ദാനീയേൽ 11:36-45

ദാനീയേൽ 11:36-45 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരേ അപൂർവകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിർണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ. അവൻ എല്ലാറ്റിനും മേലായി തന്നെത്താൻ മഹത്ത്വീകരിക്കയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. അതിനു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ സ്വീകരിക്കുന്നവന് അവൻ മഹത്ത്വം വർധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും. പിന്നെ അന്ത്യകാലത്തു തെക്കേദേശത്തിലെ രാജാവ് അവനോട് എതിർത്തുമുട്ടും; വടക്കേദേശത്തിലെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടുംകൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരേ വരും; അവൻ ദേശങ്ങളിലേക്കു വന്ന് കവിഞ്ഞു കടന്നുപോകും; അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കൈയിൽ നിന്നു വഴുതിപ്പോകും. അവൻ ദേശങ്ങളുടെ നേരേ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല. അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹരവസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലനാശം വരുത്തേണ്ടതിനു മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വമുള്ള വിശുദ്ധപർവതത്തിനും മധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.

ദാനീയേൽ 11:36-45 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സിറിയാദേശത്തെ രാജാവ് തന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും. എല്ലാ ദേവന്മാരെയുംകാൾ താൻ ഉന്നതനെന്നു ഭാവിക്കും. ദേവാധിദേവനെതിരെ പോലും ദൂഷണം പറയുകയും ചെയ്യും. ദൈവശിക്ഷ ഉണ്ടാകുന്നതുവരെ അവൻ അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കും. ദൈവം നിശ്ചയിച്ചതു സംഭവിക്കേണ്ടിയിരിക്കുന്നു. അവൻ എല്ലാ ദേവന്മാരെക്കാളും ഉന്നതനായി സ്വയം ഉയർത്തുന്നതിനാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയോ സ്‍ത്രീകളുടെ ഇഷ്ടദേവനെയോ, മറ്റുദേവന്മാരെയോ വകവയ്‍ക്കുകയില്ല. എന്നാൽ അവൻ കോട്ടകളുടെ ദേവനെ പൂജിക്കും. തന്റെ പിതാക്കന്മാർ ആരാധിച്ചിട്ടില്ലാത്ത ആ ദേവന് പൊന്നും വെള്ളിയും രത്നങ്ങളും മറ്റു വിലപിടിച്ച കാഴ്ചകളും അവൻ നിവേദിക്കും. ഒരു അന്യദേവന്റെ സഹായത്തോടെ അവൻ ബലമേറിയ കോട്ടകൾ ആക്രമിക്കും. തന്നെ അംഗീകരിക്കുന്നവർക്ക് അവൻ ബഹുമതികൾ നല്‌കുകയും അവരെ അധികാരികളാക്കുകയും പ്രതിഫലമായി ദേശം വിഭജിച്ചു കൊടുക്കുകയും ചെയ്യും. അവസാനം ഈജിപ്തിലെ രാജാവ് സിറിയാരാജാവിനെ ആക്രമിക്കും. സിറിയാ രാജാവ് രഥങ്ങളോടും അശ്വസേനയോടും വളരെ കപ്പലുകളോടുംകൂടെവന്ന് ചുഴലിക്കാറ്റുപോലെ പ്രത്യാക്രമണം നടത്തും. രാജ്യങ്ങളുമേൽ ഇരമ്പിക്കയറും. ജലപ്രളയംപോലെ അവൻ മറ്റു രാജ്യങ്ങളെ ആക്രമിച്ച് കടന്നുപോകും. അവൻ മനോഹരദേശമായ ഇസ്രായേലിനെയും ആക്രമിക്കും. അനവധി ആളുകൾ കൊല്ലപ്പെടും. എങ്കിലും എദോമും മോവാബും അവശേഷിച്ച അമ്മോന്യരും അവന്റെ കൈയിൽനിന്നു രക്ഷപെടും. അവൻ മറ്റു രാജ്യങ്ങളെയും ആക്രമിക്കും. ഈജിപ്തും ഒഴിവാക്കപ്പെടുകയില്ല. ഈജിപ്തിലെ പൊന്നും വെള്ളിയും മറ്റ് അമൂല്യവസ്തുക്കളും അവൻ കൈവശപ്പെടുത്തും. ലിബിയായും എത്യോപ്യയും അവനു കീഴടങ്ങും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും വരുന്ന വാർത്തകൾ അവനെ പരിഭ്രാന്തനാക്കും. അവൻ ഉഗ്രരോഷത്തോടെ പുറപ്പെട്ട് അനേകരെ നിശ്ശേഷം നശിപ്പിക്കും. അവൻ സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങൾ സ്ഥാപിക്കും. എങ്കിലും സഹായിക്കാൻ ആരുമില്ലാതെ അവന്റെ ജീവിതം അവസാനിക്കും.

