ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)ഉദാഹരണം
ഉത്തരവാദിത്വവും കുടുംബവും
തന്‍റെ രാജ്യം കെട്ടുപണി ചെയ്യുന്നതിനുള്ള ദൈവത്തിന്‍റെ യൂണിറ്റാണ് ക്രിസ്തീയ കുടുംബം. കഴിഞ്ഞ നൂറ്റാണ്ടില്‍, ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആര് ആര്‍ക്ക് കീഴ്പ്പെടണം എന്നതു സംബന്ധിച്ചുള്ള നിരന്തര വാദമായിരുന്നു. ഇന്ത്യയില്‍ത്തന്നെ, പരമ്പരാഗത കൂട്ടുകുടുംബ വ്യവസ്ഥിയില്‍നിന്നും നാം വ്യതിചലിച്ച്, ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും പ്രത്യേകം പ്രത്യേകം ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡുകളും ഇ-മെയിലും മൊബൈല്‍ ഫോണും ഉള്ളതായ ഒരു ഘട്ടത്തിലെത്തിനില്ക്കുന്നു.
ഇ-മെയില്‍ അക്കൗണ്ടിനെപ്പറ്റിയും മൊബൈല്‍ ഫോണിനെപ്പറ്റി യുമൊന്നും ബൈബിള്‍ സംസാരിക്കുന്നില്ല. എന്നാല്‍ ഒരു ഭര്‍ത്താവും ഭാര്യയും വിവാഹത്തിലൂടെ ഒന്നിക്കുമ്പോള്‍, അന്യോന്യം ആശ്രിതരായും ജീവിതത്തില്‍ സുതാര്യതയോടും കൂടെ കഴിഞ്ഞുകൊള്ളാമെന്നുള്ള ഉടമ്പടിയാണ് അവര്‍ ദൈവമുമ്പാകെ ചെയ്യുന്നത്. നമ്മുടെ എല്ലാ കാര്യങ്ങളും പങ്കാളിയോടു പങ്കുവയ്ക്കുവാന്‍തക്കവിധം നാം സമര്‍പ്പിതരാകുന്നു. ഞാന്‍ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഇ-മെയിലും സന്ദേശങ്ങളും, ഞാന്‍ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഏതു കോളുകളും അന്യോന്യം പങ്കുവയ്ക്കുവാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ നമ്മുടെ ഉത്തരവാദിത്തത്തിന്‍റെ അഭാവമാണ് അതു സൂചിപ്പിക്കുന്നത്.
മാതാപിതാക്കളെന്ന നിലയില്‍ നാം അന്യോന്യം ഉത്തരവാദിത്വം ഉള്ളവരായിരിക്കുമ്പോള്‍ നമ്മുടെ മക്കളും അപ്രകാരംതന്നെ ആയിരിക്കു മെന്നത് സ്വാഭാവികവും നല്ലതുമാണ്. കുടുംബനാഥന്‍ ഭവനത്തില്‍നിന്നു പോയാല്‍ എവിടേയ്ക്കാണ് പോയതെന്ന് ഭവനത്തിലെ ശേഷിക്കുന്നവര്‍ അറിയാതെ കഴിഞ്ഞുകൂടുന്ന പല കുടുംബങ്ങളെയും എനിക്കറിയാം. തങ്ങള്‍ എവിടെയാണെന്നു എവിടേയ്ക്കാണ് പോകുന്നതെന്നും മറ്റും തുറന്നു പറയാന്‍ കഴിയുന്ന ഒരു സുഖാന്തരീക്ഷം നമ്മുടെ കുട്ടികള്‍ക്കുണ്ടായിരിക്കണം.
ദൈവം നമുക്കു തന്നിട്ടുള്ള കുടുംബത്തെ സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക എന്നൊരു അതിപ്രധാന ഉത്തരവാദിത്തം ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നനിലയില്‍ നമ്മില്‍ നിക്ഷിപ്തമായിട്ടുണ്ട്. നമ്മുടെ മക്കളുടെ ജീവിതത്തിന് നാം ഉത്തരവാദികളാണ്. വാക്കാലും മാതൃകയാലും കര്‍ത്താവിങ്കലേയ്ക്ക് അവരെ നയിക്കാനുള്ള ഒരു പ്രതിബദ്ധത നമുക്കുണ്ട്.
