സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾഉദാഹരണം

Time Management Principles From God’s Word

6 ദിവസത്തിൽ 5 ദിവസം

ഓരോ ദിവസവും ആസൂത്രണം ചെയ്യുക

ധനകാര്യത്തിൽ വിജയിക്കാനുള്ള രഹസ്യം, നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കണം എന്നത് അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നതിന് മുൻപുതന്നെ ആസൂത്രണം ചെയ്യുക എന്നതാണെന്ന് എല്ലാവർക്കുമറിയാം. നമ്മുടെ സമയത്തിനും അതേ അച്ചടക്കത്തോടെയുള്ള സമീപനം സ്വീകരിക്കണം. സത്യത്തിൽ, പണത്തെപോലെ നമുക്ക് കൂടുതൽ സമയം സമ്പാദിക്കാൻ കഴിയാത്തതുകൊണ്ട് നമ്മുടെ ഡോളറുകളേക്കാൾ ഉപരി സമയം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെപ്പറ്റി നാം കൂടുതൽ ബോധവാന്മാരാകേണം.

ഈ വായനാ പദ്ധതിയുടെ രണ്ടാം ദിവസം നിങ്ങൾ യേശുവിന്റെ നേതൃത്വം പിൻപറ്റിയെങ്കിൽ, ഒരു നിശ്ചിത ദിവസത്തിൽ നിങ്ങൾ എത്ര സമയം ഉൽപ്പാദനക്ഷമതയുള്ളവരായിരിക്കാൻ നീക്കിവച്ചുവെന്ന് വ്യക്തമാക്കുന്ന വ്യക്തമായ അതിരുകൾ നിങ്ങൾക്കു കിട്ടിക്കാണും. ഈ അതിരുകൾ സജ്ജീകരിച്ച്, നിങ്ങളുടെ പ്രതിബദ്ധതകൾ ശേഖരിച്ച്, അത്യാവശ്യമായ കുറച്ച് കാര്യങ്ങളും കർത്തവ്യങ്ങളും തിരിച്ചറിഞ്ഞ സ്ഥിതിക്ക്, ഓരോ ദിവസവും ഓരോ മണിക്കൂറും നിങ്ങൾ എങ്ങനെ ചെലവഴിക്കണമെന്നു കുറച്ചുകൂടി വിശദമായി ആസൂത്രണം ചെയ്യാനുള്ള തലത്തിലേക്ക് പ്രവേശിക്കാനുള്ള സമയമാണിത്. ലൂക്കോസ് 14:28-ലെ യേശുവിന്റെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമാണ്: "നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?" നമ്മൾ ഏറ്റിരിക്കുന്ന കാര്യങ്ങൾ "തീർപ്പാൻ വക ഉണ്ട്" എന്ന് ഉറപ്പാക്കാൻ നമ്മുടെ സമയത്തിന്റെ "കണക്ക് നോക്കി" അത് വേണ്ടതിനു മാറ്റി വെക്കണം.

അപ്പോൾ, ഇത് പ്രായോഗികമായി എങ്ങനെ ചെയ്യാം? എന്നെ സംബന്ധിച്ചിടത്തോളം, എല്ലാ ദിവസവും ജോലിയുടെ അവസാന 30 മിനിറ്റ് ഞാൻ ചെയ്യുന്നത് - അടുത്ത ദിവസം ഞാൻ നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും അത്യാവശ്യമായ കാര്യങ്ങളും കർത്തവ്യങ്ങളും കണ്ടുപിടിക്കുകയും അവയും എന്റെ കലണ്ടറിലെ മറ്റെല്ലാ കാര്യങ്ങളും നിറവേറ്റുന്നതിന് എന്റെ സമയം എങ്ങനെ വിനിയോഗിക്കുമെന്ന് ആസൂത്രണം ചെയ്യുകയുമാണ്. ഈ രീതിയിൽ, അടുത്ത ദിവസം രാവിലെ ഞാൻ ജോലി തുടങ്ങുമ്പോൾ അടുത്തതായി എന്തുചെയ്യുമെന്ന് ചിന്തിച്ച് എന്റെ വിലയേറിയ മാനസിക ഊർജ്ജം പാഴാക്കേണ്ടതില്ല. തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇപ്പോൾ ഞാൻ ചെയ്യേണ്ടത് അവ നിവർത്തിക്കുക മാത്രമാണ്.

സദൃശവാക്യങ്ങളിൽ ഉടനീളം, നമ്മുടെ സമയവും പണവും എങ്ങനെ ചെലവഴിക്കണമെന്ന് യാഥാസ്ഥിതികമായി ആസൂത്രണം ചെയ്യുന്നതിനുള്ള ജ്ഞാനം ദൈവം വെളിപ്പെടുത്തുന്നു. നിങ്ങളുടെ ദിവസങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ, 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നവയെ മനഃപൂർവ്വം കുറച്ചുകാണുക. ഒരു നിശ്ചിത കാലയളവിൽ നമുക്ക് ചെയ്യാൻ കഴിയുന്നവയുടെ എണ്ണം അമിതമായി വിലയിരുത്തുന്നതാണ് മനുഷ്യ സ്വഭാവം. ഇതിനെക്കുറിച്ച് ബോധവാന്മാരാകുന്നത് നിങ്ങളുടെ സമയം ആസൂത്രണം ചെയ്യുന്നതിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും. ദിവസത്തിന്റെ ഒടുവിൽ അപ്രതീക്ഷിതമായി ഒഴിവു സമയം കിട്ടുന്നതാണ് ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെക്കാൾ നല്ലത്.

ലൂക്കോസ് 14:29-30-ലെ യേശുവിന്റെ മുന്നറിയിപ്പ് ഓർക്കുക: “അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർപ്പാൻ വകയില്ല എന്നു വന്നേക്കാം; കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, തീർപ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.'” നമ്മൾ ചെയ്യുമെന്ന് പറയുന്നത് ചെയ്യാതിരിക്കുന്നത് നഷ്ടപ്പെട്ട ലോകത്തിനു മുൻപിൽ നമ്മുടെ സാക്ഷ്യത്തിന് ഹാനികരമാണ്. നിങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ സമയം നന്നായി ആസൂത്രണം ചെയ്യുക.

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

Time Management Principles From God’s Word

ഒരു ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതൽ ഇല്ലെന്നതിൽ നിങ്ങൾ നിരാശനാണോ? നിങ്ങളുടെ പട്ടികയിലെ പദ്ധതികളുടെ എണ്ണം അമിതമാണോ? ദൈവവചനത്തിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാൻ വേണ്ടത്ര ഊർജ്ജവും സമയവും ഇല്ലാത്തതിനാൽ നിങ്ങൾ ക്ഷീണിതനാണോ? ഇതൊക്കെ ലോകത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളായിരിക്കാം. എന്നാൽ സുവാർത്ത ഇതാണ് - നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തത്ത്വങ്ങൾ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ആ തിരുവെഴുത്തുകളെ വിശദീകരിക്കുകയും ഈ ജീവിതത്തിൽ നിങ്ങൾക്ക് അവശേഷിക്കുന്ന സമയം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനുള്ള അതിവിശിഷ്ഠമായ പ്രായോഗിക ഉപദേശം നൽകുകയും ചെയ്യും!

More

ഈ പദ്ധതി നൽകിയതിന് ജോർദാൻ റെയ്‌നറിന് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: http://www.jordanraynor.com/time/