ഇങ്ങനെ, സമാഗമത്തിനുള്ള കൂടാരത്തിന്റെ പണിമുഴുവനും പൂർത്തിയായി; യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു. അവർ സമാഗമകൂടാരം മോശയുടെ അടുക്കൽ കൊണ്ടുവന്നു:
കൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ,
ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടുള്ള പുറമൂടി, തഹശുതുകൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,
ഉടമ്പടിയുടെ പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം;
മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും
തങ്കംകൊണ്ടുള്ള വിളക്കുതണ്ടും അതിന്റെ നിരയിലെ ദീപങ്ങളും അതിന്റെ എല്ലാ ഉപകരണങ്ങളും, വിളക്കിനുള്ള എണ്ണ,
സ്വർണംകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗം, കൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല,
വെങ്കലയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും,
വെങ്കലത്തൊട്ടി അതിന്റെ കാൽ,
സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല,
കയറുകൾ, കൂടാരാങ്കണത്തിനുള്ള കുറ്റികൾ,
സമാഗമത്തിനുള്ള കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും,
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ, പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.
ഇങ്ങനെ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ ഇസ്രായേൽമക്കൾ സകലപണിയും പൂർത്തിയാക്കി. മോശ പണികൾ പരിശോധിച്ചു: യഹോവ കൽപ്പിച്ചതുപോലെതന്നെ അവർ അതു ചെയ്തിരിക്കുന്നു എന്നുകണ്ടു; മോശ അവരെ അനുഗ്രഹിച്ചു.