1 ശമൂവേൽ 18:1-16
1 ശമൂവേൽ 18:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ശൗലിനോട് സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സിനോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. ശൗൽ അന്ന് അവനെ ചേർത്തുകൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ട് അവനുമായി സഖ്യത ചെയ്തു. യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു. ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സർവജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു. അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി. പിറ്റന്നാൾ ദൈവത്തിന്റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു. അതുകൊണ്ട് ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിനു നായകനായി പെരുമാറിപ്പോന്നു. ദാവീദ് തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീർന്നു. എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദായ്ക്കും നായകനായി പെരുമാറിയതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
1 ശമൂവേൽ 18:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദ് ശൗലിനോടു സംസാരിച്ചു കഴിഞ്ഞപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ അവനെ പ്രാണനുതുല്യം സ്നേഹിച്ചു. ദാവീദിനെ അവന്റെ പിതൃഭവനത്തിലേക്കു തിരിച്ചയയ്ക്കാതെ ശൗൽ അവിടെത്തന്നെ അവനെ താമസിപ്പിച്ചു. യോനാഥാൻ ദാവീദിനെ പ്രാണനുതുല്യം സ്നേഹിച്ചതുകൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. യോനാഥാൻ തന്റെ മേലങ്കി ഊരി ദാവീദിനു നല്കി; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു. താൻ അയയ്ക്കുന്നിടത്തെല്ലാം ദാവീദു പോയി കാര്യങ്ങൾ വിജയകരമായി നിറവേറ്റിയതിനാൽ ശൗൽ അവനെ സൈന്യാധിപനായി നിയമിച്ചു. ഇതു ജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ഇഷ്ടമായി. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേൽപട്ടണങ്ങളിലെ സ്ത്രീകൾ തപ്പും മറ്റു വാദ്യങ്ങളും മുഴക്കി ആടിപ്പാടി ആഹ്ലാദപൂർവം ശൗലിനെ എതിരേറ്റു. “ശൗൽ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെയും” എന്നു സ്ത്രീകൾ വാദ്യഘോഷത്തോടുകൂടി പാടി. ഇതു ശൗലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപാവിഷ്ഠനായി. രാജാവു പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങൾ നല്കി; എനിക്ക് ആയിരങ്ങൾ മാത്രമേ നല്കിയുള്ളൂ. ഇനിയും രാജത്വം മാത്രമല്ലേ അവനു കിട്ടാനുള്ളൂ.” അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. അടുത്ത ദിവസം ദൈവം അയച്ച ദുരാത്മാവ് ശൗലിൽ പ്രവേശിച്ചു; അദ്ദേഹം കൊട്ടാരത്തിനുള്ളിൽ ഒരു ഭ്രാന്തനെപ്പോലെ അതുമിതും പറഞ്ഞുകൊണ്ടിരുന്നു. ദാവീദു പതിവുപോലെ കിന്നരമെടുത്തു വായിച്ചു. ശൗലിന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നു; ദാവീദിനെ ചുവരോടു ചേർത്തു തറയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ടു ശൗൽ കുന്തം എറിഞ്ഞു. എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി. സർവേശ്വരൻ തന്നെ ഉപേക്ഷിച്ചു ദാവീദിന്റെ കൂടെയാണെന്ന് അറിഞ്ഞപ്പോൾ ശൗൽ അവനെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹം ദാവീദിനെ തന്റെ അടുക്കൽനിന്നു മാറ്റി; അവനെ സഹസ്രാധിപനായി നിയമിച്ചു. അവൻ ജനത്തിന്റെ നേതാവായിത്തീർന്നു. സർവേശ്വരൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ഏർപ്പെട്ട കാര്യങ്ങളിലെല്ലാം വിജയിച്ചു. ദാവീദിന്റെ വിജയം ശൗലിനു കൂടുതൽ ഭയം ഉളവാക്കി. അവൻ ഇസ്രായേലിലും യെഹൂദ്യയിലുമുള്ളവരുടെ സ്നേഹപാത്രമായി. അങ്ങനെ അവൻ അവരുടെ നേതാവായിത്തീർന്നു.
