39
1യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.
2പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി. 3നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവർ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു. 4അവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു. 5അതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽ നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരുന്നു.
6മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെപേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊന്തടങ്ങളിൽ പതിച്ചു. 7യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കുവേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓർമ്മക്കല്ലുകൾ വെച്ചു.
8അവൻ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി. 9അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായി ഇരട്ട ആയിരന്നു. 10അവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര. 11രണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം, 12മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു. 13നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു. 14ഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു. 15പതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി. 16പൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു. 17പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി. 18രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണിരണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തുവെച്ചു. 19അവർ പൊന്നുകൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പിൽ വെച്ചു. 20അവർ വേറെ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു. 21പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.
22അവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി. 23അങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു. 24അങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി. 25തങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു. 26ശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.
27അഹരോന്നും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും 28പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും 29പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.
30അവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി. 31അതു മുടിമേൽ കെട്ടേണ്ടതിന്നു അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
32ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു.
33അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക, 34അന്താഴം, തൂൺ, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, 35സാക്ഷ്യപെട്ടകം, അതിന്റെ തണ്ടു, 36കൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും, 37കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും, 38വെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല, 39താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ, 40പ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും, 41വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം 42ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു. 43മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.