ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ പണി തീർന്നു; യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ ചെയ്തു. അങ്ങനെ തന്നെ അവർ ചെയ്തു.
അവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്‍റെ ഉപകരണങ്ങൾ കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ, തൂണുകൾ, ചുവടുകൾ, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല, സാക്ഷ്യപെട്ടകം, അതിന്‍റെ തണ്ട്, കൃപാസനം, മേശ, അതിന്‍റെ ഉപകരണങ്ങളെല്ലാം, കാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്ക്കുവാനുള്ള ദീപങ്ങൾ, അതിന്‍റെ ഉപകരണങ്ങൾ, വെളിച്ചത്തിന് എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, കൂടാരവാതിലിനുള്ള മറശ്ശീല, താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ടുകൾ, അതിന്‍റെ ഉപകരണങ്ങളെല്ലാം, തൊട്ടി, അതിന്‍റെ കാൽ, പ്രാകാരത്തിന്‍റെ മറശ്ശീലകൾ, തൂണുകൾ, അതിന്‍റെ ചുവട്, പ്രാകാരവാതിലിൻ്റെ മറശ്ശീല, അതിന്‍റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതശുശ്രൂഷയ്ക്കായി അഹരോന്‍റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നെ.
ഇങ്ങനെ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾ എല്ലാപണിയും തീർത്തു. മോശെ നിർമ്മിതികൾ എല്ലാം പരിശോധിച്ചു നോക്കി, യഹോവ കല്പിച്ചതുപോലെ അവർ അത് ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.