ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)ഉദാഹരണം
ഏതുവിധേനയും, ഇത് ആരുടെ സമ്പത്താണ്?
താഴെ പറയുംപ്രകാരം രസകരമായ ഒരു ചൊല്ലുണ്ട്: ‘സകല ദോഷത്തിന്‍റെയും മൂലകാരണം പണമാണ്; എന്നാല്‍ മനുഷ്യന് പണം ആവശ്യമാണ്’ (Money is the root of all ,but man needs roots). നാം ക്രിസ്തുവിനെ പിന്തുടര്‍ന്നാലും ഇല്ലെങ്കിലും പണം നമ്മുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. എന്നാല്‍ ധനത്തെ സംബന്ധിച്ച് ഒരു ക്രൈസ്തവനും അക്രൈസ്തവനും തമ്മിലുള്ള കാഴ്ചപ്പാടില്‍ പ്രകടമായ വ്യത്യാസം ഉണ്ട്. ലോക മനുഷ്യരെ സംബന്ധിച്ച്, ജീവിക്കാനും, വേണ്ടി വന്നാല്‍ മരിക്കാനുമുള്ള ഒരു സംഗതിയാണ് ധനം. പണമാണ് അവരുടെ എല്ലാമെല്ലാം. എന്നാല്‍ കര്‍ത്താവിനെ രക്ഷിതാവായി സ്വീകരിച്ച നമ്മെ സംബന്ധിച്ച് പണം എന്നത് താത്ക്കാലികമായൊരു കാര്യം മാത്രമാണ്. സദൃശവാക്യങ്ങള്‍ 23:5-ല്‍ പറയും പോലെ അത് പെട്ടെന്ന് ഇല്ലാതെയായി പോകുന്ന ഒന്നത്രെ. ക്രിസ്തുവിശ്വാസികളായ നാം പണത്തെ ദൈവസേവയ്ക്കായിട്ടാണ് ഉപയോഗിക്കേണ്ടത്. പണത്തിന്‍റെ കാര്യത്തിലേക്കു വരുമ്പോള്‍ ഒരു അയഞ്ഞ മനോഭാവമാണ് നമുക്ക് വേണ്ടത്.
യിസ്രായേല്‍ ജനം ദശാംശം കൊടുത്തതിലൂടെ തങ്ങളുടെ സമ്പത്തിന്‍റെമേലുള്ള ദൈവത്തിന്‍റെ സര്‍വ്വാധികാരം അവര്‍ ഗ്രഹിച്ചിരുന്നു. പഴയനിയമത്തിലേക്കാള്‍ കൂടുതല്‍ കൊടുക്കുവാന്‍ പ്രബോധിപ്പിക്കപ്പെട്ടി ട്ടുള്ളവരാണ് പുതിയനിയമ വിശ്വാസികളായ നാം. ദശാംശം അഥവാ പത്തിലൊന്ന് കൃത്യമായി കൊടുക്കുന്ന വിശ്വാസികള്‍, പത്തിലൊമ്പത് തങ്ങള്‍ക്കിഷ്ടപ്പെട്ടതുപോലെ ഉപയോഗിക്കാം എന്നു ചിന്തിച്ചുപോകാനുള്ള സാദ്ധ്യതയുണ്ട്. നമ്മുടെ സമ്പത്ത് മുഴുവനും നല്കിയത് ദൈവമാണ് എന്നും, അതിന്‍റെ മുഴുവന്‍റെയും യജമാനന്‍ കര്‍ത്താവാണ് എന്നും തിരിച്ചറിയുന്നതില്‍ നാം ചിലപ്പോള്‍ പരാജിതരാകാറുണ്ട്. ദൈവം നമുക്ക് എന്തെല്ലാം നല്കി അനുഗ്രഹിച്ചിട്ടുണ്ടോ, അവ എല്ലാറ്റിനെയും ദൈവം അനുഗ്രഹിക്കണം എന്നു നാം ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ സകല സമ്പാദ്യങ്ങളിലും നമുക്ക് ഉത്തരവാദിത്വമുണ്ടായിരിക്കേണ്ടതാണ്.
