ദാനീയേൽ 11:36-45

ദാനീയേൽ 11:36-45 വേദപുസ്തകം

രാജാവോ, ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ. അവൻ എല്ലാറ്റിന്നും മേലായി തന്നെത്താൽ മഹത്വീകരിക്കയാൽ, തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല. അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും. അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും. പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും; അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽനിന്നു വഴുതിപ്പോകും. അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല. അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ ആയിരിക്കും. എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.