അന്നന്നുള്ള മന്നഉദാഹരണം
എപ്പോഴും സന്തോഷിക്കുക
ധ്യാനം : 1 തെസ്സലോനിക്യർ 5:16
ഇന്നീ ലോകത്തിൽ ഒത്തിരി കാര്യങ്ങളിൽ സന്തോഷിക്കാനും സമാധാനം കൊള്ളുവാനും മനുഷ്യൻ നെട്ടോട്ടമോടുകയാണ്. ഈ ലോകത്തിലെ സന്തോഷമാണ് വലുതെന്ന് ചിന്തിച്ച് സമയം വെറുതെ നഷ്ടമാക്കി കളയുന്ന അനേകരുണ്ട്. ലൌകിക സുഖങ്ങൾ വലുതെന്നെണ്ണി വ്യക്തിത്വത്തെ ഇല്ലാതാക്കി ലോകമനുഷ്യനായി ജീവിക്കുന്നവർ കൂടിവരുകയാണ്. ഇത് ഈ ഭൂമിയിലെ തത്കാലികമായ ഒന്നാണ്. ഒരു കൂട്ടം ആൾക്കാർ സിനിമാക്കാരെ പോലെ ജീവിക്കണമെന്നും, അല്ലെങ്കിൽ ആഡംബരങ്ങളെ ലക്ഷ്യമാക്കി പലവിധ സ്വഭാവങ്ങൾക്കും അടിമകളായി ജീവിച്ച് അവസാനം കുറ്റകൃത്യങ്ങൾ ചെയ്ത് ജീവിതം അവസാനിപ്പിക്കുന്നു. ഇവിടെയാണ് ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതലിന്റെ സന്തോഷം വെളിപ്പെടേണ്ടത്.
1 തെസ്സലോനിക്യർ 5:16 ൽ പറയുന്നു, എപ്പോഴും സന്തോഷിക്കുവീൻ. ഏതിലായിരിക്കണം ഒരു ദൈവപൈതൽ സന്തോഷിക്കേണ്ടത്? അപ്പൊസ്‌തനായ പൗലോസ് തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളിലൂടെ പറയുകയാണ് എപ്പോഴും സന്തോഷിക്കണമെന്നും, ആ സന്തോഷം ആയിരിക്കണമെന്നും. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പ്രതിസന്ധികളും, പ്രശ്നങ്ങളും കടന്നുവരുമ്പോൾ എപ്പോഴും സന്തോഷിക്കണമെന്നാണ് ഇവിടെ പൗലോസ് പ്രബോധിപ്പിക്കുന്നത്. ലോകപ്രകാരമുള്ള കാര്യങ്ങളിൽ ആശ്രയം വയ്ക്കാനല്ല ഒരു ദൈവപൈതൽ പോകേണ്ടത്. മറിച്ച് ദൈവീക സന്തോഷത്തിലുള്ള സമാധാനമാണ് ഒരുവൻ പ്രാപിക്കേണ്ടത്.
എപ്പോഴും സന്തോഷിപ്പിൻ എന്ന് പറയുന്നത് ഏത് സമയത്തും ക്രിസ്തുവിലുള്ള സന്തോഷം നമ്മിൽ ഉണ്ടാകണമെന്നാണ്. ആ ദൈവീക സന്തോഷത്തിൽ നടക്കുബോൾ ഒരുവനിൽ ഉണ്ടാകുന്ന മാറ്റം അതി വലുതാണ്. ഈ ലോകത്തിലെ തത്കാലിക സന്തോഷത്തിലല്ല നിത്യതയോളം ലഭിക്കുന്ന ആത്മീയ സന്തോഷത്തിലാണ് നാം നടക്കേണ്ടത്.
പ്രിയരേ, എപ്പോഴും കർത്താവിലുള്ള സന്തോഷം പ്രാപിക്കാൻ വേണ്ടി സമർപ്പിക്കാം. ലോകപ്രകാരമുള്ള സമാധാനമല്ല, ക്രിസ്തുവിലുള്ള അതിമഹത്തായ സന്തോഷത്തിനായി കാത്തിരിക്കാം.
പ്രാർത്ഥന : സ്വർഗ്ഗസ്ഥനായ പിതാവേ,ക്രിസ്തുവിലുള്ള സന്തോഷം പ്രാപിച്ചു ഓരോ ദിവസവും ദൈവത്തോട് കൂടെ വസിക്കുവാൻ കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. ലോകപ്രകാരമുള്ളതിനെ ആഗ്രഹിക്കാതെ ദൈവീക സന്തോഷത്തോടെ മുന്നോട്ടു പോകുവാൻ ഇടയാകണമേ എന്നും പ്രാർത്ഥിക്കുന്നു. യേശുവിൻ നാമത്തിൽ ആമേൻ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന ദൈവീക സന്ദേശങ്ങളാണ് ഈ ധ്യാനചിന്തയിൽ പ്രതിപാദിച്ചിരിക്കുന്നത്.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion