2 ദിനവൃത്താന്തം 20

20
1അതിന്റെശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരേ യുദ്ധത്തിനു വന്നു. 2ചിലർ വന്നു യെഹോശാഫാത്തിനോട്: വലിയൊരു ജനസമൂഹം കടലിനക്കരെനിന്ന്, അരാമിൽനിന്നു നിന്റെ നേരേ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ട് എന്ന് അറിയിച്ചു. 3യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താൽപര്യപ്പെട്ട് യെഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്തു. 4യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്ന് അവർ യഹോവയെ അന്വേഷിപ്പാൻ വന്നു. 5യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദായുടെയും യെരൂശലേമിന്റെയും സഭാമധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ: 6ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകല രാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ. 7ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞ് അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ. 8അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനർഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു- നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു. 9അതിൽ തിരുനാമത്തിനുവേണ്ടി നിനക്ക് ഒരു വിശുദ്ധമന്ദിരം പണിതു. 10യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരെയും മോവാബ്യരെയും സേയീർപർവതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. 11ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്ക് ഇങ്ങനെ പ്രതിഫലം തരുന്നു. 12ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരേ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടൂ എന്ന് അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു. 13അങ്ങനെ യെഹൂദ്യരൊക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടുംകൂടെ യഹോവയുടെ സന്നിധിയിൽ നിന്നു. 14അപ്പോൾ സഭാമധ്യേ വച്ചു യഹോവയുടെ ആത്മാവ് ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെമേൽ വന്നു. 15അവൻ പറഞ്ഞത് എന്തെന്നാൽ: യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിൻറേതത്രേ. 16നാളെ അവരുടെ നേരേ ചെല്ലുവിൻ; ഇതാ, അവർ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങൾ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്റെ അറ്റത്തുവച്ചു കാണും. 17ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്ക് ആവശ്യം ഇല്ല; യെഹൂദായും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരേ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ട്. 18അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു. 19കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു. 20പിന്നെ അവർ അതികാലത്ത് എഴുന്നേറ്റ് തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യെഹോശാഫാത്ത് നിന്നുകൊണ്ട്: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരെയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർഥരാകും എന്നു പറഞ്ഞു. 21പിന്നെ അവൻ ജനത്തോട് ആലോചിച്ചിട്ട്, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിനു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവയ്ക്കു സംഗീതക്കാരെ നിയമിച്ചു. 22അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദായ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവതക്കാരുടെയും നേരേ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. 23അമ്മോന്യരും മോവാബ്യരും സേയീർപർവതനിവാസികളോട് എതിർത്ത് അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. 24യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല. 25യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്കു ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ട് അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. 26നാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവയ്ക്ക് സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേർ പറഞ്ഞുവരുന്നു. 27യഹോവ അവർക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നല്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു; 28അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു. 29യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വന്നു. 30ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.
31യെഹോശാഫാത്ത് യെഹൂദായിൽ വാണു; വാണു തുടങ്ങിയപ്പോൾ അവനു മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. 32അവൻ തന്റെ അപ്പനായ ആസായുടെ വഴിയിൽ നടന്ന് അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. 33എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല. 34യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യേഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
35അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു. 36അവൻ തർശ്ശീശിലേക്ക് ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവച്ചു കപ്പലുകളുണ്ടാക്കി. 37എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തർശ്ശീശിലേക്ക് ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിനവൃത്താന്തം 20: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

Videos for 2 ദിനവൃത്താന്തം 20