പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം
വിടുതലുകൾ വ്യത്യസ്തം
ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു, അവർ ആശയിക്കയും നീ അവരെ വിടുവിക്കയും ചെയ്ത (സങ്കീർത്തനം 22:4)
യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെക്കുറിച്ചുള്ള പ്രവചനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് ഈ സങ്കീർത്തനം. ദാവീദാണ് ഇതിന്റെ രചയിതാവ്. യെശയ്യാവ്, ദാനിയേൽ തുടങ്ങിയ പ്രവാചകന്മാർ ദർശനങ്ങളെ കണ്ടും ദൈവശബ്ദം കേട്ടും പ്രവചനം എഴുതിയതുപോലെ വെളിപ്പാടിനാൽ ലഭിച്ച സന്ദേശങ്ങൾ ദാവീദ് പകർത്തിവെച്ചതല്ല ഇത്. അത്തരം പരാമർശങ്ങളൊന്നും ഈ സങ്കീർത്തനത്തിലില്ല. സ്വന്തജീവിതത്തിലെ കഷ്ടാനുഭവങ്ങളുടെ ആധിക്യത്തിൽ ദാവീദ് ദൈവസന്നിധിയിൽ കഴിച്ച ഒരു വിലാപത്തിൽ യേശുക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളുടെ നിഴൽ ദൃശ്യമാവുകയായിരുന്നു. ഭക്തരായ പൂർവ്വപിതാക്കന്മാരുടെ ജീവിതാനുഭവത്തിലൂടെ ഗ്രഹിച്ച പലകാര്യങ്ങളും ദാവീദിന്റെ മനസ്സിലുണ്ട്. തനിക്കു നേരിട്ടിരിക്കുന്നതിനു സമാനമായ വിഷമസന്ധികളിലൂടെ കടന്നുപോയപ്പോൾ ദൈവത്തിലാശ്രയിച്ചു വിടുതൽപ്രാപിച്ചവരുടെ പട്ടിക അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി. പക്ഷേ തനിക്ക് ആ വിധത്തിലുള്ള വിടുതൽ ഉണ്ടാകുന്നില്ല എന്നതിലാണു സങ്കടം. എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്ന യേശുവിന്റെ നിലവിളിയുടെ നിഴൽ ദാവീദിന്റെ ഈ വാക്യത്തിലുണ്ട്. ദൈവം തങ്കൽ ആശ്രയിക്കുന്നവരെ വിടുവിക്കുന്നു എന്നതു സ്പഷ്ടം. എന്നാൽ വിഷയത്തിന്റെ വ്യത്യസ്ത ഘട്ടത്തിലായിരിക്കും ഓരോരുത്തർക്കും വിടുതൽ ഉണ്ടാകുക. ചിലരെ പ്രതി കൂലത്തിൽ പതിക്കാതെ സംരക്ഷിക്കുന്നു, ചിലരെ കഷ്ടതയുടെ തുടക്കത്തിൽത്തന്നെ ഇടപെട്ട് വിടുവിക്കുന്നു, ചിലരെ കഷ്ടതയുടെ നടുവിൽനിന്നു വിടുവിക്കുന്നു. നമ്മിലൂടെയും നാം നേരിടുന്ന വിഷയത്തിലൂടെയും ദൈവം ലക്ഷ്യം വെച്ചിരിക്കുന്ന കാര്യം സാധിക്കാൻ ഏതു ഘട്ടം വരെ പോകേണമോ അവിടം വരെ നാം പോകേണ്ടിവരും. സന്തതിയെകാണുകയും ദീർഘായുസ്സുപ്രാപിക്കയും ചെയ്യുക എന്നതായിരുന്നു യേശുവിനെക്കുറിച്ചുള്ള പദ്ധതി എന്നതിനാൽ ക്രൂശുസഹിച്ചു മരിക്കുന്ന ഘട്ടം വരെ താൻ പോകേണ്ടിവന്നു. എന്നാൽ ഉയിർത്തെഴുന്നേല്പു നല്കി ദൈവം പദ്ധതി വിജയമാക്കി .
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
More
ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org