ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)ഉദാഹരണം

ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)

7 ദിവസത്തിൽ 5 ദിവസം

വേലയിലുള്ള ഉത്തരവാദിത്തം - ഉല്പാദനക്ഷമതയും ഉടമസ്ഥതയും 

ഇന്നത്തെ ലോകത്തില്‍, ജോലി കണ്ടെത്തുക എന്നത് അത്ര ദുഷ്കരമല്ല. എന്നാല്‍ നല്ലവരും സമര്‍ത്ഥരുമായ ആളുകളെ കിട്ടാന്‍ പ്രയാസമാണ്. അധികം ഡിമാന്‍ഡുകളില്ലാത്തതും അതേസമയം മെച്ചമായ വേതനം ലഭിക്കുന്നതുമായ തരത്തിലുള്ള ജോലികൊണ്ട് ജീവിതം ആരംഭിക്കുവാനാണ് അധികം യുവജനങ്ങളും താത്പര്യപ്പെടുന്നത്. യേശുവിന്‍റെ അനുഗാമികളായ നമുക്ക് ഇവിടെയും ഒരു വ്യത്യസ്തത സൂക്ഷിക്കുവാന്‍ കഴിയുന്നതാണ്. എന്‍റെ പിതാവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് പ്രിയമായി തോന്നുന്ന പല കാര്യങ്ങളിലൊന്ന്, വേലയോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും ഉത്കൃഷ്ടത യ്ക്കായുള്ള കഠിനാദ്ധ്വാനവുമാണ്. 

കഴിഞ്ഞ 20 വര്‍ഷക്കാലത്തിനിടയില്‍, ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ വന്‍ വളര്‍ച്ച കൈവരിച്ചു. അതില്‍ നാം അഭിമാനിക്കുകയും സ്വയം സംതൃപ്തിയടയുകയും ചെയ്യുന്നു. എന്നാല്‍ നാം ഉല്പാദിപ്പിക്കുന്നവയുടെ ഗുണനിലവാരത്തിന്‍റെ കാര്യത്തില്‍ ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് നാം ഓര്‍മ്മിക്കണം. സത്യവിശ്വാസികള്‍ എന്ന നിലയില്‍ നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു വ്യത്യസ്തത പുലര്‍ത്തേണ്ടവരാണ്. എന്‍റെ ജീവിതത്തിന്‍റെ ചെറിയ കോണുകളില്‍ ഞാന്‍ ഒരു വെളിച്ചംപോലെ പ്രകാശിക്കുന്നുണ്ടോ? ഉല്‍കൃഷ്ടതയ്ക്കുള്ളൊരു മാനദണ്ഡമായി മറ്റുള്ളവര്‍ക്ക് എന്നെ ചൂണ്ടിക്കാട്ടുവാന്‍ കഴിയുമോ? ശ്രേഷ്ഠതയും കഠിനാദ്ധ്വാനവും ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഐച്ഛിക വിഷയങ്ങളല്ല, ജീവിത ശൈലിയാണ്. 

ക്രിസ്ത്യാനികളായ നാം വെളിപ്പെടുത്തേണ്ട ഉത്തരവാദിത്വത്തിന്‍റെ ഒരു സുപ്രധാന വശം, നാം ഏറ്റെടുക്കുന്ന എന്തിന്‍റെയും ഉത്തരവാദിത്വവും ഉടമസ്ഥതയും നാം സ്വീകരിക്കുക എന്നുള്ളതാണ്. നമ്മുടെ പൂര്‍വ്വപിതാവായ ആദാം, താന്‍ ചെയ്തതിന്‍റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഒരു ഘട്ടം വന്നപ്പോള്‍ അത് തന്‍റെ ഭാര്യയായ ഹവ്വയ്ക്കു കൈമാറുകയാണ് ചെയ്തത് (ഉല്പത്തി 3:11-13). ഉടന്‍തന്നെ, ഹവ്വ ആ കുറ്റം സര്‍പ്പത്തിന്‍റെമേലും വെച്ചു. കാര്യങ്ങള്‍ തെറ്റായി മാറുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്തം ആരുടെയെങ്കിലും ചുമലില്‍ കെട്ടിവയ്ക്കുക എന്നത് കേവലം മനുഷ്യസ്വഭാവമാണ്. 

