ദാനീ. 11:36-45
ദാനീ. 11:36-45 IRVMAL
“രാജാവോ, സ്വന്തഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി സ്വയം മഹത്ത്വീകരിക്കുകയും ദൈവാധിദൈവത്തിന്‍റെ നേരെ ദൂഷണവചനങ്ങൾ സംസാരിക്കുകയും ദൈവക്രോധം ചൊരിയുവോളം അവന് ഇതെല്ലാം സാധിക്കുകയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നത് സംഭവിക്കുമല്ലോ. അവൻ എല്ലാറ്റിനും മീതെ തന്നെത്താൻ മഹത്ത്വീകരിക്കുകയാൽ, തന്‍റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും മറ്റു യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. അതിന് പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്‍റെ പിതാക്കന്മാർ അറിയാത്ത ആ ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. അവൻ അന്യദേവനെ ആരാധിക്കുന്ന ഒരു ജനത്തെ, കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ അംഗീകരിക്കുന്നവർക്ക് അവൻ മഹത്ത്വം വർദ്ധിപ്പിക്കും; അവൻ അവരെ അധിപതികളാക്കി ദേശം പ്രതിഫലമായി അവർക്ക് വിഭാഗിച്ചുകൊടുക്കും. “അന്ത്യകാലത്ത് തെക്കെദേശത്തെ രാജാവ് അവനെ ആക്രമിക്കും; വടക്കെദേശത്തെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടി ചുഴലിക്കാറ്റുപോലെ അവന്‍റെനേരെ വരും; അവൻ രാജ്യങ്ങളിലേക്ക് കടക്കുകയും പെരുവെള്ളംപോലെ കവിഞ്ഞ് പോകുകയും ചെയ്യും; അവൻ മനോഹരദേശത്തും കടക്കും; പതിനായിരക്കണക്കിന് ആളുകൾ ഇടറിവീഴും; എങ്കിലും ഏദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്‍റെ കൈയിൽനിന്ന് വഴുതിപ്പോകും. അവൻ രാജ്യങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീം ദേശവും അവന്‍റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല. അവൻ പൊന്ന് വെള്ളി എന്നീ നിക്ഷേപങ്ങളും മിസ്രയീമിലെ മനോഹര വസ്തുക്കളും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്‍റെ പിന്നാലെ വരും. “എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അതുമൂലം അവൻ പലരെയും നശിപ്പിച്ച് നിർമ്മൂലമാക്കേണ്ടതിന് മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിനും മഹത്ത്വപൂർണ്ണമായ വിശുദ്ധപർവ്വതത്തിനും മദ്ധ്യത്തിൽ രാജകീയ കൂടാരം അടിക്കും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കുകയുമില്ല.”

