ഇങ്ങനെ തിരുസാന്നിധ്യകൂടാരത്തിന്റെ നിർമ്മാണം പൂർത്തിയായി. സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ ഇസ്രായേൽജനം എല്ലാ കാര്യങ്ങളും ചെയ്തുതീർത്തു.
അവർ തിരുസാന്നിധ്യകൂടാരവും അതിന്റെ ഉപകരണങ്ങളും മോശയുടെ അടുക്കൽ കൊണ്ടുവന്നു. കൂടാരം, കൊളുത്തുകൾ, ചട്ടങ്ങൾ, അഴികൾ, തൂണുകൾ, ചുവടുകൾ; കോലാടിന്റെ ഊറയ്‍ക്കിട്ട തോലുകൊണ്ടും തഹശുതോൽകൊണ്ടും നിർമ്മിച്ച മൂടുവിരികൾ, തിരശ്ശീലകൾ; ഉടമ്പടിപ്പെട്ടകം, അതിന്റെ തണ്ടുകൾ, മൂടി, കാഴ്ചയപ്പം വയ്‍ക്കുന്ന മേശ, അതിന്റെ ഉപകരണങ്ങൾ, തനി തങ്കംകൊണ്ടുനിർമ്മിച്ച വിളക്കുതണ്ട്, വിളക്കുകൾ, ഉപകരണങ്ങൾ, വിളക്കിനു വേണ്ട എണ്ണ, സ്വർണയാഗപീഠം, അഭിഷേകതൈലം, ധൂപക്കൂട്ട്, കൂടാരവാതിലിന്റെ തിരശ്ശീല, ഓടുകൊണ്ടുള്ള യാഗപീഠവും അതിന്റെ അഴിക്കൂടും, തണ്ടുകൾ, ഉപകരണങ്ങൾ, ക്ഷാളനപാത്രം, അതിന്റെ പീഠം; അങ്കണത്തിന്റെ മറകൾ, അവയുടെ തൂണുകൾ; ചുവടുകൾ, പ്രവേശനകവാടത്തിന്റെ തിരശ്ശീല, അതിന്റെ ചരടുകൾ, കുറ്റികൾ, വിശുദ്ധമായ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷയ്‍ക്കാവശ്യമായ ഉപകരണങ്ങൾ, പുരോഹിതനായ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരായ പുരോഹിതന്മാരും വിശുദ്ധസ്ഥലത്തു പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ ധരിക്കേണ്ട വിശുദ്ധവസ്ത്രങ്ങൾ എന്നിവയെല്ലാം കൊണ്ടുവന്നു. സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെതന്നെ ഇസ്രായേൽജനം ചെയ്തു. അവർ ചെയ്തതെല്ലാം മോശ പരിശോധിച്ചു. സർവേശ്വരൻ കല്പിച്ചിരുന്നതുപോലെതന്നെ അവർ എല്ലാം ചെയ്തിരുന്നതുകൊണ്ടു മോശ അവരെ അനുഗ്രഹിച്ചു.