ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)ഉദാഹരണം
ദൈവത്തോടുള്ള ഉത്തരവാദിത്വം - സമയം, താലന്തുകള്‍, സമ്പത്ത് - എനിക്കുള്ളതുകൊണ്ട് ഞാന്‍ എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നു?
യുവാവായ ഒരു ഭരണസമിതിയംഗത്തെക്കുറിച്ചുള്ള ഒരു കഥ ഓര്‍മ്മവരുന്നു. ഒരു മരത്തിന്‍കീഴിലിരുന്ന് പകല്‍ക്കിനാവു കാണുന്ന ഒരു ചെറുപ്പക്കാരനെ അയാള്‍ കണ്ടുമുട്ടുന്നു. ആ ചെറുപ്പക്കാരനോട് അയാള്‍ ചോദിച്ചു: ‘നീ എന്താണ് സ്കൂളില്‍ വന്ന് പഠിക്കാത്തത്?’ അവന്‍ തിരിച്ചു ചോദിച്ചു: ‘അതിനു ശേഷം എന്തു ചെയ്യണം'’ അയാള്‍ പറഞ്ഞു, ‘സ്കൂളില്‍ പഠിത്തം പൂര്‍ത്തീകരിച്ചിട്ട് കോളേജില്‍ ചേര്‍ന്നു പഠിച്ച് അവിടെ നിന്നും ഒരു ഡിഗ്രി സമ്പാദിക്കും.’ആ ചെറുപ്പക്കാരന്‍ വീണ്ടും പ്രതികരിച്ചു: ‘എന്നിട്ടോ?’
‘നീ പഠിച്ച് നല്ലൊരു ജോലി കരസ്ഥമാക്കും. അങ്ങനെ ഉന്നതികളി ലെത്തിച്ചേരുകയും സമ്പന്നനായ ഒരു മനുഷ്യനായി സര്‍വ്വീസില്‍ നിന്നു വിരമിക്കുകയും ചെയ്യും.’ എന്നാല്‍ ആദ്യത്തെ ചോദ്യവുമായി ചെറുപ്പക്കാരന്‍ വീണ്ടും വന്നു: ‘അതിനുശേഷം...?’ അപ്പോള്‍ അയാളുടെ മറുപടി: ‘നീ ബീച്ചിനടു ത്തായി ഒരു വീട് വാങ്ങിച്ചിട്ട് അവിടെയുള്ള ഒരു മരത്തിനടിയിലിരുന്ന് സ്വപ്നം കണ്ടങ്ങിരിക്കുക.’ അതിന് അവന്‍റെ പ്രത്യുത്തരം ഇപ്രകാരമായിരുന്നു: ‘ഞാന്‍ ഇപ്പോള്‍ അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്!’ ആ മനുഷ്യന്‍ ബലൂണിന്‍റെ കാറ്റുപോയതുപോലെ ശൂന്യവദനനായി നിന്നു.
ക്രിസ്തീയ വിശ്വാസികളായ നാമും പലപ്പോഴും അങ്ങനെതന്നെയല്ലേ? പല നിലകളില്‍ യേശുവിനെ രക്ഷിതാവായി അറിയുവാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളവരാണ് നാം ഓരോരുത്തരും. എങ്കിലും, ഒരിക്കല്‍ യേശുവിനെ സ്വീകരിച്ചിട്ട് പുറം സീറ്റില്‍ കൈയ്യും കെട്ടിയിരിക്കുന്നവരാണ് നാം. ഇത്തരത്തിലുള്ള മനോഭാവത്തിനെതിരായിട്ടാണ് മത്തായി 25-ാം അദ്ധ്യായ ത്തില്‍ യേശു സംസാരിക്കുന്നത്. തങ്ങള്‍ക്കു ലഭിച്ച സമ്പാദ്യങ്ങളെ വര്‍ദ്ധിപ്പിച്ച ദാസന്മാരെ ആ യജമാനന്‍ പ്രശംസിക്കുന്നതായി ആ ഉപമയില്‍ നാം കാണുന്നുണ്ട്. വ്യത്യസ്ത അളവിലുള്ള വസ്തുവകകളാണ് ആ ദാസന്മാര്‍ക്ക് ഏല്പിക്കപ്പെട്ടത് എന്ന് നമുക്കവിടെ കാണാം. തങ്ങള്‍ക്കു ലഭിച്ചതിനനുസരിച്ച് അത് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ അവര്‍ രണ്ടുപേരെയും യജമാനന്‍ ഒരുപോലെയാണ് പ്രശംസിച്ചത്.