തങ്ങള്‍ ചെയ്ത പാപപ്രവൃത്തികള്‍ക്കെതിരെ യഹോവ ഇടപെട്ടപ്പോള്‍ ശൗലും ദാവീദും അതിനോടു പ്രതികരിച്ച വിധം എത്രയോ വ്യത്യസ്തമാണ്! അമാലേക്യരെ സമൂലം സംഹരിക്കാത്തതിനാല്‍ ശമൂവേല്‍ ശൗലിനെ സന്ധിച്ചപ്പോള്‍ അതിന്‍റെ കുറ്റം ശൗല്‍ തന്‍റെ സൈന്യത്തിന്‍റെമേല്‍ കെട്ടിവയ്ക്കുകയും തന്നെത്തന്നെ ന്യായീകരിക്കുകയുമാണ് ചെയ്തതെന്ന് 1 ശമൂവേല്‍ 15-ാം അദ്ധ്യായത്തില്‍ നമുക്കു ദര്‍ശിക്കാം. മറുഭാഗത്ത്, ദാവീദ് ചെയ്തത്, തന്‍റെ പാപപ്രശ്നവുമായി നാഥാന്‍ പ്രവാചകന്‍ തന്‍റെയടുക്കല്‍ വന്നപ്പോള്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയായിരുന്നത്രേ. 2 ശമൂവേല്‍ 12-ല്‍ ഇതു നാം കാണുന്നുണ്ട്. 

കോര്‍പ്പറേറ്റ് ലോകത്തുപോലും, ശക്തിയും അധികാരവും ഉള്ളപ്പോള്‍ ഉത്തരവാദിത്വവും ഉണ്ടെന്നും, കാര്യങ്ങള്‍ തെറ്റായി ഭവിക്കുമ്പോള്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും നാം പലപ്പോഴും മനസ്സിലാക്കുന്നില്ല. തങ്ങളുടെ ചെയ്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വളരെ കുറച്ച് അധികാരികളെ മാത്രമേ ഗവണ്‍മെന്‍റ് തലത്തിലും കോര്‍പ്പറേറ്റ് മേഖലയിലും നമുക്കു കണ്ടെത്താനാകൂ. തെറ്റിപ്പോയത് എവിടെയെന്ന് അംഗീകരിക്കാന്‍ തയ്യാറുണ്ടെങ്കിലേ അതില്‍നിന്നു പാഠങ്ങള്‍ പഠിക്കുവാന്‍ നാം പ്രാപ്തരാകയുള്ളൂ. 

ഇന്നത്തെ ചിന്ത : 

കാര്യങ്ങള്‍ ശരിയായി പോയാലും തെറ്റിപ്പോയാലും അതിന്‍റെ ഉത്തരവാദിത്വം ഏല്ക്കുവാന്‍ തയ്യാറാകേണ്ടവരാണ് ക്രിസ്ത്യാനികള്‍ 

പ്രാര്‍ത്ഥിക്കാം : 

കര്‍ത്താവായ യേശുവേ, എന്‍റെ ജോലിയില്‍ ശരിയായ മനോഭാവം പുലര്‍ത്തുവാന്‍ എന്നെ സഹായിക്കേണമേ. മറ്റുള്ളവര്‍ അങ്ങയെ കണ്ട് മഹത്വപ്പെടുത്തേണ്ടതിന് എന്‍റെ കൈകളുടെ പ്രവൃത്തിയെ സഫലമാക്കേണമേ. എന്‍റെ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും അതില്‍നിന്നു പഠിക്കുവാനുമുള്ള ധൈര്യം എനിക്കു പകരേണമേ. 

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)

മനുഷ്യവര്‍ഗ്ഗം എന്നനിലയില്‍ പൊതുവിലും, ക്രിസ്തീയ വിശ്വാസികള്‍ എന്നനിലയില്‍ പ്രത്യേകമായും നാം പല തലങ്ങളിലും ഉത്തരവാദിത്വമുള്ളവരാണ്. ദൈവം, കുടുംബം, സുഹൃത്തുക്കള്‍, മേലധികാരികള്‍, നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന ടീം എന്നിവ അത്തരത്തിലുള്ള ചില തലങ്ങളാണ്. മനുഷ്യന്‍റെ പൊതുസ്വഭാവം പരിഗണിച്ചാല്‍ ആരുംതന്നെ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നവരല്ല. ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് മറ്റെല്ലാ തലങ്ങളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനം. 

More

ഈ പദ്ധതിക്ക് വിക്ടർ ജയകാരനെ ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:
http://victorjayakaran.blogspot.in/