ദാനീയേൽ 11:36-45 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“രാജാവോ, സ്വന്തഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി സ്വയം മഹത്ത്വീകരിക്കുകയും ദൈവാധിദൈവത്തിന്‍റെ നേരെ ദൂഷണവചനങ്ങൾ സംസാരിക്കുകയും ദൈവക്രോധം ചൊരിയുവോളം അവന് ഇതെല്ലാം സാധിക്കുകയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ. അവൻ എല്ലാറ്റിനും മീതെ തന്നെത്താൻ മഹത്ത്വീകരിക്കുകയാൽ, തന്‍റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും മറ്റു യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. അതിന് പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്‍റെ പിതാക്കന്മാർ അറിയാത്ത ആ ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. അവൻ അന്യദേവനെ ആരാധിക്കുന്ന ഒരു ജനത്തെ, കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ അംഗീകരിക്കുന്നവർക്ക് അവൻ മഹത്ത്വം വർദ്ധിപ്പിക്കും; അവൻ അവരെ അധിപതികളാക്കി ദേശം പ്രതിഫലമായി അവർക്ക് വിഭാഗിച്ചുകൊടുക്കും. “അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്‍റെനേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളംപോലെ കവിഞ്ഞ് പോകുകയും ചെയ്യും; അവൻ മനോഹരദേശത്തും കടക്കും; പതിനായിരക്കണക്കിന് ആളുകൾ ഇടറിവീഴും; എങ്കിലും ഏദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്‍റെ കൈയിൽനിന്ന് വഴുതിപ്പോകും. അവൻ രാജ്യങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീം ദേശവും അവന്‍റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല. അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും മിസ്രയീമിലെ മനോഹര വസ്തുക്കളും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്‍റെ പിന്നാലെ വരും. “എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അതുമൂലം അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലമാക്കേണ്ടതിന് മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ രാജകീയ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല.”

ദാനീയേൽ 11:36-45 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാജാവോ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ. അവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും. പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും; അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽനിന്നു വഴുതിപ്പോകും. അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല. അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.

ദാനീയേൽ 11:36-45 സമകാലിക മലയാളവിവർത്തനം (MCV)

“രാജാവ് സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കും. അദ്ദേഹം എല്ലാ ദേവന്മാർക്കുംമീതേ തന്നെത്താൻ ഉയർത്തി ദേവാധിദൈവത്തിനെതിരേ കൊടിയ ദൂഷണം സംസാരിക്കും. ക്രോധകാലം തികയുവോളും അദ്ദേഹത്തിന്റെ പരിശ്രമങ്ങളെല്ലാം വിജയംനേടും; കാരണം നിർണയിക്കപ്പെട്ടത് അപ്രകാരം സംഭവിക്കുകതന്നെചെയ്യും. എല്ലാവർക്കുംമീതേ സ്വയം ഉയർത്തുന്നവനാകുകയാൽ അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദേവതകളെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ മറ്റേതെങ്കിലും ദേവനെയോ ആദരിക്കുകയില്ല. പകരം അദ്ദേഹം തന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേവനെ—കോട്ടകളുടെ ദേവനെത്തന്നെ—സ്വർണം, വെള്ളി, രത്നങ്ങൾ, അമൂല്യവസ്തുക്കൾ എന്നിവയാൽ ആദരിക്കും. ഒരു വിദേശദേവന്റെ സഹായത്തോടെ ഏറ്റവും ശക്തമായ കോട്ടകൾക്കെതിരേ അദ്ദേഹം ആഞ്ഞടിക്കും; തന്നെ അംഗീകരിക്കുന്നവർക്ക് അദ്ദേഹം വലിയ ബഹുമതി കൽപ്പിക്കും. പല ദേശങ്ങളെയും ഭരിക്കാൻ അദ്ദേഹം അവർക്ക് അനുവാദം നൽകി ദേശങ്ങളെ പ്രതിഫലമായി വിഭജിച്ചുകൊടുക്കും. “അന്ത്യകാലത്ത് തെക്കേദേശത്തെ രാജാവ് വടക്കേദേശത്തെ രാജാവുമായി യുദ്ധംചെയ്യും. രഥങ്ങളും കുതിരച്ചേവകരും വലിയ കപ്പൽവ്യൂഹങ്ങളുമായി വടക്കേദേശരാജാവ് ചുഴലിക്കാറ്റുപോലെ അദ്ദേഹത്തിനുനേരേ ചെല്ലും. അയാൾ അനേകം രാജ്യങ്ങളുടെമേൽ പാഞ്ഞുകയറി അവയെയെല്ലാം ഒരു പ്രളയംപോലെ കവിഞ്ഞൊഴുകി കടന്നുപോകും. അദ്ദേഹം മനോഹരദേശത്തെയും ആക്രമിക്കും. അനേകം രാജ്യങ്ങൾ വീഴും; എന്നാൽ ഏദോമും മോവാബും അമ്മോന്യനേതാക്കന്മാരും അദ്ദേഹത്തിന്റെ കൈയിൽനിന്നു രക്ഷപ്പെടും. അദ്ദേഹം തന്റെ ശക്തിയുള്ള കൈനീട്ടി അനേകം രാജ്യങ്ങളെ പിടിച്ചടക്കും; ഈജിപ്റ്റുദേശം അതിൽനിന്ന് ഒഴിവാകുകയില്ല. ഈജിപ്റ്റിലെ സ്വർണം, വെള്ളി എന്നീ നിക്ഷേപങ്ങളെയും അമൂല്യവസ്തുക്കളെയും അദ്ദേഹം കൈക്കലാക്കും. ലിബിയക്കാരും കൂശ്യരും അദ്ദേഹത്തിനു കീഴടങ്ങും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള കിംവദന്തികൾ കേട്ട് അദ്ദേഹം അസ്വസ്ഥനാകും. അതുകൊണ്ടു പലരെയും നശിപ്പിക്കാനും ഉന്മൂലനംചെയ്യാനും അദ്ദേഹം മഹാക്രോധത്തോടെ പുറപ്പെടും. സമുദ്രത്തിനും മനോഹരമായ വിശുദ്ധപർവതത്തിനും മധ്യേ അദ്ദേഹം രാജകീയ കൂടാരങ്ങൾ തീർക്കും; എങ്കിലും അദ്ദേഹം ഒടുങ്ങും; ആരും അദ്ദേഹത്തെ സഹായിക്കുകയില്ല.