ഇന്നത്തെ ലോകത്തില്‍, ക്രെഡിറ്റ് കാര്‍ഡിന്‍റെ രംഗപ്രവേശനം, നാം ആഗ്രഹിക്കുന്നതെന്തും എപ്പോള്‍ വേണമെങ്കിലും സ്വന്തമാക്കുവാനുള്ള ഒരു സാദ്ധ്യത ഒരുക്കിയിരിക്കയാണ്. നമ്മുടെ പണത്തെയും സമ്പാദ്യങ്ങളെയും ദൈവം അനുഗ്രഹിക്കണം എന്നു നാം ആഗ്രഹിക്കുന്നു എങ്കില്‍, നമ്മുടെ സമ്പത്തിനെ വിനിയോഗം ചെയ്യുന്ന വിധം യേശുവിന് സ്വീകാര്യമാണോ എന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്. ഇതു നാം മറന്നുകൂടാ. ഈ ലോകത്തില്‍ അവന്‍റെ രാജ്യം പണിതുയര്‍ത്തുവാന്‍ നമ്മെ സഹായിക്കേണ്ടതിനാണ് ദൈവം നമുക്ക് സമ്പത്ത് നല്കുന്നതെന്നു നാം ഗ്രഹിക്കുമ്പോള്‍ സമ്പത്തിനോടുള്ള നമ്മുടെ മനോഭാവം തീര്‍ത്തും വ്യത്യസ്തമായിരിക്കും. സദൃശവാക്യങ്ങള്‍ 10:22-ല്‍ നാം ഇപ്രകാരമാണ് വായിക്കുന്നത്, ‘യഹോവയുടെ അനുഗ്രഹത്താല്‍ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല്‍ അതിനോട് ഒന്നും കൂടുന്നില്ല.’
കടന്നുപോയ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ച ഒരു പ്രധാനപ്പെട്ട സത്യമുണ്ട്: നാം വിശ്വസ്തമായി കാര്യവിചാരകത്വം ചെയ്യാന്‍ തക്കവിധം പക്വതയുള്ളവരോ അല്ലാത്തവരോ എന്നു ദൈവം കാണുന്നതിനനുസരിച്ചു മാത്രമേ അവന്‍ നമുക്കു സമ്പത്തും മറ്റും നല്കുകയുള്ളൂ. ദൈവം നമുക്കു സമ്പത്തു നല്കുമ്പോള്‍, ഈ ലോകത്തില്‍ അവന്‍റെ രാജ്യം വ്യാപിക്കപ്പെടും വിധം നമുക്കു ചുറ്റുമുള്ളവരുടെ അനുഗ്രഹത്തിനുള്ള ചാനലുകളായി അവ തീരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
ഇന്നത്തെ ചിന്ത :
പണത്തെ സ്നേഹിക്കുകയും ആളുകളെ ഉപയോഗിക്കു കയുമല്ല, പണത്തെ ഉപയോഗിക്കുകയും ആളുകളെ സ്നേഹിക്കുകയും ചെയ്യുക.
പ്രാര്‍ത്ഥിക്കാം :
കര്‍ത്താവായ യേശുവേ, ധനത്തെക്കുറിച്ചുള്ളൊരു ശരിയായ വീക്ഷണം എനിക്കു നല്‍കേണമേ. ധനത്തെ ഒരു അടിമയായി ഉപയോഗി ക്കുവാനും, ഒരിക്കലും ഞാന്‍ അതിന്‍റെ അടിമയായിത്തീരാതിരിക്കാനും എന്നെ സഹായിക്കേണമേ. പണത്തെയും സമ്പത്തിനെയുമല്ല, സകല അനുഗ്രഹ ത്തിന്‍റെയും ഉറവിടമായ അങ്ങയെത്തന്നെ നോക്കി എപ്പോഴും ജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യവര്‍ഗ്ഗം എന്നനിലയില്‍ പൊതുവിലും, ക്രിസ്തീയ വിശ്വാസികള്‍ എന്നനിലയില്‍ പ്രത്യേകമായും നാം പല തലങ്ങളിലും ഉത്തരവാദിത്വമുള്ളവരാണ്. ദൈവം, കുടുംബം, സുഹൃത്തുക്കള്‍, മേലധികാരികള്‍, നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന ടീം എന്നിവ അത്തരത്തിലുള്ള ചില തലങ്ങളാണ്. മനുഷ്യന്‍റെ പൊതുസ്വഭാവം പരിഗണിച്ചാല്‍ ആരുംതന്നെ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നവരല്ല. ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് മറ്റെല്ലാ തലങ്ങളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനം.
More
ഈ പദ്ധതിക്ക് വിക്ടർ ജയകാരനെ ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:
http://victorjayakaran.blogspot.in/