ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1ഉദാഹരണം
തളിക്കുക കുളിക്കുക
''നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക''(എബ്രാ.10:22).
ജോൺ പാറ്റൺ എന്ന മിഷണറി തെക്കൻ സമുദ്ര ദ്വീപുകളിലുള്ള ജനത്തിനു വേണ്ടി ബൈബിൾ പരിഭാഷ നിർവഹിക്കുകയായിരുന്നു....
'വിശ്വസിക്കുക', 'ആശ്രയിക്കുക' എന്നിവയ്ക്ക് അനുയോജ്യമായ വാക്ക് അവരുടെ ഭാഷയിൽ ലഭിക്കാതെ അദ്ദേഹം ഭാരപ്പെട്ടുകൊണ്ടിരിക്കുമ്പോൾ തദ്ദേശീയനായ ഒരാൾ ഓടിക്കിതച്ച് വന്ന് കസേരയിലേക്ക് വീണു...
''എന്റെ മുഴുവൻ ഭാരവും ഈ കസേരയിൽ ഇടുന്നത് എത്ര നല്ലതാണ്...''
ആശ്വാസത്തോടെയുള്ള അയാളുടെ വാക്കുകൾ വിശ്വാസമെന്നതിന് ഏറ്റവും പറ്റിയ വാക്കാണെന്ന് ജോൺ പാറ്റണ് മനസ്സിലായി. മുഴുവൻ ഭാരവും ദൈവത്തിൽ ഭരമേൽപ്പിക്കുന്നതാണ് വിശ്വാസം....!
ആഗോള മഹാമാരി പലരുടെയും ആത്മീയതയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദൈവങ്ങൾ കുടികൊള്ളുന്നിടത്ത് ചെന്ന് ആരാധിക്കുന്നവരും, അവിടെ സംതൃപ്തി കിട്ടാത്തതു കൊണ്ട് കൂടുതൽ പണം മുടക്കി തീർത്ഥാടനം നടത്തി മറ്റു ചിലയിടങ്ങളിൽ ചെല്ലുന്നവരും, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.....
ക്രിസ്ത്യാനികളെങ്കിലും വചനത്തിൻ്റെ ആത്മീയതയിലേക്ക് മടങ്ങിവരട്ടെ. ദൈവസാന്നിദ്ധ്യം മലമുകളിലോ, പ്രത്യേകം രൂപകൽപ്പന ചെയ്ത കെട്ടിടങ്ങളിലോ കുടികൊള്ളുന്നില്ല. ഏറ്റവും മനോഹരമായും ദൈവീക നിയോഗത്താലും പണിത യെരുശലേം ദൈവാലയത്തിലല്ല, വീട്ടിൽ കാത്തിരുന്നു പ്രാർത്ഥിച്ച 120 പേരുടെ മേലാണ് പരിശുദ്ധാത്മാവ് ഇറങ്ങി വന്നത്...
ദൈവസന്നിധിയിൽ അടുത്ത് ചെല്ലാൻ എന്താണ് വേണ്ടത്?
...ചെണ്ടമേളം?
...ബാൻ്റ്മേളം?
...വെടിക്കെട്ട്?
... മെഴുകുതിരികൾ?
ഇവയൊന്നുമല്ല...
▪️ദുർമ്മനസ്സാക്ഷി നീങ്ങുമാറ് തളിക്കപ്പെടണം!
▪️ശുദ്ധ വെള്ളത്താൽ ശരീരം കഴുകപ്പെടണം!
▪️വിശ്വാസത്തിൻ്റെ പൂർണ്ണ നിശ്ചയം വേണം!
▪️പരമാർത്ഥ ഹൃദയം വേണം!
ഒരു മനുഷ്യൻ തൻ്റെ കയ്യിലിരുന്ന മെഴുകുതിരി വെളിച്ചത്തിൽ തൻ്റെ ശത്രുവിനെ കണ്ടു. പക്ഷേ, മെഴുകുതിരി ഊതിക്കെടുത്തിയിട്ട് അദ്ദേഹം സ്വയം സമാശ്വസിച്ചു: ''എന്തൊരു ശാന്തത... ഇപ്പോൾ ഒരു ശത്രുവും ഇല്ല!''
മന:സാക്ഷിയാണ് മെഴുകുതിരി വെട്ടം. നമ്മുടെ യഥാർത്ഥ ശത്രുവിനെ അതു കാണിച്ചുതരുന്നു. ആ ശത്രുവിനെ ജയിക്കാനുള്ള കരുത്തും നമ്മിലുണ്ട്. എന്നിട്ടും ദുർമനസ്സാക്ഷിയിൽ തുടർന്നാൽ ദൈവസന്നിധിയോടടുക്കാൻ കഴിയില്ല. കള്ളനെ കണ്ട് കുരയ്ക്കുന്ന കാവൽ നായയെ കൊന്നുകളഞ്ഞിട്ട് ''ഇവിടെയെങ്ങും കള്ളനില്ല'' എന്നു പറയുന്നതുപോലുള്ള അബദ്ധം....
ദുർമന:സാക്ഷി നീങ്ങണമെങ്കിൽ ക്രിസ്തുവിൻ്റെ രക്തത്താൽ തളിക്കപ്പെടണം.
ശുദ്ധ വെള്ളത്താലുള്ള കഴുകൽ സ്നാനത്തെക്കുറിച്ചാണ് പറയുന്നതെന്നും, വചനത്താലുള്ള കഴുകലാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. ദൈവസന്നിധിയോടടുത്ത് ചെല്ലാൻ ഇവ രണ്ടും അനിവാര്യമാണ് താനും.
വിശ്വാസവും പരമാർത്ഥ ഹൃദയവും കൂടിയുണ്ടെങ്കിൽ അടുത്തു ചെല്ലാൻ ആശങ്ക വേണ്ട..!
ദൈവസാന്നിദ്ധ്യം ആവോളം അനുഭവിക്കാം....!!
അടുത്തു ചെല്ലുന്നവർക്ക് കരുണ ചൊരിയുന്ന കൃപാസനം അരികിലുണ്ട്.....!!!
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com