ദാനീയേൽ 11:36-45

ദാനീയേൽ 11:36-45 MCV

“രാജാവ് സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കും. അദ്ദേഹം എല്ലാ ദേവന്മാർക്കുംമീതേ തന്നെത്താൻ ഉയർത്തി ദേവാധിദൈവത്തിനെതിരേ കൊടിയ ദൂഷണം സംസാരിക്കും. ക്രോധകാലം തികയുവോളും അദ്ദേഹത്തിന്റെ പരിശ്രമങ്ങളെല്ലാം വിജയംനേടും; കാരണം നിർണയിക്കപ്പെട്ടത് അപ്രകാരം സംഭവിക്കുകതന്നെചെയ്യും. എല്ലാവർക്കുംമീതേ സ്വയം ഉയർത്തുന്നവനാകുകയാൽ അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദേവതകളെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ മറ്റേതെങ്കിലും ദേവനെയോ ആദരിക്കുകയില്ല. പകരം അദ്ദേഹം തന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേവനെ—കോട്ടകളുടെ ദേവനെത്തന്നെ—സ്വർണം, വെള്ളി, രത്നങ്ങൾ, അമൂല്യവസ്തുക്കൾ എന്നിവയാൽ ആദരിക്കും. ഒരു വിദേശദേവന്റെ സഹായത്തോടെ ഏറ്റവും ശക്തമായ കോട്ടകൾക്കെതിരേ അദ്ദേഹം ആഞ്ഞടിക്കും; തന്നെ അംഗീകരിക്കുന്നവർക്ക് അദ്ദേഹം വലിയ ബഹുമതി കൽപ്പിക്കും. പല ദേശങ്ങളെയും ഭരിക്കാൻ അദ്ദേഹം അവർക്ക് അനുവാദം നൽകി ദേശങ്ങളെ പ്രതിഫലമായി വിഭജിച്ചുകൊടുക്കും. “അന്ത്യകാലത്ത് തെക്കേദേശത്തെ രാജാവ് വടക്കേദേശത്തെ രാജാവുമായി യുദ്ധംചെയ്യും. രഥങ്ങളും കുതിരച്ചേവകരും വലിയ കപ്പൽവ്യൂഹങ്ങളുമായി വടക്കേദേശരാജാവ് ചുഴലിക്കാറ്റുപോലെ അദ്ദേഹത്തിനുനേരേ ചെല്ലും. അയാൾ അനേകം രാജ്യങ്ങളുടെമേൽ പാഞ്ഞുകയറി അവയെയെല്ലാം ഒരു പ്രളയംപോലെ കവിഞ്ഞൊഴുകി കടന്നുപോകും. അദ്ദേഹം മനോഹരദേശത്തെയും ആക്രമിക്കും. അനേകം രാജ്യങ്ങൾ വീഴും; എന്നാൽ ഏദോമും മോവാബും അമ്മോന്യനേതാക്കന്മാരും അദ്ദേഹത്തിന്റെ കൈയിൽനിന്നു രക്ഷപ്പെടും. അദ്ദേഹം തന്റെ ശക്തിയുള്ള കൈനീട്ടി അനേകം രാജ്യങ്ങളെ പിടിച്ചടക്കും; ഈജിപ്റ്റുദേശം അതിൽനിന്ന് ഒഴിവാകുകയില്ല. ഈജിപ്റ്റിലെ സ്വർണം, വെള്ളി എന്നീ നിക്ഷേപങ്ങളെയും അമൂല്യവസ്തുക്കളെയും അദ്ദേഹം കൈക്കലാക്കും. ലിബിയക്കാരും കൂശ്യരും അദ്ദേഹത്തിനു കീഴടങ്ങും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള കിംവദന്തികൾ കേട്ട് അദ്ദേഹം അസ്വസ്ഥനാകും. അതുകൊണ്ടു പലരെയും നശിപ്പിക്കാനും ഉന്മൂലനംചെയ്യാനും അദ്ദേഹം മഹാക്രോധത്തോടെ പുറപ്പെടും. സമുദ്രത്തിനും മനോഹരമായ വിശുദ്ധപർവതത്തിനും മധ്യേ അദ്ദേഹം രാജകീയ കൂടാരങ്ങൾ തീർക്കും; എങ്കിലും അദ്ദേഹം ഒടുങ്ങും; ആരും അദ്ദേഹത്തെ സഹായിക്കുകയില്ല.