2. ദിനവൃത്താന്തം 20:20-30

2. ദിനവൃത്താന്തം 20:20-30 വേദപുസ്തകം

പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും എന്നു പറഞ്ഞു. പിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു. അവർ പാടി സ്തുതിച്ചുതുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോടു എതിർത്തു അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിന്നരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല. യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്കു ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. നാലാം ദിവസം അവർ ബെരാഖാതാഴ്‌വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്‌വര എന്നു പേർ പറഞ്ഞുവരുന്നു. യഹോവ അവർക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു; അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധം ചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു. ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.