2 ദിന. 20:20-30

2 ദിന. 20:20-30 IRVMAL

പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവ മരുഭൂമിയിലേക്ക് പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് അവരുടെ മുമ്പിൽ നിന്നുകൊണ്ട്: “യെഹൂദ്യരേ, യെരൂശലേംനിവാസികളേ, എന്‍റെ വാക്ക് ശ്രദ്ധിപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്‍റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോട് ആലോചിച്ച ശേഷം, വിശുദ്ധമായ അലങ്കാരവസ്ത്രം ധരിച്ച് സൈന്യത്തിന് മുമ്പിൽ നടന്നുകൊണ്ട് വാഴ്ത്തുവാനും, “യഹോവയെ സ്തുതിപ്പിൻ, അവന്‍റെ ദയ എന്നേക്കും ഉള്ളതല്ലോ” എന്നു പാടുവാനും സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ, യഹോവ യെഹൂദായ്ക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോട് എതിർത്ത് അവരെ പൂർണ്ണമായി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്ത് ശവങ്ങളായി കിടക്കുന്നത് കണ്ടു; ഒരുത്തനും രക്ഷപെട്ടിരുന്നില്ല. യെഹോശാഫാത്തും അവന്‍റെ പടയാളികളും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ ധാരാളം സമ്പത്തും വസ്ത്രങ്ങളും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്ക് ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ളമുതൽ വളരെയായിരുന്നതുകൊണ്ട് അവർ മൂന്നുദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. നാലാം ദിവസം അവർ ബെരാഖാ താഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവക്കു സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേർ പറഞ്ഞുവരുന്നു. യഹോവ അവർക്ക് ശത്രുക്കളുടെമേൽ ജയഘോഷം നല്കിയതുകൊണ്ട് യെഹൂദ്യരും യെരൂശലേമ്യരും യെഹോശാഫാത്തിന്‍റെ പിന്നാലെ സന്തോഷത്തോടെ യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു; അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്ക് ചെന്നു. യഹോവ യിസ്രായേലിന്‍റെ ശത്രുക്കളോട് യുദ്ധംചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്‍റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു. ഇങ്ങനെ തന്‍റെ ദൈവം നാലു ചുറ്റും അവന് സ്വസ്ഥത നല്കിയതുകൊണ്ട് യെഹോശാഫാത്തിന്‍റെ ഭരണകാലം സമാധാനപൂർണമായിരുന്നു.