ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു.
അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക, അന്താഴം, തൂൺ, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു, കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും, വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല, താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ, പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു. മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.