പുറപ്പാട് 39:32-43

പുറപ്പാട് 39:32-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണിയൊക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെതന്നെ അവർ ചെയ്തു. അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്ത്, പലക, അന്താഴം, തൂൺ, ചുവട്, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശുതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, സാക്ഷ്യപെട്ടകം, അതിന്റെ തണ്ട്, കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും, വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗം, കൂടാരവാതിലിനുള്ള മറശ്ശീല, താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ട്, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവട്, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാ പണിയും തീർത്തു. മോശെ പണിയൊക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെതന്നെ അവർ അതു ചെയ്തുതീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

പുറപ്പാട് 39:32-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്റെ നിർമ്മാണം പൂർത്തിയായി. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേൽജനം എല്ലാ കാര്യങ്ങളും ചെയ്തുതീർത്തു. അവർ തിരുസാന്നിധ്യകൂടാരവും അതിന്റെ ഉപകരണങ്ങളും മോശയുടെ അടുക്കൽ കൊണ്ടുവന്നു. കൂടാരം, കൊളുത്തുകൾ, ചട്ടങ്ങൾ, അഴികൾ, തൂണുകൾ, ചുവടുകൾ; കോലാടിന്റെ ഊറയ്‍ക്കിട്ട തോലുകൊണ്ടും തഹശുതോൽകൊണ്ടും നിർമ്മിച്ച മൂടുവിരികൾ, തിരശ്ശീലകൾ; ഉടമ്പടിപ്പെട്ടകം, അതിന്റെ തണ്ടുകൾ, മൂടി, കാഴ്ചയപ്പം വയ്‍ക്കുന്ന മേശ, അതിന്റെ ഉപകരണങ്ങൾ, തനി തങ്കംകൊണ്ടുനിർമ്മിച്ച വിളക്കുതണ്ട്, വിളക്കുകൾ, ഉപകരണങ്ങൾ, വിളക്കിനു വേണ്ട എണ്ണ, സ്വർണയാഗപീഠം, അഭിഷേകതൈലം, ധൂപക്കൂട്ട്, കൂടാരവാതിലിന്റെ തിരശ്ശീല, ഓടുകൊണ്ടുള്ള യാഗപീഠവും അതിന്റെ അഴിക്കൂടും, തണ്ടുകൾ, ഉപകരണങ്ങൾ, ക്ഷാളനപാത്രം, അതിന്റെ പീഠം; അങ്കണത്തിന്റെ മറകൾ, അവയുടെ തൂണുകൾ; ചുവടുകൾ, പ്രവേശനകവാടത്തിന്റെ തിരശ്ശീല, അതിന്റെ ചരടുകൾ, കുറ്റികൾ, വിശുദ്ധമായ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങൾ, പുരോഹിതനായ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരായ പുരോഹിതന്മാരും വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങൾ എന്നിവയെല്ലാം കൊണ്ടുവന്നു. സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേൽജനം ചെയ്തു. അവർ ചെയ്തതെല്ലാം മോശ പരിശോധിച്ചു. സർവേശ്വരൻ കല്പിച്ചിരുന്നതുപോലെതന്നെ അവർ എല്ലാം ചെയ്തിരുന്നതുകൊണ്ടു മോശ അവരെ അനുഗ്രഹിച്ചു.

പുറപ്പാട് 39:32-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ പണി തീർന്നു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു. അങ്ങനെ തന്നെ അവർ ചെയ്തു. അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്‍റെ ഉപകരണങ്ങൾ കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, സാക്ഷ്യപെട്ടകം, അതിന്‍റെ തണ്ട്, കൃപാസനം, മേശ, അതിന്‍റെ ഉപകരണങ്ങളെല്ലാം, കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്ക്കുവാനുള്ള ദീപങ്ങൾ, അതിന്‍റെ ഉപകരണങ്ങൾ, വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല, താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ടുകൾ, അതിന്‍റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്‍റെ കാൽ, പ്രാകാരത്തിന്‍റെ മറശ്ശീലകൾ, തൂണുകൾ, അതിന്‍റെ ചുവട്, പ്രാകാരവാതിലിൻ്റെ മറശ്ശീല, അതിന്‍റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതശുശ്രൂഷയ്ക്കായി അഹരോന്‍റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ. ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ എല്ലാപണിയും തീർത്തു. മോശെ നിർമ്മിതികൾ എല്ലാം പരിശോധിച്ചു നോക്കി, യഹോവ കല്പിച്ചതുപോലെ അവർ അത് ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

പുറപ്പാട് 39:32-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു. അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക, അന്താഴം, തൂൺ, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു, കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും, വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല, താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു. മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.

പുറപ്പാട് 39:32-43 സമകാലിക മലയാളവിവർത്തനം (MCV)

ഇങ്ങനെ, സമാഗമത്തിനുള്ള കൂടാരത്തിന്റെ പണിമുഴുവനും പൂർത്തിയായി; യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു. അവർ സമാഗമകൂടാരം മോശയുടെ അടുക്കൽ കൊണ്ടുവന്നു: കൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ, ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടുള്ള പുറമൂടി, തഹശുതുകൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, ഉടമ്പടിയുടെ പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം; മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും തങ്കംകൊണ്ടുള്ള വിളക്കുതണ്ടും അതിന്റെ നിരയിലെ ദീപങ്ങളും അതിന്റെ എല്ലാ ഉപകരണങ്ങളും, വിളക്കിനുള്ള എണ്ണ, സ്വർണംകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗം, കൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല, വെങ്കലയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും, വെങ്കലത്തൊട്ടി അതിന്റെ കാൽ, സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, കയറുകൾ, കൂടാരാങ്കണത്തിനുള്ള കുറ്റികൾ, സമാഗമത്തിനുള്ള കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ, പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ. ഇങ്ങനെ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ ഇസ്രായേൽമക്കൾ സകലപണിയും പൂർത്തിയാക്കി. മോശ പണികൾ പരിശോധിച്ചു: യഹോവ കൽപ്പിച്ചതുപോലെതന്നെ അവർ അതു ചെയ്തിരിക്കുന്നു എന്നുകണ്ടു; മോശ അവരെ അനുഗ്രഹിച്ചു.