ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1സാംപിൾ

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

30 ദിവസത്തിൽ 8 ദിവസം

ആരോപണം പ്രത്യാരോപണം             

''എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല''(ആവ.3:26).


ചാനൽ ചർച്ചകളിലെ ആരോപണ, പ്രത്യാരോപണങ്ങൾ ഇന്ന് പതിവു കാഴ്ചയാണ്. ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ തെറ്റുകളെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചാൽ ഐക്യജനാധിപത്യ മുന്നണി സർക്കാർ ഭരിച്ചപ്പോൾ തത്തുല്യമായ വിഷയങ്ങളിലെടുത്ത മുൻ നിലപാടുകളെ മുൻനിർത്തിയായിരിക്കും പ്രത്യാക്രമണം.

പ്രതിപക്ഷം നൽകുന്ന ക്രിയാത്മകമായ ആരോപണം മുൻനിർത്തി പുനർവിചിന്തനത്തിന് തയ്യാറാകുന്നുവെന്ന് ഒരു സർക്കാരും പറയാറില്ല. കാരണം അത് രാഷ്ട്രീയ പരാജയമായിത്തീരുമെന്നാണ് അവർ കരുതുന്നത്.


ആരോപണങ്ങൾക്ക് മനുഷ്യ സമൂഹത്തോളം പഴക്കമുണ്ട്. ''പഴം തിന്നത് തെറ്റായിപ്പോയി. ക്ഷമിക്കണം.'' എന്ന് ആദമോ ഹവ്വയോ പറഞ്ഞില്ല. ആദം ഹവ്വയെ പഴിചാരി, ഹവ്വ പാമ്പിനെയും....


സഹോദരനെ കൊന്ന കയീൻ, 'ഞാൻ അവൻ്റെ കാവൽക്കാരനല്ല' എന്ന് പറഞ്ഞ് കൈകഴുകി. പിലാത്തോസ് 'ഈ രക്തത്തിൽ എനിക്ക് പങ്കില്ല' എന്നു പറഞ്ഞ് കൈകഴുകി....


അവിസ്മരണീയ കാര്യങ്ങൾ അയവിറക്കുന്ന മോശ വാഗ്ദത്ത നാട്ടിൽ കാൽ കുത്താനാകാത്തത് 'നിങ്ങൾ നിമിത്തം ദൈവം എന്നോട് കോപിച്ചതുകൊണ്ടാണ്' എന്ന് പറഞ്ഞ് ജനത്തെ പഴിക്കുന്നു. 


യഥാർത്ഥത്തിൽ ജനം മാത്രമാണോ കുറ്റക്കാർ? സംഖ്യ.27:14, ആവ.32:51 ഭാഗങ്ങളിൽ കലഹ ജലത്തിൽ സംഭവിച്ച പരാജയം രേഖപ്പെടുത്തിയിട്ടുണ്ട്. മിര്യാമിൻ്റെ മരണാനന്തരം കുടിപ്പാൻ വെള്ളമില്ലാതെ വന്നപ്പോൾ ജനം മോശയോട് കലഹിച്ചു.


സമാഗമനകൂടാരത്തിൻ്റെ വാതിൽക്കൽ കവിണ്ണുവീണ മോശയോട് 'പാറയോട് കല്പിക്ക; എന്നാൽ അത് വെള്ളം തരും' എന്ന് ദൈവം പറഞ്ഞപ്പോൾ ജനത്തെ വിളിച്ചു കൂട്ടിയ മോശ പാറയെ രണ്ടു പ്രാവശ്യം അടിക്കുകയാണ് ചെയ്തത് (സംഖ്യ.20:11).


ജനം കലഹിച്ചു എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ, ആ കലഹത്തിൽ ഏറ്റവും സൗമ്യനായ മനുഷ്യൻ്റെ ആത്മനിയന്ത്രണം നഷ്ടമായി എന്നതാണ് യഥാർത്ഥ പ്രശ്നം.


'ശക്തിയുടെയും സ്നേഹത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവാണ്' പരിശുദ്ധാത്മാവ്(2 തിമൊ.1:7) എന്ന് പൗലോസ് പറയുന്നു. സുബോധത്തിൻ്റെ എന്നതിന് 'ആത്മനിയന്ത്രണത്തിൻ്റെ' എന്നാണ് ആംഗലേയ ഭാഷയിൽ. ഒരു നിമിഷത്തെ കോപത്തിൽ പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളാണ് മാന്യരായി നിന്നവരെ അമാന്യരാക്കിയത് എന്ന് മറക്കാതിരിക്കുക....


മറ്റൊരു കാര്യം, യിസ്രായേൽ ജനത്തെ അനുഗമിച്ച ആത്മീയ പാറ ക്രിസ്തു ആയിരുന്നു. ഒരിക്കൽ ഈ പാറയെ അടിച്ച് വെള്ളം പുറപ്പെടുവിച്ചതാണ്. വീണ്ടും അടിക്കേണ്ട ആവശ്യമില്ല. അവിടുന്ന് ഒരിക്കൽ എന്നേക്കുമായിട്ട് യാഗമായി തീർന്നു. പാപങ്ങൾക്ക് പരിഹാരം വരുത്തി. ഇനി വിശ്വാസത്തോടെ പാപമോചനം ഏറ്റെടുത്താൽ മതി.

ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നതാരാണ്..? വിശ്വാസത്തിൽ നിന്ന് പിന്മാറിപ്പോകുന്നവരാണത്(എബ്രാ.6:6). അങ്ങനെയുള്ളവർ നിത്യതയെ നഷ്ടമാക്കുകയാണ്.


പ്രിയമുള്ളവരേ,

സാഹചര്യങ്ങളും വ്യക്തികളും നമ്മുടെ ആത്മനിയന്ത്രണത്തെ തകർക്കാൻ ശ്രമിച്ചെന്ന് വരാം. എന്നാൽ കൃപയിൽ ആശ്രയിച്ചു നിൽക്കുന്നവൻ അത്തരം സാഹചര്യങ്ങളെ അതിജീവിക്കും.


ഓർക്കുക.....

നിത്യതയാണ് ഏറ്റവും പ്രധാനം.....!


ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

തിരുവെഴുത്ത്

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1

എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ

More

 ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com