EXODUS 39

39
പുരോഹിതവസ്ത്രങ്ങൾ
(പുറ. 28:1-14)
1സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ അഹരോൻ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങൾ നീല, ധൂമ്രം, കടുംചുവപ്പ് വർണങ്ങളിലുള്ള നൂലുകൾകൊണ്ട് അവർ ഉണ്ടാക്കി.
2നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള നൂലുകളും കസവും നേർമയായി നെയ്തെടുത്ത ലിനനുംകൊണ്ട് ഏഫോദ് നിർമ്മിച്ചു. 3അവർ സ്വർണം അടിച്ചുപരത്തി നേരിയ കസവുകളായി മുറിച്ചെടുത്ത് നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളുള്ള നൂലുകളും നേർത്ത ലിനൻ എന്നിവയും വിദഗ്ദ്ധമായി നെയ്തെടുത്തു. 4ഏഫോദിന്റെ ഇരുവശങ്ങളിലും മുകൾഭാഗത്ത് തോൾവാറുകൾ തയ്ച്ചുപിടിപ്പിച്ചു. 5ഏഫോദ് ഉണ്ടാക്കാൻ ഉപയോഗിച്ച കസവുനൂൽ, നീല, ധൂമ്രം, കടുംചുവപ്പു നൂലുകൾ, നേർത്ത ലിനൻ എന്നിവകൊണ്ടുതന്നെ ഏഫോദു കെട്ടിമുറുക്കുന്നതിനുള്ള അരപ്പട്ടയും സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവർ നിർമ്മിച്ചു.
6ചെത്തിയെടുത്ത ഗോമേദകക്കല്ലുകൾ സ്വർണച്ചട്ടങ്ങളിൽ ഉറപ്പിച്ച് ഈ കല്ലുകളിൽ മുദ്രകൊത്തുന്നതുപോലെ ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾ കൊത്തി. 7സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അവയെ ഏഫോദിന്റെ രണ്ട് തോൾവാറുകളിലുമായി ഇസ്രായേൽജനത്തിന്റെ ഓർമയ്‍ക്കായി തയ്ച്ചുചേർത്തു.
മാർച്ചട്ട
(പുറ. 28:15-30)
8ഏഫോദു നിർമ്മിച്ചതുപോലെ നീല, ധൂമ്രം, കടുംചുവപ്പു വർണങ്ങളിലുള്ള നൂലുകളും കസവും നേർമയായി നെയ്ത ലിനനുംകൊണ്ട് ചിത്രപ്പണികളോടുകൂടിയ മാർച്ചട്ട നിർമ്മിച്ചു. 9അതു സമചതുരത്തിൽ രണ്ടു മടക്കായിട്ടാണ് ഉണ്ടാക്കിയത്. അതിന് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉണ്ടായിരുന്നു. 10അതിൽ നാലു നിര രത്നങ്ങൾ പതിച്ചു. ഒന്നാമത്തെ നിരയിൽ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം എന്നിവയും 11രണ്ടാമത്തെ നിരയിൽ മരതകം, ഇന്ദ്രനീലം, വജ്രം എന്നിവയും 12മൂന്നാമത്തെ നിരയിൽ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം എന്നിവയും 13നാലാമത്തെ നിരയിൽ പത്മരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും സ്വർണച്ചട്ടങ്ങളിൽ പതിച്ചുവച്ചു. 14ഇസ്രായേൽപുത്രന്മാരുടെ പേരുകൾക്കനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരുന്നു. ഓരോ ഗോത്രത്തിന്റെയും പേര് ഓരോന്നിലുമായി മുദ്രണം ചെയ്തിരുന്നു. 15മാർച്ചട്ടയ്‍ക്കുവേണ്ടി തങ്കം കയറുപോലെ പിരിച്ചെടുത്തു ചങ്ങലകൾ ഉണ്ടാക്കി. 16സ്വർണംകൊണ്ടു രണ്ട് അരികുപാളികളും രണ്ടു വളയങ്ങളും നിർമ്മിച്ചു. വളയങ്ങൾ മാർച്ചട്ടയുടെ മുകൾഭാഗത്ത് ഇരുകോണുകളിലും ഘടിപ്പിച്ചു; 17സ്വർണച്ചങ്ങലകൾ മാർച്ചട്ടയുടെ മൂലകളിലുള്ള ഈ വളയങ്ങളിൽ കൊളുത്തി. 18ഈ ചങ്ങലകളുടെ മറ്റേ അറ്റങ്ങൾ സ്വർണത്തകിടുകളിൽ ഘടിപ്പിച്ച് ഏഫോദിലുള്ള തോൾവാറുകളിൽ മുൻഭാഗത്ത് ഉറപ്പിച്ചു. 19വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി, മാർച്ചട്ടയുടെ താഴത്തെ കോണുകളിൽ ഉൾഭാഗത്ത് ഏഫോദിനോടു ബന്ധിച്ചു. 20അവർ വേറെ രണ്ടു സ്വർണവളയങ്ങൾകൂടി ഉണ്ടാക്കി. അവ ഏഫോദിന്റെ തോൾവാറുകൾക്കു താഴെ വിദഗ്ദ്ധമായി നെയ്തെടുത്ത അരപ്പട്ടയുടെ മുകളിൽ ബന്ധിച്ചു. 21മാർച്ചട്ട ഏഫോദിന്റെ മുകളിൽ അയഞ്ഞു കിടക്കാതിരിക്കാൻ സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ മാർച്ചട്ടയുടെ വളയങ്ങൾ ഏഫോദിന്റെ വളയങ്ങളുമായി നീലനാടകൊണ്ട് അരപ്പട്ടയ്‍ക്കു മുകളിൽ ഉറപ്പിച്ചു.
