1 SAMUELA 18:1-16

1 SAMUELA 18:1-16 MALCLBSI

ദാവീദ് ശൗലിനോടു സംസാരിച്ചു കഴിഞ്ഞപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ അവനെ പ്രാണനുതുല്യം സ്നേഹിച്ചു. ദാവീദിനെ അവന്റെ പിതൃഭവനത്തിലേക്കു തിരിച്ചയയ്‍ക്കാതെ ശൗൽ അവിടെത്തന്നെ അവനെ താമസിപ്പിച്ചു. യോനാഥാൻ ദാവീദിനെ പ്രാണനുതുല്യം സ്നേഹിച്ചതുകൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. യോനാഥാൻ തന്റെ മേലങ്കി ഊരി ദാവീദിനു നല്‌കി; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു. താൻ അയയ്‍ക്കുന്നിടത്തെല്ലാം ദാവീദു പോയി കാര്യങ്ങൾ വിജയകരമായി നിറവേറ്റിയതിനാൽ ശൗൽ അവനെ സൈന്യാധിപനായി നിയമിച്ചു. ഇതു ജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ഇഷ്ടമായി. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേൽപട്ടണങ്ങളിലെ സ്‍ത്രീകൾ തപ്പും മറ്റു വാദ്യങ്ങളും മുഴക്കി ആടിപ്പാടി ആഹ്ലാദപൂർവം ശൗലിനെ എതിരേറ്റു. “ശൗൽ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെയും” എന്നു സ്‍ത്രീകൾ വാദ്യഘോഷത്തോടുകൂടി പാടി. ഇതു ശൗലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപാവിഷ്ഠനായി. രാജാവു പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങൾ നല്‌കി; എനിക്ക് ആയിരങ്ങൾ മാത്രമേ നല്‌കിയുള്ളൂ. ഇനിയും രാജത്വം മാത്രമല്ലേ അവനു കിട്ടാനുള്ളൂ.” അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. അടുത്ത ദിവസം ദൈവം അയച്ച ദുരാത്മാവ് ശൗലിൽ പ്രവേശിച്ചു; അദ്ദേഹം കൊട്ടാരത്തിനുള്ളിൽ ഒരു ഭ്രാന്തനെപ്പോലെ അതുമിതും പറഞ്ഞുകൊണ്ടിരുന്നു. ദാവീദു പതിവുപോലെ കിന്നരമെടുത്തു വായിച്ചു. ശൗലിന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നു; ദാവീദിനെ ചുവരോടു ചേർത്തു തറയ്‍ക്കാൻ ഉദ്ദേശിച്ചുകൊണ്ടു ശൗൽ കുന്തം എറിഞ്ഞു. എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി. സർവേശ്വരൻ തന്നെ ഉപേക്ഷിച്ചു ദാവീദിന്റെ കൂടെയാണെന്ന് അറിഞ്ഞപ്പോൾ ശൗൽ അവനെ ഭയപ്പെട്ടു. അതുകൊണ്ട് അദ്ദേഹം ദാവീദിനെ തന്റെ അടുക്കൽനിന്നു മാറ്റി; അവനെ സഹസ്രാധിപനായി നിയമിച്ചു. അവൻ ജനത്തിന്റെ നേതാവായിത്തീർന്നു. സർവേശ്വരൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ഏർപ്പെട്ട കാര്യങ്ങളിലെല്ലാം വിജയിച്ചു. ദാവീദിന്റെ വിജയം ശൗലിനു കൂടുതൽ ഭയം ഉളവാക്കി. അവൻ ഇസ്രായേലിലും യെഹൂദ്യയിലുമുള്ളവരുടെ സ്നേഹപാത്രമായി. അങ്ങനെ അവൻ അവരുടെ നേതാവായിത്തീർന്നു.

1 SAMUELA 18 വായിക്കുക