1 ശമൂവേൽ 18:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദാവീദ് ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സ് ദാവീദിന്റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. ശൗല്‍ അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു. ശൗല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗല്‍ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും പ്രീതികരമായി. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗല്‍രാജാവിനെ എതിരേറ്റു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടി. ഈ ഗാനം ശൗലിന് അനിഷ്ടമായി അതുകൊണ്ട് ശൗല്‍ ഏറ്റവും കോപിച്ചു. “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്ക് ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു. അന്നുമുതൽ ദാവീദിനോട് ശൗലിനു അസൂയ തുടങ്ങി. അടുത്ത ദിവസം ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൗലിന്മേൽ വന്നു അവന്റെ നിയന്ത്രണം ഏറ്റെടുത്തു. അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു. ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗല്‍ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു. യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൗലിന്റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൗല്‍ ദാവീദിനെ ഭയപ്പെട്ടു. അതുകൊണ്ട് ശൗല്‍ അവനെ തന്റെ അടുക്കൽനിന്ന് മാറ്റി ആയിരംപേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്റെ എല്ലാ വഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി. ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗല്‍ കണ്ടപ്പോൾ, അവനെ ഭയപ്പെട്ടു. എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
1 ശമൂവേൽ 18:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ശൗലിനോടു സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. ശൗൽ അന്നു അവനെ ചേർത്തു കൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ടു അവനുമായി സഖ്യതചെയ്തു. യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു. ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൗൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു. അന്നുമുതൽ ശൗലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി. പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേർത്തു കുത്തുവാൻ വിചാരിച്ചുകൊണ്ടു ശൗൽ കുന്തം ചാട്ടി; എന്നാൽ ദാവീദ് രണ്ടുപ്രാവശ്യം അവന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൗൽ ദാവീദിനെ ഭയപ്പെട്ടു. അതുകൊണ്ടു ശൗൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു. ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ടു അവങ്കൽ ആശങ്കിതനായ്തീർന്നു. എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
1 ശമൂവേൽ 18:1-16 സമകാലിക മലയാളവിവർത്തനം (MCV)
ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. അന്നുമുതൽ ശൗൽ ദാവീദിനെ തന്റെകൂടെ ചേർത്തു; അദ്ദേഹത്തിന്റെ പിതൃഭവനത്തിലേക്കു പോകാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതിനാൽ ഇരുവരുംതമ്മിൽ ഒരു ഉടമ്പടിചെയ്തു. യോനാഥാൻ താനണിഞ്ഞിരുന്ന സ്ഥാനവസ്ത്രങ്ങൾ അഴിച്ച് പടച്ചട്ടസഹിതം ദാവീദിനെ അണിയിച്ചു. തന്റെ വാളും വില്ലും അരപ്പട്ടയും അരക്കച്ചയും ദാവീദിനു കൊടുത്തു. ശൗൽ നിയോഗിച്ചയച്ച ഇടങ്ങളിലെല്ലാം ദാവീദ് വിജയപൂർവം കാര്യങ്ങൾ നിർവഹിച്ചു. അതിനാൽ ശൗൽ അദ്ദേഹത്തെ സൈന്യത്തിന്റെ മേലധികാരിയാക്കി. ഇതു സകലജനത്തിനും ശൗലിന്റെ ഉദ്യോഗസ്ഥന്മാർക്കും സന്തോഷകരമായിരുന്നു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചതിനുശേഷം ഇസ്രായേൽസൈന്യം മടങ്ങിവരുമ്പോൾ എല്ലാ നഗരങ്ങളിൽനിന്നും വന്ന സ്ത്രീകൾ തപ്പും വീണയും മുഴക്കി, പാടിയും നൃത്തംചെയ്തുകൊണ്ടും ശൗൽരാജാവിനെ എതിരേറ്റു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും” എന്നു പാടി. ശൗൽ ഏറ്റവും കുപിതനായി. ഈ പല്ലവി അദ്ദേഹത്തിന് അനിഷ്ടമായി. അദ്ദേഹം ഉള്ളിൽ പിറുപിറുത്തു: “അവർ ദാവീദിന് പതിനായിരം കൊടുത്തു; എന്നാൽ എനിക്ക് ആയിരംമാത്രം. ഇനി രാജത്വമല്ലാതെ മറ്റെന്താണ് അവനു കിട്ടാനുള്ളത്?” ആ സമയംമുതൽ ശൗൽ ദാവീദിനെ അസൂയനിറഞ്ഞ കണ്ണുകളോടെ നോക്കിത്തുടങ്ങി. പിറ്റേദിവസം ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെമേൽ ശക്തിയോടെ വന്നു. അയാൾ തന്റെ അരമനയിൽ ഉന്മാദാവസ്ഥയിൽ പുലമ്പിക്കൊണ്ടിരുന്നു; ദാവീദോ, പതിവുപോലെ കിന്നരം വായിച്ചുകൊണ്ടുമിരുന്നു. ശൗലിന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. “ദാവീദിനെ ചുമരോടുചേർത്തു തറച്ചുകളയാം,” എന്നു വിചാരിച്ച് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടുതവണ ഒഴിഞ്ഞു മാറിക്കളഞ്ഞു. യഹോവ ദാവീദിനോടുകൂടെയിരിക്കുകയും ശൗലിനെ കൈവെടിയുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഏറ്റവും ഭയപ്പെട്ടു. അതിനാൽ അദ്ദേഹം ദാവീദിനെ തന്നിൽനിന്ന് അകറ്റി; അദ്ദേഹത്തെ ഒരു സഹസ്രാധിപനാക്കി. അങ്ങനെ സൈനികനടപടികളിൽ ദാവീദ് യുദ്ധം നയിച്ചുംവന്നു. ദാവീദ് തന്റെ വഴികളിലെല്ലാം വിജയംകൈവരിച്ചു, കാരണം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. ഇങ്ങനെ ദാവീദ് എല്ലാക്കാര്യങ്ങളിലും വിജയംകൈവരിക്കുന്നു എന്നുകണ്ടപ്പോൾ, ശൗൽ അദ്ദേഹത്തെ കൂടുതൽ ഭയപ്പെട്ടു. എന്നാൽ ദാവീദ് സമർഥമായി യുദ്ധം നയിച്ചിരുന്നതിനാൽ സകല ഇസ്രായേലും യെഹൂദയും അദ്ദേഹത്തെ സ്നേഹിച്ചു.