2 ദിനവൃത്താന്തം 20:20-30

2 ദിനവൃത്താന്തം 20:20-30 MCV

അതിരാവിലെതന്നെ അവർ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവർ പുറപ്പെടുമ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: “യെഹൂദയേ, ജെറുശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കുക; എന്നാൽ നിങ്ങൾക്കു നിങ്ങളുടെ സ്ഥാനങ്ങളിൽ നിൽക്കാൻ കഴിയും. അവിടത്തെ പ്രവാചകരെയും വിശ്വസിക്കുക; എന്നാൽ നിങ്ങൾ വിജയം കൈവരിക്കും.” യെഹോശാഫാത്ത് ജനങ്ങളുമായി ആലോചിച്ച് അവിടത്തെ വിശുദ്ധിയുടെ പ്രതാപത്തിന് അനുഗുണമായി യഹോവയെ വാഴ്ത്തിപ്പാടാൻ ആളുകളെ നിയോഗിച്ചു. അവർ സൈന്യത്തിനുമുമ്പിൽ നടന്നുകൊണ്ട്: “യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു” എന്നു പാടി. അവർ ഈ വിധം സ്തുതിച്ചുപാടാൻ തുടങ്ങിയപ്പോൾ യെഹൂദയെ ആക്രമിക്കാൻവന്ന മോവാബ്യർക്കും അമ്മോന്യർക്കും സേയീർപർവതനിവാസികൾക്കും എതിരായി യഹോവ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരുംകൂടി സേയീർ പർവതനിവാസികൾക്കെതിരേ തിരിഞ്ഞ് അവരെ നശിപ്പിച്ച് ഉന്മൂലനംചെയ്തു. അവരെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോൾ അമ്മോന്യരും മോവാബ്യരും പരസ്പരം കൊല്ലുന്നതിനു തുടങ്ങി. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ ആ മഹാസൈന്യത്തിനുനേരേ നോക്കി. അവരെല്ലാം ശവങ്ങളായി തറയിൽക്കിടക്കുന്നതു കണ്ടു; ഒരുത്തനും രക്ഷപ്പെട്ടിരുന്നില്ല. അതിനാൽ യെഹോശാഫാത്തും അദ്ദേഹത്തിന്റെ ആളുകളും അവരെ കൊള്ളചെയ്യാൻ ചെന്നു. ധാരാളം സാധനസാമഗ്രികളും വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അവിടെ അവർ കണ്ടു. അവർക്കു കൊണ്ടുപോകാൻ കഴിയുന്നതിലും അധികമായിരുന്നു അവ. അവിടെ വളരെയധികം കൊള്ളമുതൽ ഉണ്ടായിരുന്നതിനാൽ അതു ശേഖരിക്കുന്നതിനുതന്നെ മൂന്നുദിവസം വേണ്ടിവന്നു. നാലാംദിവസം അവർ ബെരാഖാ താഴ്വരയിൽ ഒരുമിച്ചുകൂടി. അവിടെ അവർ യഹോവയെ സ്തുതിച്ചു. അതുകൊണ്ടാണ് അവിടം ഇന്നുവരെയും ബെരാഖാ എന്നപേരിൽ അറിയപ്പെടുന്നത്. തങ്ങളുടെ ശത്രുക്കളുടെമേൽ ജയഘോഷം മുഴക്കാൻ യഹോവ അവർക്കു വക നൽകിയതിനാൽ എല്ലാ യെഹൂദ്യരും ജെറുശലേംനിവാസികളും യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ ആനന്ദത്തോടെ ജെറുശലേമിലേക്കു മടങ്ങി. അവർ ജെറുശലേമിൽ പ്രവേശിച്ച് കിന്നരത്തോടും വീണയോടും കാഹളത്തോടുംകൂടി യഹോവയുടെ ആലയത്തിലേക്കു ചെന്നു. ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരേ യഹോവ ഏതുവിധം പൊരുതി എന്നറിഞ്ഞപ്പോൾ ചുറ്റുമുള്ള നാടുകളിലും സകലരാജ്യങ്ങളിലും ദൈവത്തെപ്പറ്റിയുള്ള ഭീതി പരന്നു. ദൈവം അദ്ദേഹത്തിനുചുറ്റും വിശ്രമം നൽകിയിരുന്നതിനാൽ യെഹോശാഫാത്തിന്റെ രാജ്യത്തിൽ സമാധാനം പുലർന്നു.