സാം എന്നു പേരുള്ള ഒരു വൃദ്ധനായ മനുഷ്യന്‍റെ കഥ ഇപ്രകാരമാണ്. അല്‍ഷിമേഴ്സ് രോഗം ബാധിച്ച തന്‍റെ ഭാര്യ ഒരു വൃദ്ധസദനത്തിലാണ് കഴിയുന്നത്. എല്ലാ ദിവസവും രാവിലെ ഇയാള്‍ തന്‍റെ ഭാര്യയുടെ അടുക്കല്‍ സന്ദര്‍ശനം നടത്തുമായിരുന്നു. മാത്രമല്ല, അവളുടെ കിടക്കയില്‍ അവളോടൊപ്പം ഇരിക്കുകയും തന്‍റെ പുസ്തകം വായിക്കുകയുമൊക്കെ ചെയ്യുക പതിവായിരുന്നു. പ്രതിദിനം ഇതു ശ്രദ്ധിച്ചുകൊണ്ടിരുന്ന അവിടുത്തെ ഹെഡ് നേഴ്സ് ഒരിക്കല്‍ അയാളോടു ചോദിച്ചു: ‘അവള്‍ക്ക് നിങ്ങളെ തന്‍റെ ഭര്‍ത്താവാണെന്നു തിരിച്ചറിയാന്‍ കഴിയാതിരിക്കേ അതറിഞ്ഞുകൊണ്ട് നിങ്ങളെന്തിനാണ് എല്ലാ ദിവസവും ഇപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നത്?’ ആ വൃദ്ധന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ‘കൊള്ളാം, അവള്‍ എന്‍റെ ഭാര്യയാണ്, അല്ലേ? അവള്‍ക്ക് എന്നെ തിരിച്ചറിയാന്‍ കഴികയില്ലെങ്കിലും എനിക്ക് അവളെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടല്ലോ!’ വിവാഹദിനത്തില്‍ പങ്കാളിയോടു പ്രതിജ്ഞ ചെയ്യുമ്പോള്‍ നാം സമര്‍പ്പിക്കേണ്ട ഉത്തരവാദിത്വത്തിന്‍റെ നിലവാരമാണ് അത്.
ഇന്നത്തെ ചിന്ത :
കുടുംബത്തില്‍ അന്യോന്യമുള്ള വിധേയത്വത്തിലൂടെ മാത്രമേ നമുക്കൊരുമിച്ചു കഴിയുവാന്‍ സാധിക്കയുള്ളൂ.
പ്രാര്‍ത്ഥിക്കാം :
സ്നേഹവാനായ കര്‍ത്താവേ, സ്നേഹബന്ധത്തില്‍ എന്‍റെ കുടുംബാംഗങ്ങള്‍ക്കു വിധേയപ്പെടുന്നതിലുള്ള എന്‍റെ ദുരഭിമാനം മാറ്റുവാന്‍ എന്നെ സഹായിക്കേണമേ. കുടുംബമെന്ന നിലയില്‍, ഞങ്ങള്‍ നിന്നില്‍ ശക്തരായി വളര്‍ന്ന് അങ്ങയുടെ ഉദ്ദേശ്യങ്ങള്‍ക്കായി ഉപകാരപ്രദമായി ത്തീരുകയും ചെയ്യത്തക്കവണ്ണം നിന്‍റെ സ്നേഹംകൊണ്ട് ഞങ്ങളെ ബന്ധിക്കേ ണമേ. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യവര്‍ഗ്ഗം എന്നനിലയില്‍ പൊതുവിലും, ക്രിസ്തീയ വിശ്വാസികള്‍ എന്നനിലയില്‍ പ്രത്യേകമായും നാം പല തലങ്ങളിലും ഉത്തരവാദിത്വമുള്ളവരാണ്. ദൈവം, കുടുംബം, സുഹൃത്തുക്കള്‍, മേലധികാരികള്‍, നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന ടീം എന്നിവ അത്തരത്തിലുള്ള ചില തലങ്ങളാണ്. മനുഷ്യന്‍റെ പൊതുസ്വഭാവം പരിഗണിച്ചാല്‍ ആരുംതന്നെ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നവരല്ല. ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് മറ്റെല്ലാ തലങ്ങളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനം.
More
ഈ പദ്ധതിക്ക് വിക്ടർ ജയകാരനെ ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:
http://victorjayakaran.blogspot.in/