1 SAMUELA 18

18
ദാവീദും യോനാഥാനും
1ദാവീദ് ശൗലിനോടു സംസാരിച്ചു കഴിഞ്ഞപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. 2യോനാഥാൻ അവനെ പ്രാണനുതുല്യം സ്നേഹിച്ചു. ദാവീദിനെ അവന്റെ പിതൃഭവനത്തിലേക്കു തിരിച്ചയയ്‍ക്കാതെ ശൗൽ അവിടെത്തന്നെ അവനെ താമസിപ്പിച്ചു. 3യോനാഥാൻ ദാവീദിനെ പ്രാണനുതുല്യം സ്നേഹിച്ചതുകൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി. 4യോനാഥാൻ തന്റെ മേലങ്കി ഊരി ദാവീദിനു നല്‌കി; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു. 5താൻ അയയ്‍ക്കുന്നിടത്തെല്ലാം ദാവീദു പോയി കാര്യങ്ങൾ വിജയകരമായി നിറവേറ്റിയതിനാൽ ശൗൽ അവനെ സൈന്യാധിപനായി നിയമിച്ചു. ഇതു ജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ഇഷ്ടമായി.
ശൗലിന്റെ അസൂയ
6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേൽപട്ടണങ്ങളിലെ സ്‍ത്രീകൾ തപ്പും മറ്റു വാദ്യങ്ങളും മുഴക്കി ആടിപ്പാടി ആഹ്ലാദപൂർവം ശൗലിനെ എതിരേറ്റു.
7“ശൗൽ ആയിരങ്ങളെ കൊന്നു,
ദാവീദോ പതിനായിരങ്ങളെയും”
എന്നു സ്‍ത്രീകൾ വാദ്യഘോഷത്തോടുകൂടി പാടി.
8ഇതു ശൗലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപാവിഷ്ഠനായി. രാജാവു പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങൾ നല്‌കി; എനിക്ക് ആയിരങ്ങൾ മാത്രമേ നല്‌കിയുള്ളൂ. ഇനിയും രാജത്വം മാത്രമല്ലേ അവനു കിട്ടാനുള്ളൂ.” 9അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി.
10അടുത്ത ദിവസം ദൈവം അയച്ച ദുരാത്മാവ് ശൗലിൽ പ്രവേശിച്ചു; അദ്ദേഹം കൊട്ടാരത്തിനുള്ളിൽ ഒരു ഭ്രാന്തനെപ്പോലെ അതുമിതും പറഞ്ഞുകൊണ്ടിരുന്നു. ദാവീദു പതിവുപോലെ കിന്നരമെടുത്തു വായിച്ചു. ശൗലിന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നു; 11ദാവീദിനെ ചുവരോടു ചേർത്തു തറയ്‍ക്കാൻ ഉദ്ദേശിച്ചുകൊണ്ടു ശൗൽ കുന്തം എറിഞ്ഞു. എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി. 12സർവേശ്വരൻ തന്നെ ഉപേക്ഷിച്ചു ദാവീദിന്റെ കൂടെയാണെന്ന് അറിഞ്ഞപ്പോൾ ശൗൽ അവനെ ഭയപ്പെട്ടു. 13അതുകൊണ്ട് അദ്ദേഹം ദാവീദിനെ തന്റെ അടുക്കൽനിന്നു മാറ്റി; അവനെ സഹസ്രാധിപനായി നിയമിച്ചു. അവൻ ജനത്തിന്റെ നേതാവായിത്തീർന്നു. 14സർവേശ്വരൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ ഏർപ്പെട്ട കാര്യങ്ങളിലെല്ലാം വിജയിച്ചു. 15ദാവീദിന്റെ വിജയം ശൗലിനു കൂടുതൽ ഭയം ഉളവാക്കി. 16അവൻ ഇസ്രായേലിലും യെഹൂദ്യയിലുമുള്ളവരുടെ സ്നേഹപാത്രമായി. അങ്ങനെ അവൻ അവരുടെ നേതാവായിത്തീർന്നു.
