ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1ഉദാഹരണം
തിരുഹിതം പരഹിതം
''ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ''(റോമ.12:2).
മദ്യപാനികൾ പൊതുവെ പാവങ്ങളും ലോലമനസ്കരുമാണെന്ന് പറയപ്പെടുന്നു. ദൃഢമായ തീരുമാനങ്ങളെടുക്കാൻ അശക്തരായതുകൊണ്ടാണ് സഹകുടിയൻമാരുടെ പ്രലോഭനത്തിൽ അവർ വീണുപോകുന്നത്...
സതീർത്ഥ്യരുടെ സമ്മർദ്ദം (Peer pressure) കൗമാരക്കാരെയും കാര്യമായി അലട്ടുന്ന കഠിനപ്രശ്നമാണ്. കൂട്ടുകാർ ഒരുമിച്ച് നിർബ്ബന്ധിക്കുമ്പോൾ മനസ്സില്ലാ മനസ്സോടെ പലതിനും അവർ വശംവദരായിപ്പോകുന്നു...
ഒരു ദൈവ പൈതലിൻ്റെ ജീവിതത്തിലും ദൈവഹിതത്തിനു വിരോധമായി മറ്റുള്ളവരുടെ സ്വാധീനങ്ങൾ കടന്നു വരാം. പക്ഷേ, ദൈവഹിതമാണോ അപരൻ്റെ ഹിതമാണോ അംഗീകരിക്കേണ്ടത് എന്ന സന്നിഗ്ദാവസ്ഥയിൽ ദൈവഹിതത്തിന് പ്രാധാന്യം കൊടുക്കുന്നവനേ വിജയം വരിക്കാനാവൂ...!
യേശു അഭിമുഖീകരിച്ച പരീക്ഷയും അതുതന്നെയായിരുന്നു. സ്വർഗ്ഗീയ പിതാവിൻ്റെ ഹിതം നടപ്പാക്കാൻ വേണ്ടി മാത്രമായി ലോകത്തിൽ വന്നവനെയും (യോഹ.4:34)തൻ്റെ ഹിതത്തിലേക്ക് ചായ്ക്കാൻ സാത്താൻ വൃഥാ ശ്രമം നടത്തി. എന്നാൽ പിതാവിൻ്റെ ഹിതം മാത്രമേ താൻ ചെയ്യൂ എന്ന് അവിടുന്ന് അസന്നിഗ്ദമായി തെളിയിച്ചു.
എന്താണ് തിരുഹിതം?
ദൈവത്തിൻ്റെ ഹിതം എന്താണെന്ന് തിരിച്ചറിയാൻ സാധാരണ മനുഷ്യന് കഴിയില്ല. അതിനു മനസ്സ് പുതുക്കി രൂപാന്തരപ്പെട്ടേ മതിയാകൂ(റോമ.12:2). അങ്ങനെ രൂപാന്തരപ്പെട്ടവൻ വചനത്തിലേക്ക് നോക്കുമ്പോൾ താഴെപ്പറയുന്നവയാണ് തിരുഹിതമെന്ന് മനസ്സിലാകും.....
1️⃣ എല്ലാവരും രക്ഷപ്രാപിക്കണം(1 തിമൊ.2:4,
2 പത്രോ.3:9).
2️⃣ എല്ലാറ്റിനും സ്തോത്രം ചെയ്യണം(1 തെസ്സ.5:18).
3️⃣ ശുദ്ധീകരണം പ്രാപിക്കണം(1തെസ്സ.4:3).
4️⃣ യഥാസ്ഥാനപ്പെടണം(എബ്രാ.13:21).
5️⃣ തന്നെത്താൻ നിഷേധിക്കണം(ലൂക്കൊ.9:23).
6️⃣ നന്മ ചെയ്യണം(1 പത്രൊ.2:15).
പ്രിയമുള്ളവരേ,
രക്ഷിക്കപ്പെടണം എന്നു കേൾക്കുമ്പോൾ ക്ഷിപ്രകോപിയാകുന്നുണ്ടോ....?
സ്തോത്രം കേൾക്കുമ്പോൾ ഇതൊരു സൂത്രമാണെന്ന് പറയാറുണ്ടോ....?
ശുദ്ധീകരണം എന്ന് കേൾക്കുമ്പോഴേ ശുണ്ഠി വരുന്നോ....?
യഥാസ്ഥാനമെന്നത് വൃഥാവാക്കാണെന്ന് തോന്നുന്നോ...?
ചിലതൊക്കെ ത്യജിക്കണമെന്ന് കേട്ടിട്ടും എല്ലാം വാരിക്കൂട്ടാൻ ഓടുകയാണോ...?
നന്മയെക്കാൾ തിന്മയോട് ആഭിമുഖ്യമുണ്ടോ...?
എങ്കിൽ താങ്കൾ തിരുഹിതമല്ല, സാത്താൻ്റെ ഹിതമാണ് ചെയ്തു വരുന്നതെന്ന് തിരിച്ചറിയുക.
ദൈവത്തിന് ഇഷ്ടമല്ലാത്ത ആയിരം കാര്യങ്ങൾ അനുഷ്ഠിക്കുന്നതിനെക്കാൾ ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതാണ് ശ്രേഷ്ഠമെന്ന് മനസ്സിലാക്കുക.
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com