ദാവീദ് ശൗലിനോട് സംസാരിച്ചു തീർന്നപ്പോൾ യോനാഥാന്‍റെ മനസ്സ് ദാവീദിന്‍റെ മനസ്സിനോട് പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. ശൗല്‍ അന്ന് അവനെ അവിടെ താമസിപ്പിച്ചു; അവന്‍റെ പിതൃഭവനത്തിലേക്ക് മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കുക കൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്‍റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന് കൊടുത്തു. ശൗല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗല്‍ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്‍റെ ഭൃത്യന്മാർക്കും പ്രീതികരമായി. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗല്‍രാജാവിനെ എതിരേറ്റു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടി. ഈ ഗാനം ശൗലിന് അനിഷ്ടമായി അതുകൊണ്ട് ശൗല്‍ ഏറ്റവും കോപിച്ചു. “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്ക് ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു. അന്നുമുതൽ ദാവീദിനോട് ശൗലിനു അസൂയ തുടങ്ങി. അടുത്ത ദിവസം ദൈവത്തിന്‍റെ പക്കൽ നിന്നുള്ള ദുരാത്മാവ് ശൗലിന്മേൽ വന്നു അവന്‍റെ നിയന്ത്രണം ഏറ്റെടുത്തു. അവൻ അരമനക്കകത്ത് ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടു നടന്നു. ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്‍റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു. ദാവീദിനെ ചുവരോടുചേർത്ത് കുത്തുവാൻ വിചാരിച്ചുകൊണ്ട് ശൗല്‍ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്‍റെ മുമ്പിൽനിന്ന് രക്ഷപ്പെട്ടു. യഹോവ ദാവീദിനോടുകൂടെ ഇരിക്കുകയും ശൗലിന്‍റെകൂടെ ഇല്ലാതിരിക്കുകയും ചെയ്തതുകൊണ്ട് ശൗല്‍ ദാവീദിനെ ഭയപ്പെട്ടു. അതുകൊണ്ട് ശൗല്‍ അവനെ തന്‍റെ അടുക്കൽനിന്ന് മാറ്റി ആയിരംപേർക്ക് അധിപനാക്കി; അങ്ങനെ അവൻ ജനത്തിന് നായകനായി മാറി. യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്‍റെ എല്ലാ വഴികളിലും ദാവീദിന് അഭിവൃദ്ധി ഉണ്ടായി. ദാവീദ് ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗല്‍ കണ്ടപ്പോൾ, അവനെ ഭയപ്പെട്ടു. എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദയ്ക്കും നായകനായതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.
1 ശമു. 18 വായിക്കുക
കേൾക്കുക 1 ശമു. 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമു. 18:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