സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾഉദാഹരണം
സമയം കൈകാര്യം ചെയ്യുക എന്ന പ്രശ്നം
സമയം തക്കത്തിൽ ഉപയോഗിക്കുന്നതെങ്ങനെ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഇതിൽ ഞാൻ വിപുലനായതുകൊണ്ടല്ല, പക്ഷെ എന്റെ ജീവിതത്തിലെ പല പ്രവർത്തനങ്ങളെയും സന്തുലിതമാക്കാൻ ഞാൻ വളരെയധികം പരിശീലനം നേടിയതിനാലാണ്. ഒരു വെഞ്ച്വർ പിന്തുണയുള്ള ടെക്നോളജി സ്റ്റാർട്ടപ്പിന്റെ സിഇഒ ആയി പ്രവർത്തിക്കുന്നതിനു പുറമേ, ഞാൻ ഒരു എഴുത്തുകാരൻ കൂടിയാണ്. എന്റെ സഹക്രിസ്ത്യാനികളെ അവരുടെ ജോലിയുമായി സുവിശേഷം ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് എന്റെ എഴുത്തിലൂടെ ഞാൻ പരമാവധി ശ്രമിക്കുന്നു. വീട്ടിൽ, ഞാൻ ഒരു ഭർത്താവും മൂന്ന് വയസ്സിന് താഴെയുള്ള രണ്ട് മിടുക്കി പെൺകുട്ടികളുടെ പിതാവുമാണ്. എന്റെ ജീവിതം ഇപ്പോൾ തിരക്കുള്ളതാണ് എന്ന് പറയുന്നത് ഒരു അതിശയോക്തി അല്ല. എന്നാൽ ദൈവകൃപയാൽ മാത്രം, ഞാൻ എല്ലാം "കൈകാര്യം" ചെയ്യുകയും എല്ലാ രാത്രിയിലും 7-8 മണിക്കൂർ ഉറങ്ങുകയും ചെയുന്നു. എന്റെ സമയം നന്നായി കൈകാര്യം ചെയ്യുക എന്നത് പണ്ടേ എന്റെ ഒരു അഭിനിവേശമാണ്. എന്തുകൊണ്ട്? കാരണം, നമ്മുടെ ജീവിതം “അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ” (യാക്കോബ് 4:14) എന്ന് വേദപുസ്തകം നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു. ദൈവം നിങ്ങളെയും എന്നെയും ഈ ഭൂമിയിൽ ആക്കിയിരിക്കുന്നതിനു ഒരു കാരണമുണ്ട്: ദൈവത്തെ സ്നേഹിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും യേശുക്രിസ്തുവിന്റെ ശിഷ്യരാക്കാനും. നാം ലക്ഷ്യബോധമുള്ള ഒരു കൂട്ടമാണ്. വെറുതെ ഇരിക്കാനും നിത്യതയ്ക്കായി കാത്തിരിക്കാനും വേണ്ടിയല്ല നമ്മൾ സൃഷ്ടിക്കപ്പെട്ടത്. ലോകത്തിൽ ഇടപഴകാനും, സംസ്കാരം സൃഷ്ടിക്കാനും, നമ്മുടെ ജീവിതത്തിലൂടെയും നമ്മുടെ ജോലിയിലൂടെയും നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഉൽപ്പാദനക്ഷമതയുള്ളവരാകാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ, ലോകത്തെ വീണ്ടെടുക്കാനുള്ള തന്റെ ദൗത്യത്തിൽ അവനോടൊപ്പം ചേരാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.ആ ദൗത്യത്തിന്റെ വ്യാപ്തിയും സമയത്തിന്റെ ക്ഷണികതയും കണക്കിലെടുക്കുമ്പോൾ, ആരോഗ്യകരമായ അടിയന്തിര ബോധത്തോടെ ജീവിക്കുന്ന, കിട്ടിയിരിക്കുന്ന വിലയേറിയ സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന, ഈ ഗ്രഹത്തിലെ ഏറ്റവും ലക്ഷ്യബോധമുള്ള ആളുകളായിരിക്കണം നമ്മൾ. അതുകൊണ്ടാണ് നിങ്ങൾ ഈ പദ്ധതി വായിക്കുന്നത്! അടുത്ത കുറച്ച് ദിവസങ്ങളിൽ, തിരുവെഴുത്തുകളിൽ നിന്ന് നേരിട്ട് സമയം കൈകാര്യം ചെയ്യാനുള്ള കുറച്ച് തത്വങ്ങൾ കണ്ടെത്തുന്നതിന് നമ്മൾ ഒരുമിച്ച് ദൈവവചനം പരിശോധിക്കും. എന്നാൽ ഈ പ്രക്രിയ എളുപ്പമല്ലെന്ന് ഞാൻ ഇപ്പോൾ തന്നെ മുന്നറിയിപ്പ് നൽകുകയാണ്. എളുപ്പമായിരുന്നെങ്കിൽ നാമെല്ലാവരും ഈ പ്രശ്നവുമായി ശാശ്വതമായി പോരാടുമായിരുന്നില്ല. വിജയകരമായി സമയം കൈകാര്യം ചെയ്യാൻ കഴിയുന്നത് ഉത്സാഹവും അച്ചടക്കവും ഉള്ളപ്പോഴാണ് (സദൃശവാക്യങ്ങൾ 21:5). നമ്മൾ കാണാൻ പോകുന്നതുപോലെ, സമയത്തിൽ അച്ചടക്കം പാലിക്കുന്നത് നമ്മുടെ കർത്താവിനും രക്ഷകനും വേണ്ടി ലോകത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്നതിന് നമ്മെ സ്വതന്ത്രരാക്കും. കർത്താവ് നിങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പരിമിതമായ സമയം പരമാവധി പ്രയോജനപ്പെടുത്താൻ തയ്യാറാണോ? നമുക്ക് ആരംഭിക്കാം!
ഈ പദ്ധതിയെക്കുറിച്ച്
ഒരു ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതൽ ഇല്ലെന്നതിൽ നിങ്ങൾ നിരാശനാണോ? നിങ്ങളുടെ പട്ടികയിലെ പദ്ധതികളുടെ എണ്ണം അമിതമാണോ? ദൈവവചനത്തിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാൻ വേണ്ടത്ര ഊർജ്ജവും സമയവും ഇല്ലാത്തതിനാൽ നിങ്ങൾ ക്ഷീണിതനാണോ? ഇതൊക്കെ ലോകത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളായിരിക്കാം. എന്നാൽ സുവാർത്ത ഇതാണ് - നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തത്ത്വങ്ങൾ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ആ തിരുവെഴുത്തുകളെ വിശദീകരിക്കുകയും ഈ ജീവിതത്തിൽ നിങ്ങൾക്ക് അവശേഷിക്കുന്ന സമയം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനുള്ള അതിവിശിഷ്ഠമായ പ്രായോഗിക ഉപദേശം നൽകുകയും ചെയ്യും!
More