ദൈവം നമുക്കു തന്നിട്ടുള്ളത് - സമയം, സമ്പത്ത്, താലന്ത് മുതലായവ - നാം എങ്ങനെ ചെലവഴിക്കുന്നു എന്നതു സംബന്ധിച്ച് അവനോടു നാം ഉത്തരം പറയേണ്ടതുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തില്‍, ദൈവിക കാര്യങ്ങള്‍ക്കു സമയം ഇല്ലാതവണ്ണം ഈ ലോകത്തിലെ കാര്യങ്ങളുമായി നാം തിരക്കിലേര്‍ പ്പെട്ടിരിക്കുന്നു. നാം ചെലവഴിക്കുന്ന സമയത്തിന്‍റെ തോത് പരിശോധിച്ചാല്‍, നിത്യതയോടുള്ള ബന്ധത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്ത കാര്യങ്ങളാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത് എന്നു ബോദ്ധ്യമാകും. നമ്മുടെ താലന്തുകള്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കുവാനും അവന്‍റെ രാജ്യപരിപാടിയില്‍ വ്യാപൃതരായിരിപ്പാനും നാം എത്രത്തോളം മനസ്സൊരുക്കമുള്ളവരാണ്?
ഇന്നത്തെ ചിന്ത :
ദൈവത്തിന്‍റെ കരങ്ങളില്‍, ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്ന സമയവും താലന്തുകളും വിവേകപൂര്‍ണ്ണമായ വലിയൊരു നിക്ഷേപമാണ്.
പ്രാര്‍ത്ഥിക്കാം :
പ്രിയ കര്‍ത്താവേ, എന്‍റെ നാളുകളെ എണ്ണുവാനും എന്‍റെ സമയം ഉത്തരവാദിത്വത്തോടെ ചെലവഴിക്കാനും എന്നെ സഹായിക്കേണമേ. എനിക്ക് നീ തന്നിട്ടുള്ള സമ്പാദ്യങ്ങളും താലന്തുകളും എന്തൊക്കെയെന്ന് അടിയനെ ഗ്രഹിപ്പിക്കേണമേ. ഈ ഭൂമിയില്‍, അവിടുത്തെ രാജ്യത്തിന്‍റെ വിസ്തൃതിയ്ക്കായി ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമായിത്തീരത്തക്കവണ്ണം അവിടുന്ന് ഏല്പിച്ചിട്ടുള്ള വിഭവങ്ങള്‍ വിശ്വസ്തമായി ഉപയോഗിക്കുവാന്‍ എന്നെ സഹായിക്കേണമേ. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യവര്‍ഗ്ഗം എന്നനിലയില്‍ പൊതുവിലും, ക്രിസ്തീയ വിശ്വാസികള്‍ എന്നനിലയില്‍ പ്രത്യേകമായും നാം പല തലങ്ങളിലും ഉത്തരവാദിത്വമുള്ളവരാണ്. ദൈവം, കുടുംബം, സുഹൃത്തുക്കള്‍, മേലധികാരികള്‍, നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന ടീം എന്നിവ അത്തരത്തിലുള്ള ചില തലങ്ങളാണ്. മനുഷ്യന്‍റെ പൊതുസ്വഭാവം പരിഗണിച്ചാല്‍ ആരുംതന്നെ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നവരല്ല. ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് മറ്റെല്ലാ തലങ്ങളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനം.
More
ഈ പദ്ധതിക്ക് വിക്ടർ ജയകാരനെ ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:
http://victorjayakaran.blogspot.in/