അടുത്ത ദിവസം അതിരാവിലെ അവർ തെക്കോവ മരുഭൂമിയിലേക്കു പുറപ്പെട്ടു. അപ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റു പറഞ്ഞു: “യെഹൂദാ-യെരൂശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുവിൻ, നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ വിശ്വസിക്കുക; നിങ്ങൾ സുരക്ഷിതരായിരിക്കും. അവിടുത്തെ പ്രവാചകരെയും വിശ്വസിക്കുക; നിങ്ങൾ വിജയിക്കും.” വിശുദ്ധവസ്ത്രങ്ങളണിഞ്ഞു സൈന്യത്തിന്റെ മുമ്പേ നടന്നു സർവേശ്വരനു സ്തുതിഗീതങ്ങൾ ആലപിക്കാനുള്ളവരെ ജനങ്ങളുമായി കൂടി ആലോചിച്ച് അദ്ദേഹം നിയമിച്ചു. അവർ ഇങ്ങനെ പാടി: “സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ! അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാകുന്നു.” അവർ സ്തുതിഗീതങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ യെഹൂദ്യരെ ആക്രമിക്കാൻ വന്ന അമ്മോന്യർക്കും മോവാബ്യർക്കും സേയീർപർവതനിവാസികൾക്കും എതിരെ സർവേശ്വരൻ പതിയിരിക്കുന്നവരെ ഒരുക്കി അവരെ തുരത്തി. അമ്മോന്യരും മോവാബ്യരും ചേർന്നു സേയീർപർവതനിവാസികളോടു യുദ്ധം ചെയ്തു; അവരെ നിശ്ശേഷം സംഹരിച്ചു. പിന്നീട് അമ്മോന്യരും മോവാബ്യരും അന്യോന്യം പൊരുതി നശിച്ചു. യെഹൂദ്യർ മരുഭൂമിയിലുള്ള കാവൽഗോപുരത്തിങ്കൽ എത്തി, ശത്രുസൈന്യത്തെ നോക്കിയപ്പോൾ അവരുടെ മൃതശരീരങ്ങൾ നിലത്തു കിടക്കുന്നതു കണ്ടു. ആരും അവശേഷിച്ചിരുന്നില്ല. യെഹോശാഫാത്തും കൂടെയുള്ള പടയാളികളും കൊള്ളമുതൽ കൈക്കലാക്കാൻ വന്നു. അവർ ധാരാളം ആടുമാടുകൾ, വിവിധ വസ്തുക്കൾ, വസ്ത്രങ്ങൾ, വിലപിടിപ്പുള്ള സാധനങ്ങൾ മുതലായവ കണ്ടെത്തി. ഓരോരുത്തനും എടുത്തുകൊണ്ടു പോകാവുന്നത്രയും സാധനങ്ങൾ ശേഖരിച്ചു; അവ ശേഖരിക്കുന്നതിന് അവർക്ക് മൂന്നു ദിവസം വേണ്ടിവന്നു; അത്രയധികം സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു. നാലാം ദിവസം അവർ ബെരാഖാതാഴ്‌വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ സർവേശ്വരനെ വാഴ്ത്തി. അതുകൊണ്ട് ആ സ്ഥലം ഇന്നും ബെരാഖാ താഴ്‌വര എന്ന പേരിൽ അറിയപ്പെടുന്നു. സർവേശ്വരൻ അവർക്കു ശത്രുക്കളുടെമേൽ വിജയം നല്‌കിയതുകൊണ്ട് യെഹൂദ്യാ-യെരൂശലേം നിവാസികൾ സന്തോഷഭരിതരായി യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ യെരൂശലേമിലേക്കു മടങ്ങി. വീണ, കിന്നരം, കാഹളം എന്നിവയുമായി അവർ യെരൂശലേമിൽ സർവേശ്വരാലയത്തിൽ ചെന്നു. സർവേശ്വരൻ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പോരാടി എന്നു കേട്ടപ്പോൾ ദൈവത്തെ സംബന്ധിച്ച ഭീതി ചുറ്റുമുള്ള ജനതകളുടെ ഇടയിൽ പരന്നു. യെഹോശാഫാത്തിന്റെ രാജ്യത്തിനു ചുറ്റും ദൈവം സ്വസ്ഥത നല്‌കിയതുകൊണ്ട് അദ്ദേഹത്തിന്റെ ഭരണകാലം സമാധാനപൂർണമായിരുന്നു.
2 CHRONICLE 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 CHRONICLE 20:20-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