ദാവീദ് ശൗലിന്റെ പുത്രിയെ വിവാഹം കഴിക്കുന്നു
17ശൗൽ ദാവീദിനോടു പറഞ്ഞു: “എന്റെ മൂത്തമകൾ മേരബിനെ ഞാൻ നിനക്കു ഭാര്യയായി നല്‌കാം; നീ എനിക്കുവേണ്ടി സർവേശ്വരന്റെ യുദ്ധങ്ങൾ സുധീരം നടത്തിയാൽ മതി.” “താൻ അവനെ കൊല്ലേണ്ടാ ഫെലിസ്ത്യരുടെ കൈയാൽ അവൻ വധിക്കപ്പെടട്ടെ” എന്നു ശൗൽ വിചാരിച്ചു. 18ദാവീദ് ശൗലിനോടു ചോദിച്ചു: “അങ്ങയുടെ പുത്രിക്ക് ഭർത്താവാകാൻ തക്കവിധം ഞാൻ ആര്? ഇസ്രായേലിൽ എന്റെ പിതൃഭവനത്തിനും ചാർച്ചക്കാർക്കുമുള്ള സ്ഥാനമെന്ത്?” 19മേരബിനെ ദാവീദിനു ഭാര്യയായി നല്‌കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിനു നല്‌കി. 20ശൗലിന്റെ പുത്രിയായ മീഖൾ ദാവീദിനെ സ്നേഹിച്ചു; അതു ശൗലിന് ഇഷ്ടമായി. 21ശൗൽ ചിന്തിച്ചു. “അവളെ ഞാൻ അവനു നല്‌കും; അവൾ അവനൊരു കെണിയായിത്തീരും; ഫെലിസ്ത്യരാൽ അവൻ വധിക്കപ്പെടുകയും ചെയ്യും.” അതുകൊണ്ട് വീണ്ടും ശൗൽ ദാവീദിനോടു തന്റെ ജാമാതാവാകണം എന്നു പറഞ്ഞു. 22“രാജാവ് നിന്നിൽ സംപ്രീതനായിരിക്കുന്നു; അദ്ദേഹത്തിന്റെ സകല ഭൃത്യന്മാരും നിന്നെ സ്നേഹിക്കുന്നു; അതിനാൽ നീ രാജാവിന്റെ ജാമാതാവാകണം” എന്നു രഹസ്യമായി ദാവീദിനോടു പറയാൻ ശൗൽ തന്റെ ഭൃത്യന്മാരെ നിയോഗിച്ചു. 23ശൗലിന്റെ ഭൃത്യന്മാർ അക്കാര്യം ദാവീദിന്റെ ചെവിയിൽ എത്തിച്ചു. “ദരിദ്രനും പെരുമയില്ലാത്തവനുമായ ഞാൻ രാജാവിന്റെ ജാമാതാവാകുന്നതു നിസ്സാരകാര്യമായി നിങ്ങൾ കരുതുന്നുണ്ടോ?” ദാവീദ് അവരോടു ചോദിച്ചു. 24ദാവീദ് പറഞ്ഞ വിവരം ഭൃത്യന്മാർ ശൗലിനെ അറിയിച്ചു. 25അപ്പോൾ ശൗൽ പറഞ്ഞു: “ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മമല്ലാതെ ഒരു വിവാഹസമ്മാനവും രാജാവ് ആഗ്രഹിക്കുന്നില്ല എന്നു നിങ്ങൾ ദാവീദിനോടു പറയണം.” ഫെലിസ്ത്യരുടെ കൈയാൽ ദാവീദ് വധിക്കപ്പെടണമെന്നു ശൗൽ ആഗ്രഹിച്ചു. 26ശൗൽ പറഞ്ഞ കാര്യം ഭൃത്യന്മാർ അറിയിച്ചപ്പോൾ രാജാവിന്റെ ജാമാതാവാകുന്നതു ദാവീദിനു സന്തോഷമായി. 27നിശ്ചിതസമയത്തിനുള്ളിൽ തന്നെ ദാവീദ് തന്റെ പടയാളികളുമായി പുറപ്പെട്ടു; ഇരുനൂറു ഫെലിസ്ത്യരെ കൊന്നു; രാജാവിന്റെ മരുമകനാകാൻ അവരുടെ അഗ്രചർമം മുഴുവൻ രാജാവിനെ ഏല്പിച്ചു. ശൗൽ തന്റെ പുത്രിയായ മീഖളിനെ അവനു ഭാര്യയായി നല്‌കി. 28സർവേശ്വരൻ ദാവീദിനോടു കൂടെയുണ്ടെന്നും മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൗൽ മനസ്സിലാക്കി. 29അതിനാൽ ശൗൽ അവനെ കൂടുതൽ ഭയപ്പെട്ടു. അങ്ങനെ ദാവീദ് അവന്റെ നിത്യശത്രുവായിത്തീർന്നു;
30ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു വന്നപ്പോഴെല്ലാം ശൗലിന്റെ മറ്റ് സേനാധിപന്മാരെക്കാൾ ദാവീദ് കൂടുതൽ വിജയം നേടി; അങ്ങനെ ദാവീദു കൂടുതൽ ബഹുമാനിതനായി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 18: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക