2 ദിനവൃത്താന്തം 20:20-30

2 ദിനവൃത്താന്തം 20:20-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് നിന്നുകൊണ്ട്: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരെയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർഥരാകും എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോട് ആലോചിച്ചിട്ട്, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിനു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവയ്ക്കു സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദായ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവതക്കാരുടെയും നേരേ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവതനിവാസികളോട് എതിർത്ത് അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല. യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്കു ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ട് അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. നാലാം ദിവസം അവർ ബെരാഖാതാഴ്‌വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവയ്ക്ക് സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്‌വര എന്നു പേർ പറഞ്ഞുവരുന്നു. യഹോവ അവർക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നല്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു; അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വന്നു. ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.

2 ദിനവൃത്താന്തം 20:20-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അടുത്ത ദിവസം അതിരാവിലെ അവർ തെക്കോവ മരുഭൂമിയിലേക്കു പുറപ്പെട്ടു. അപ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റു പറഞ്ഞു: “യെഹൂദാ-യെരൂശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുവിൻ, നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ വിശ്വസിക്കുക; നിങ്ങൾ സുരക്ഷിതരായിരിക്കും. അവിടുത്തെ പ്രവാചകരെയും വിശ്വസിക്കുക; നിങ്ങൾ വിജയിക്കും.” വിശുദ്ധവസ്ത്രങ്ങളണിഞ്ഞു സൈന്യത്തിന്റെ മുമ്പേ നടന്നു സർവേശ്വരനു സ്തുതിഗീതങ്ങൾ ആലപിക്കാനുള്ളവരെ ജനങ്ങളുമായി കൂടി ആലോചിച്ച് അദ്ദേഹം നിയമിച്ചു. അവർ ഇങ്ങനെ പാടി: “സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ! അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാകുന്നു.” അവർ സ്തുതിഗീതങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ യെഹൂദ്യരെ ആക്രമിക്കാൻ വന്ന അമ്മോന്യർക്കും മോവാബ്യർക്കും സേയീർപർവതനിവാസികൾക്കും എതിരെ സർവേശ്വരൻ പതിയിരിക്കുന്നവരെ ഒരുക്കി അവരെ തുരത്തി. അമ്മോന്യരും മോവാബ്യരും ചേർന്നു സേയീർപർവതനിവാസികളോടു യുദ്ധം ചെയ്തു; അവരെ നിശ്ശേഷം സംഹരിച്ചു. പിന്നീട് അമ്മോന്യരും മോവാബ്യരും അന്യോന്യം പൊരുതി നശിച്ചു. യെഹൂദ്യർ മരുഭൂമിയിലുള്ള കാവൽഗോപുരത്തിങ്കൽ എത്തി, ശത്രുസൈന്യത്തെ നോക്കിയപ്പോൾ അവരുടെ മൃതശരീരങ്ങൾ നിലത്തു കിടക്കുന്നതു കണ്ടു. ആരും അവശേഷിച്ചിരുന്നില്ല. യെഹോശാഫാത്തും കൂടെയുള്ള പടയാളികളും കൊള്ളമുതൽ കൈക്കലാക്കാൻ വന്നു. അവർ ധാരാളം ആടുമാടുകൾ, വിവിധ വസ്തുക്കൾ, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള സാധനങ്ങൾ മുതലായവ കണ്ടെത്തി. ഓരോരുത്തനും എടുത്തുകൊണ്ടു പോകാവുന്നത്രയും സാധനങ്ങൾ ശേഖരിച്ചു; അവ ശേഖരിക്കുന്നതിന് അവർക്ക് മൂന്നു ദിവസം വേണ്ടിവന്നു; അത്രയധികം സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു. നാലാം ദിവസം അവർ ബെരാഖാതാഴ്‌വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ സർവേശ്വരനെ വാഴ്ത്തി. അതുകൊണ്ട് ആ സ്ഥലം ഇന്നും ബെരാഖാ താഴ്‌വര എന്ന പേരിൽ അറിയപ്പെടുന്നു. സർവേശ്വരൻ അവർക്കു ശത്രുക്കളുടെമേൽ വിജയം നല്‌കിയതുകൊണ്ട് യെഹൂദ്യാ-യെരൂശലേം നിവാസികൾ സന്തോഷഭരിതരായി യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ യെരൂശലേമിലേക്കു മടങ്ങി. വീണ, കിന്നരം, കാഹളം എന്നിവയുമായി അവർ യെരൂശലേമിൽ സർവേശ്വരാലയത്തിൽ ചെന്നു. സർവേശ്വരൻ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പോരാടി എന്നു കേട്ടപ്പോൾ ദൈവത്തെ സംബന്ധിച്ച ഭീതി ചുറ്റുമുള്ള ജനതകളുടെ ഇടയിൽ പരന്നു. യെഹോശാഫാത്തിന്റെ രാജ്യത്തിനു ചുറ്റും ദൈവം സ്വസ്ഥത നല്‌കിയതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണകാലം സമാധാനപൂർണമായിരുന്നു.

2 ദിനവൃത്താന്തം 20:20-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് അവരുടെ മുമ്പിൽ നിന്നുകൊണ്ട്: “യെഹൂദ്യരേ, യെരൂശലേംനിവാസികളേ, എന്‍റെ വാക്ക് ശ്രദ്ധിപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്‍റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോട് ആലോചിച്ച ശേഷം, വിശുദ്ധമായ അലങ്കാരവസ്ത്രം ധരിച്ച് സൈന്യത്തിന് മുമ്പിൽ നടന്നുകൊണ്ട് വാഴ്ത്തുവാനും, “യഹോവയെ സ്തുതിപ്പിൻ, അവന്‍റെ ദയ എന്നേക്കും ഉള്ളതല്ലോ” എന്നു പാടുവാനും സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദായ്ക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണ്ണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്ത് ശവങ്ങളായി കിടക്കുന്നത് കണ്ടു; ഒരുത്തനും രക്ഷപെട്ടിരുന്നില്ല. യെഹോശാഫാത്തും അവന്‍റെ പടയാളികളും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ ധാരാളം സമ്പത്തും വസ്ത്രങ്ങളും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്ക് ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ളമുതൽ വളരെയായിരുന്നതുകൊണ്ട് അവർ മൂന്നുദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. നാലാം ദിവസം അവർ ബെരാഖാ താഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവക്കു സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേർ പറഞ്ഞുവരുന്നു. യഹോവ അവർക്ക് ശത്രുക്കളുടെമേൽ ജയഘോഷം നല്കിയതുകൊണ്ട് യെഹൂദ്യരും യെരൂശലേമ്യരും യെഹോശാഫാത്തിന്‍റെ പിന്നാലെ സന്തോഷത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു; അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് ചെന്നു. യഹോവ യിസ്രായേലിന്‍റെ ശത്രുക്കളോട് യുദ്ധംചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്‍റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു. ഇങ്ങനെ തന്‍റെ ദൈവം നാലു ചുറ്റും അവന് സ്വസ്ഥത നല്കിയതുകൊണ്ട് യെഹോശാഫാത്തിന്‍റെ ഭരണകാലം സമാധാനപൂർണമായിരുന്നു.

2 ദിനവൃത്താന്തം 20:20-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോടു എതിർത്തു അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിന്നരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല. യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്കു ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. നാലാം ദിവസം അവർ ബെരാഖാതാഴ്‌വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്‌വര എന്നു പേർ പറഞ്ഞുവരുന്നു. യഹോവ അവർക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു; അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധം ചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു. ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.

2 ദിനവൃത്താന്തം 20:20-30 സമകാലിക മലയാളവിവർത്തനം (MCV)

അതിരാവിലെതന്നെ അവർ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവർ പുറപ്പെടുമ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: “യെഹൂദയേ, ജെറുശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കുക; എന്നാൽ നിങ്ങൾക്കു നിങ്ങളുടെ സ്ഥാനങ്ങളിൽ നിൽക്കാൻ കഴിയും. അവിടത്തെ പ്രവാചകരെയും വിശ്വസിക്കുക; എന്നാൽ നിങ്ങൾ വിജയം കൈവരിക്കും.” യെഹോശാഫാത്ത് ജനങ്ങളുമായി ആലോചിച്ച് അവിടത്തെ വിശുദ്ധിയുടെ പ്രതാപത്തിന് അനുഗുണമായി യഹോവയെ വാഴ്ത്തിപ്പാടാൻ ആളുകളെ നിയോഗിച്ചു. അവർ സൈന്യത്തിനുമുമ്പിൽ നടന്നുകൊണ്ട്: “യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു” എന്നു പാടി. അവർ ഈ വിധം സ്തുതിച്ചുപാടാൻ തുടങ്ങിയപ്പോൾ യെഹൂദയെ ആക്രമിക്കാൻവന്ന മോവാബ്യർക്കും അമ്മോന്യർക്കും സേയീർപർവതനിവാസികൾക്കും എതിരായി യഹോവ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരുംകൂടി സേയീർ പർവതനിവാസികൾക്കെതിരേ തിരിഞ്ഞ് അവരെ നശിപ്പിച്ച് ഉന്മൂലനംചെയ്തു. അവരെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോൾ അമ്മോന്യരും മോവാബ്യരും പരസ്പരം കൊല്ലുന്നതിനു തുടങ്ങി. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ ആ മഹാസൈന്യത്തിനുനേരേ നോക്കി. അവരെല്ലാം ശവങ്ങളായി തറയിൽക്കിടക്കുന്നതു കണ്ടു; ഒരുത്തനും രക്ഷപ്പെട്ടിരുന്നില്ല. അതിനാൽ യെഹോശാഫാത്തും അദ്ദേഹത്തിന്റെ ആളുകളും അവരെ കൊള്ളചെയ്യാൻ ചെന്നു. ധാരാളം സാധനസാമഗ്രികളും വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അവിടെ അവർ കണ്ടു. അവർക്കു കൊണ്ടുപോകാൻ കഴിയുന്നതിലും അധികമായിരുന്നു അവ. അവിടെ വളരെയധികം കൊള്ളമുതൽ ഉണ്ടായിരുന്നതിനാൽ അതു ശേഖരിക്കുന്നതിനുതന്നെ മൂന്നുദിവസം വേണ്ടിവന്നു. നാലാംദിവസം അവർ ബെരാഖാ താഴ്വരയിൽ ഒരുമിച്ചുകൂടി. അവിടെ അവർ യഹോവയെ സ്തുതിച്ചു. അതുകൊണ്ടാണ് അവിടം ഇന്നുവരെയും ബെരാഖാ എന്നപേരിൽ അറിയപ്പെടുന്നത്. തങ്ങളുടെ ശത്രുക്കളുടെമേൽ ജയഘോഷം മുഴക്കാൻ യഹോവ അവർക്കു വക നൽകിയതിനാൽ എല്ലാ യെഹൂദ്യരും ജെറുശലേംനിവാസികളും യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ ആനന്ദത്തോടെ ജെറുശലേമിലേക്കു മടങ്ങി. അവർ ജെറുശലേമിൽ പ്രവേശിച്ച് കിന്നരത്തോടും വീണയോടും കാഹളത്തോടുംകൂടി യഹോവയുടെ ആലയത്തിലേക്കു ചെന്നു. ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരേ യഹോവ ഏതുവിധം പൊരുതി എന്നറിഞ്ഞപ്പോൾ ചുറ്റുമുള്ള നാടുകളിലും സകലരാജ്യങ്ങളിലും ദൈവത്തെപ്പറ്റിയുള്ള ഭീതി പരന്നു. ദൈവം അദ്ദേഹത്തിനുചുറ്റും വിശ്രമം നൽകിയിരുന്നതിനാൽ യെഹോശാഫാത്തിന്റെ രാജ്യത്തിൽ സമാധാനം പുലർന്നു.