22ഏഫോദിന്റെ പുറത്ത് അണിയുന്ന കുപ്പായം നീലനൂലുകൊണ്ടു നിർമ്മിച്ചു; 23അതിന്റെ നടുവിൽ തല കടത്താനുള്ള ദ്വാരമുണ്ടാക്കി; ആ ഭാഗം കീറിപ്പോകാതിരിക്കുന്നതിനു ദ്വാരത്തിനു ചുറ്റും ഒരു നാട ചേർത്തു ബലപ്പെടുത്തിയിരുന്നു; 24-26കുപ്പായത്തിന്റെ താഴെയുള്ള വിളുമ്പുകളിൽ നീലയും, ധൂമ്രവും, കടുംചുവപ്പു നൂലുകളും നേർത്ത ലിനനുംകൊണ്ട് മാതളനാരങ്ങാരൂപങ്ങൾ ഉണ്ടാക്കി; അവയും സ്വർണമണികളും ഒന്നിടവിട്ട് തയ്ച്ചുചേർത്തു.
27അഹരോനും പുത്രന്മാർക്കും ധരിക്കാൻ നിലയങ്കി ഉണ്ടാക്കി. 28നേർമയായി നെയ്തെടുത്ത ലിനൻകൊണ്ട് തലപ്പാവ്, തൊപ്പി, കാലുറ എന്നിവയും 29നീലയും ധൂമ്രവും കടുംചുവപ്പും നൂലുകൾകൊണ്ട് ചിത്രത്തയ്യലോടുകൂടിയ അരക്കെട്ടും സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ നിർമ്മിച്ചു. 30വിശുദ്ധകിരീടത്തിന്റെ നെറ്റിപ്പട്ടം തങ്കത്തിൽ ഉണ്ടാക്കി. അതിൽ മുദ്രമോതിരത്തിലെന്നതുപോലെ സർവേശ്വരനു സമർപ്പിതം എന്നു കൊത്തിവയ്‍ക്കുകയും ചെയ്തു. 31സർവേശ്വരൻറ കല്പനപോലെ തലപ്പാവിന്റെ മുൻവശത്തു ബന്ധിക്കാൻ ഒരു നീലനാട നെറ്റിപ്പട്ടത്തിൽ പിടിപ്പിച്ചു.
പണി പൂർത്തീകരിക്കുന്നു
(പുറ. 35:10-19)
32ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്റെ നിർമ്മാണം പൂർത്തിയായി. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേൽജനം എല്ലാ കാര്യങ്ങളും ചെയ്തുതീർത്തു.
33അവർ തിരുസാന്നിധ്യകൂടാരവും അതിന്റെ ഉപകരണങ്ങളും മോശയുടെ അടുക്കൽ കൊണ്ടുവന്നു. കൂടാരം, കൊളുത്തുകൾ, ചട്ടങ്ങൾ, അഴികൾ, തൂണുകൾ, ചുവടുകൾ; 34കോലാടിന്റെ ഊറയ്‍ക്കിട്ട തോലുകൊണ്ടും തഹശുതോൽകൊണ്ടും നിർമ്മിച്ച മൂടുവിരികൾ, തിരശ്ശീലകൾ; 35ഉടമ്പടിപ്പെട്ടകം, അതിന്റെ തണ്ടുകൾ, മൂടി, 36കാഴ്ചയപ്പം വയ്‍ക്കുന്ന മേശ, അതിന്റെ ഉപകരണങ്ങൾ, 37തനി തങ്കംകൊണ്ടുനിർമ്മിച്ച വിളക്കുതണ്ട്, വിളക്കുകൾ, ഉപകരണങ്ങൾ, 38വിളക്കിനു വേണ്ട എണ്ണ, സ്വർണയാഗപീഠം, അഭിഷേകതൈലം, ധൂപക്കൂട്ട്, 39കൂടാരവാതിലിന്റെ തിരശ്ശീല, ഓടുകൊണ്ടുള്ള യാഗപീഠവും അതിന്റെ അഴിക്കൂടും, തണ്ടുകൾ, ഉപകരണങ്ങൾ, ക്ഷാളനപാത്രം, അതിന്റെ പീഠം; 40അങ്കണത്തിന്റെ മറകൾ, അവയുടെ തൂണുകൾ; ചുവടുകൾ, പ്രവേശനകവാടത്തിന്റെ തിരശ്ശീല, അതിന്റെ ചരടുകൾ, കുറ്റികൾ, വിശുദ്ധമായ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങൾ, 41പുരോഹിതനായ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരായ പുരോഹിതന്മാരും വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങൾ എന്നിവയെല്ലാം കൊണ്ടുവന്നു. 42സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേൽജനം ചെയ്തു. 43അവർ ചെയ്തതെല്ലാം മോശ പരിശോധിച്ചു. സർവേശ്വരൻ കല്പിച്ചിരുന്നതുപോലെതന്നെ അവർ എല്ലാം ചെയ്തിരുന്നതുകൊണ്ടു മോശ അവരെ അനുഗ്രഹിച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EXODUS 39: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക