ശുഭദിന സന്ദേശം (ഡോ.സാബു പോൾ) - ഭാഗം 1ഉദാഹരണം
വെളിച്ചദൂതനും വെളിച്ചപ്പാടും (3)
''അപ്പോൾ ശൌൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു''(1ശമു.28:7).
ശൗൽ രാജാവ് വെളിച്ചപ്പാടത്തിയുടെ അടുത്ത് ചെന്നപ്പോൾ ശമൂവേൽ പ്രവാചകനെ അവൾ യഥാർത്ഥത്തിൽ വിളിച്ചു വരുത്തിയോ...?
കഴിഞ്ഞ രണ്ടു ദിവസം ഇതിൻ്റെ വിവിധ വശങ്ങൾ ചിന്തിച്ചു വരികയായിരുന്നു. വെളിച്ചപ്പാടിൻ്റെ പ്രവർത്തനങ്ങളെങ്ങനെയെന്നും വചനത്തിൻ്റെ പഠിപ്പിക്കൽ എന്തെന്നും വിശകലനം ചെയ്താലേ ശരിയായ ഉത്തരത്തിലെത്താനാവൂ...!
ശൗലിൻ്റെ ആദ്യകാലങ്ങൾ അവൻ ശമൂവേലിനെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ശൗൽ ദേശത്ത് നിന്ന് നീക്കിക്കളഞ്ഞിരുന്നു(1ശമൂ.28:3). ദൈവം മോശയിലൂടെ നൽകിയ കർശനമായ കൽപ്പനയായിരുന്നു അത്(പുറ.22:18, ലേവ്യ.19:31, 20:6, 27).
വെളിച്ചപ്പാടൻ(Necromancer) എന്നതിന് 'ഓബ്' എന്ന എബ്രായ വാക്കാണ് നൽകിയിരിക്കുന്നത്.
മരിച്ചു പോയവരുടെ ആത്മാക്കളോട് സംസാരിക്കുന്നു എന്നവകാശപ്പെടുന്ന വരാണിവർ. ഇക്കാലത്തും ഇങ്ങനെയുള്ളവരുണ്ട്.
രണ്ട് രീതിയിലുള്ള പ്രവർത്തനമാണിവരിൽ കാണുന്നത്.
1. പിശാച് അല്ലെങ്കിൽ ദുരാത്മാവ് ഒരു വ്യക്തിയെ മാധ്യമമായി(Medium) ഉപയോഗിച്ച് സംസാരിക്കുന്നു.
2. ഇത്തരം ദുരാത്മാക്കളുടെ മേൽ അധികാരമുള്ള വ്യക്തി സ്വയം സംസാരിക്കുന്നു. ഉദരഭാഷകൻ(Ventriloquist) എന്നുകൂടി ഇവർ അറിയപ്പെടുന്നു. ഉദരത്തിൽ നിന്ന് സംസാരിക്കുന്നു അല്ലെങ്കിൽ മറ്റൊരാത്മാവ് അവരിലൂടെ സംസാരിക്കുന്നു എന്ന അവകാശവാദമാണിത്.
വിവിധ മതങ്ങളിൽ പരേതാത്മാക്കളോട് സംസാരിക്കുന്നു എന്നവകാശപ്പെടുന്നവർ മേൽപ്പറഞ്ഞതു പോലെ ചെയ്യുമ്പോൾ ചില അതിഭാവുകത്വം നിറഞ്ഞ കഥകളിൽ മാത്രമാണ് മരിച്ച വ്യക്തി നേരിട്ട് പ്രത്യക്ഷപ്പെട്ട് സംസാരിക്കുന്നു എന്ന നിലയിലുള്ള അവതരണങ്ങളുള്ളത്.
സാത്താൻ സർവ്വജ്ഞാനിയല്ലെങ്കിലും നമ്മെക്കാൾ അറിവ് കൂടുതലാണ്. ഭാവിയിൽ നടക്കുന്ന ചിലതെല്ലാം പിശാചിന് അറിയാം. ഭോഷ്ക്കും ഭോഷ്ക്കിൻ്റെ അപ്പനുമാണ് പിശാചെങ്കിലും അതിൽ തന്നെ അൽപ്പം സത്യം പറയുന്ന വിഭാഗമാണ് വെളിച്ചപ്പാടാത്മാക്കൾ.കൈനോട്ടം, മുഖലക്ഷണമെന്നൊക്കെപ്പറഞ്ഞ് ഭാവി പറയുന്നവർ പിശാചിനെ ഉപയോഗിച്ചാണ് അത് ചെയ്യുന്നത്. അതുകൊണ്ടാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നവരൊന്നും യിസ്രായേലിൽ ഉണ്ടാകരുതെന്ന് ദൈവം കർശനമായി നിർദ്ദേശിച്ചത്(ആവ.18:10,11).
സ്വപ്നം കൊണ്ടോ, ഉറീം കൊണ്ടോ, പ്രവാചകന്മാരെക്കൊണ്ടോ ദൈവം അനുസരണം കെട്ട ശൗലിനോട് ഉത്തരമരുളാതെ വന്നപ്പോഴാണ് അവൻ വെളിച്ചപ്പാടത്തിയുടെ അടുക്കൽ പോകുന്നത്.
'നീ എന്തു കാണുന്നു?' എന്ന് വെളിച്ചപ്പാടത്തിയോടാണ് ശൗൽ ചോദിക്കുന്നത്. രൂപമൊക്കെ അവളാണ് പറയുന്നത്. ശൗലിന് നേരിട്ട് കാണാനാകുമായിരുന്നെങ്കിൽ അങ്ങനെയൊരു ചോദ്യത്തിൻ്റെ ആവശ്യമില്ലായിരുന്നു.
ശൗലിൻ്റെ ചോദ്യങ്ങൾക്ക് മീഡിയം ആയ അവൾ ശമൂവേൽ പറയുന്നു എന്ന രീതിയിൽ തുടർന്ന് മറുപടി നൽകുകയാണ്.
അന്നത്തെ ആളുകൾക്ക് വെളിച്ചപ്പാട് സംസാരിക്കുന്ന രീതി പരിചയമുള്ളതുകൊണ്ട് ഓരോ വാക്കിലും വെളിച്ചപ്പാടത്തിയോട് ചോദിച്ചു എന്നാവർത്തിക്കാതെ കാര്യം സംക്ഷിപ്തമായി അവതരിപ്പിക്കുകയാണ്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവർക്ക് ശൗലും ശമൂവേലും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണമാണോ പിന്നീട് നടന്നത് എന്ന സന്ദേഹമുണ്ടാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ യാഥാർത്ഥ്യമതല്ല.
തള്ളിക്കളഞ്ഞ ശൗലിനോട് ജീവിച്ചിരിക്കുന്ന പ്രവാചകരിലൂടെ പോലും ഉത്തരം നൽകാത്ത ദൈവം മരിച്ചു പോയ തൻ്റെ ദാസനെ അയച്ച് മറുപടി നൽകുമോ...?
അശുദ്ധാത്മാവിൻ്റെ സേവികയായ വെളിച്ചപ്പാടത്തിക്ക് വിശുദ്ധനായ ഒരു മനുഷ്യൻ്റെ ആത്മാവിനെ വിളിച്ചു വരുത്താൻ ദൈവം അധികാരം കൊടുക്കുമോ...?
ഒരിക്കലുമില്ല.....!!
മറ്റൊരു കാര്യം, വചനത്തിലെ ഏതെങ്കിലും ആശയം വ്യക്തമാകുന്നില്ലെങ്കിൽ അക്കാര്യം സംബന്ധിച്ച് ബൈബിൾ സുവ്യക്തമായി പഠിപ്പിക്കുന്നതെന്തെന്ന് പരിശോധിക്കണം.
മരിച്ച വിശുദ്ധൻമാർ വിശ്രമത്തിനായി പോയതാണ്.
കാലാവസാനത്തിൽ ഓഹരി പ്രാപിപ്പാൻ മാത്രമേ അവർ എഴുന്നേറ്റു വരൂ..!(ദാനി. 12:13)
അബ്രാഹാമിനോട് 'ലാസറിനെ ഭൂമിയിലേക്ക് വിടാമോ' എന്ന ധനവാൻ്റെ ചോദ്യത്തിനും നിഷേധാത്മകമായിരുന്നു മറുപടി എന്നോർക്കണം.
ദൈവീക നിയോഗത്താൽ മോശയും എലിയാവും മറുരൂപമലയിൽ വന്നത് മാത്രമാണ് വ്യത്യസ്തമായ ഒരേയൊരു സംഭവം. അത് പുത്രനാം ക്രിസ്തുവിനെ ധൈര്യപ്പെടുത്താനുള്ള നിയോഗമായിരുന്നു. അല്ലാതെ പിശാച് വിളിച്ചു വരുത്തിയതല്ല.
ഒരു കാലത്ത് യഹോവയ്ക്ക് വേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിച്ച് അശുദ്ധാത്മസേവകരെ ഇല്ലാതാക്കിയ ശൗൽ, 'യഹോവയാണ, നിനക്ക് ഒരു ദോഷവും ഭവിക്കയില്ല' എന്ന് വെളിപ്പാടത്തിയോട് സത്യം ചെയ്യുന്നു(28:10).
പ്രിയമുള്ളവരേ,
ദൈവത്തിനു വേണ്ടി തീക്ഷ്ണമായി നിന്നവർ സാത്താന്യ കൂടാരത്തിൽ അഭയം തേടിയേക്കാം....
നവീന ഉപദേശങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്ന വ്യാഖ്യാനങ്ങളും രംഗപ്രവേശം ചെയ്തേക്കാം...
എന്നാൽ വചനത്തെ ശരിയായി പരിശോധിക്കാം.....!
വിശ്വാസത്തിൽ ഉറച്ചു നിൽക്കാം....!!
ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
എഴുത്തുകാരനും, അനുഗ്രഹീത പ്രഭാഷകനും, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും, മസ്കറ്റ് കാൽവറി ഫെല്ലോഷിപ്പ് ചർച്ച് പാസ്റ്ററുമായ ഡോ.സാബു പോളിന്റെ ശുഭദിന സന്ദേശത്തിലെ തിരഞ്ഞെടുത്ത 30 ചിന്തകൾ
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com