തികഞ്ഞ ചാരിതാർത്ഥ്യമാണ് ആ സ്മരണകളിൽ നിറഞ്ഞു നിൽക്കുന്നത്.

മോശ മനസ്സിലാക്കിയ അനവധി കാര്യങ്ങളിൽ ഒന്നു മാത്രമാണ് ഇന്നത്തെ വാക്യം പറയുന്നത്. ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും വേറൊരു ജനതയ്ക്കുമില്ലെന്ന് മോശയ്ക്ക് ഉറപ്പാണ്.

നിയമങ്ങൾ മോശ എന്ന മദ്ധ്യസ്ഥനിലൂടെയാണ് ദൈവം നൽകിയത്. അതു നടപ്പാക്കുന്നതിൽ കർശനക്കാരനായ ഹെഡ്മാസ്റ്ററായിരുന്നു അദ്ദേഹം.....

ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികളിൽ ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു.

എന്നാൽ നിയമദാതാവായ ദൈവപുത്രൻ ലോകത്തിൽ വന്നപ്പോഴോ....?

തികച്ചും സാധകാത്മകമായ സമീപനം... 

എന്തുകൊണ്ടാണ് ഈ വ്യത്യാസം?

ആദ്യമായി ശരിയേതെന്നും വരുംവരായ്കകളെന്തെന്നും പഠിപ്പിക്കുമ്പോൾ, അതുവരെ തുടർന്നു വന്നവയിൽ നിന്നു വ്യത്യസ്തമായത് ചെയ്യാൻ പറയുമ്പോൾ, പെട്ടെന്നാർക്കും ഉൾക്കൊള്ളാനാവില്ല. അപ്പോൾ കർശന നടപടികൾ അനിവാര്യമാകുന്നു. എന്നാൽ കാര്യം മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ അത്തരം കർശനമായ ശിക്ഷാ നടപടികളല്ല, ശരിയായ മനസ്സോടെ അവയെ സമീപിക്കുവാൻ പരിശീലിപ്പിച്ചാൽ മതി.

For example, സ്വാതന്ത്ര്യത്തോടെ യഥേഷ്ടം സഞ്ചരിച്ചുകൊണ്ടിരുന്നവരോട് ലോക്ക് ഡൗണിൻ്റെ പേരിൽ വീട്ടിലിരിക്കാൻ പറഞ്ഞപ്പോൾ പലർക്കും അംഗീകരിക്കാൻ മടിയായിരുന്നു. ഏത്തമിടീക്കലും ചൂരൽപ്രയോഗവുമൊക്കെ  വേണ്ടിവന്നു....

തങ്ങളുടെ ജീവൻ രക്ഷിക്കാനാണ് താൽക്കാലികമായ തളച്ചിടീൽ എന്ന് അംഗീകരിക്കാൻ പലർക്കുമായില്ല...

എന്നാൽ ഇപ്പോൾ യാഥാർത്ഥ്യമുൾക്കൊണ്ടവർ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ശീലിക്കുന്നു. മുഖാവരണം ഉപയോഗിക്കുന്നു. സാമൂഹ്യ സമ്പർക്കം കൊണ്ടാണ് കൊറോണയെന്ന മഹാവ്യാധി വ്യാപിക്കുന്നതെന്ന് എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു. ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചാൽ വ്യാപനത്തിൻ്റെ ചങ്ങല അറുത്തുമാറ്റി പകർച്ചവ്യാധിയെ പടിക്കു പുറത്താക്കാനാവും.

പ്രിയമുള്ളവരേ,

നിത്യ മരണത്തിന് കാരണമാകുന്ന പാപമെന്ന വൈറസിൻ്റെ വ്യാപനം തടയാനാണ് ദൈവവചനം നിയമങ്ങൾ നൽകിയത്. അവയേറ്റെടുത്ത് സ്വയം പ്രതിരോധം തീർക്കാൻ നാം അശക്തരായതിനാൽ  പരിശുദ്ധാത്മാവിനെ സഹായകനായി നൽകിയിട്ടുമുണ്ട്. തിരുവചനത്തെ സാധ കാത്മകമായി സമീപിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ

More

 ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com